Sorry, you need to enable JavaScript to visit this website.

ഫിലിംസ് ഡയറക്ടഡ് ബൈ വുമൺ പദ്ധതിയിൽ മൂന്ന് സിനിമകൾ

ഒരു സംശയവുമില്ല, ഫിലിംസ് ഡയറക്ടഡ് ബൈ വുമൺ പദ്ധതിയിലൂടെ മലയാള സിനിമ രംഗത്ത് കേരള ചലച്ചിത്ര വികസന കോർപറേഷൻ പുതുചരിത്രമെഴുതുകയാണ്. അതിന്റെ പ്രഖ്യാപനമാണ് ഈ പദ്ധതിയിൽ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ, ശ്രുതി ശരണ്യത്തിന്റെ 'ബി 32 മുതൽ 44 വരെ' എന്ന സിനിമ. നേരത്തെ താരാ രാമാനുജന്റെ നിഷിദ്ധോ, മിനി ഐ.ജിയുടെ ഡിവോഴ്സ് എന്നീ സിനിമകളിലൂടെ സ്ത്രീപക്ഷ സിനിമ എന്താണെന്നു മലയാളി കണ്ടപ്പോൾ, ഈ സിനിമ പറയുന്നത് ഉടലിന്റെ പച്ചയായ രാഷ്ട്രീയമാണ്. പലരും ശ്രമിച്ചിട്ടുണ്ടെങ്കിലും മലയാളത്തിൽ ഇന്നോളം ആരും പറയാത്ത രീതിയിൽ ശക്തമായ ദൃശ്യഭാഷയിലൂടെ ശ്രുതിക്കതിനു കഴിഞ്ഞിരിക്കുന്നു. സിനിമയുടെ അണിയറ ശിൽപികളിൽ ഭൂരിഭാഗവും സ്ത്രീകൾ തന്നെയാണുതാനും. 


ബി 32 മുതൽ 44 വരെ എന്ന ചിത്രത്തിന്റെ പേരു സൂചിപ്പിക്കുന്നത് മാറിടത്തിന്റെ (ബ്രസ്റ്റ്) അളവാണ്. സ്ത്രീശരീരത്തിലെ ഒരവയവത്തിന്റെ പേരിൽ പുരുഷാധിപത്യ സമൂഹം സൃഷ്ടിച്ച തടവറയിൽ നിന്ന് കുതറാനുള്ള ആറ് സ്ത്രീകളുടെ ശ്രമങ്ങളാണ് സിനിമയുടെ ഇതിവൃത്തം. അതാകട്ടെ അമിതാവേശമില്ലാതെ, തികച്ചും സിനിമാറ്റിക് ആയി ചിത്രീകരിക്കാൻ ശ്രുതിക്കായിരിക്കുന്നു. 
'സ്വന്തം ശരീരത്തിന്റെ പേരിൽ ഒരിക്കലെങ്കിലും മോശമായ കമന്റുകളോ, നോട്ടമോ, സ്പർശമോ, മാറ്റി നിർത്തലുകളോ നേരിടേണ്ടി വരാത്ത ഒരു സ്ത്രീ പോലും ഉണ്ടാവുമെന്ന് തോന്നുന്നില്ല. അത്തരത്തിൽ ശരീരത്തിന്റെ ഏറ്റക്കുറച്ചിലുകൾ വെച്ച് മാത്രം സ്ത്രീയെ അളക്കുന്ന ഒരു സമൂഹത്തിലാണ് നാം ഓരോരുത്തരും ജീവിക്കുന്നത്. അതു തന്നെയാണ് ഈ സിനിമയുടെ ആശയവും. സ്വന്തം അനുഭവങ്ങളിൽ നിന്നും പൊതുസമൂഹത്തിൽ കണ്ടും കേട്ടും മനസ്സിലാക്കിയ സമാന സംഭവങ്ങളിൽ നിന്നും ഉരുത്തിരിഞ്ഞു വന്നവരാണ് ഇതിലെ കഥാപാത്രങ്ങൾ' -ഒരഭിമുഖത്തിൽ തന്റെ സിനിമയെ കുറിച്ച് ശ്രുതി പറഞ്ഞതിങ്ങനെയാണ്. അതുകൊണ്ടു തന്നെയാണ് ഈ സിനിമയിലെ കഥാപാത്രങ്ങൾ വിടാതെ നമുക്കൊപ്പം കൂടിയിരിക്കുന്നത്. 


തീർച്ചയായും ഇത്തരമൊരു സിനിമ നിർമിച്ച ചലച്ചിത്ര വികസന കോർപറേഷനെ അഭിനന്ദിക്കാതിരിക്കാനാവില്ല. അഭിനയത്തിനൊഴികെ സിനിമയുടെ മറ്റേതൊരു മേഖലയിലും പങ്കാളിയാകാൻ ഇന്നും സ്ത്രീകൾക്ക് എളുപ്പമല്ല. പ്രബുദ്ധമെന്നൊക്കെ അവകാശപ്പെടുന്ന കേരളമാകട്ടെ അക്കാര്യത്തിൽ വളരെ പിറകിലുമാണ്. അത്തരം സാഹചര്യത്തിലാണ് കോർപറേഷൻ വനിത സംവിധായകർക്കായി ഫിലിംസ് ഡയറക്ടഡ് ബൈ വുമൺ എന്ന പദ്ധതിക്കു രൂപം കൊടുക്കുന്നത്. പദ്ധതി വൻ വിജയമാണെന്നു തന്നെയാണ് പുറത്തു വന്ന മൂന്നു സിനിമകളും നൽകുന്ന സൂചന. 


വൈവാഹിക ജീവിതത്തിന്റെ തടവറകളിൽ കുരുങ്ങിക്കിടക്കുന്ന ആറു സ്ത്രീകൾ അതിൽ നിന്നു കുതറാൻ നടത്തുന്ന ശ്രമങ്ങളായിരുന്നു മിനി ഐ.ജിയുടെ ഡിവോഴ്‌സ് എന്ന സിനിമയുടെ ഇതിവൃത്തം. ജീവിതത്തിന്റെ വിവിധ സാഹചര്യങ്ങളിൽ നിന്നു വരുന്ന ആ സ്ത്രീകൾ മുഴുവൻ സ്ത്രീകളുടെയും പ്രതിനിധികളാണ്, നമുക്കെല്ലാം അവർ സുപരിചതരുമാണ്. അപ്പോഴും നമുക്കവർ അഹങ്കാരികളുമാണ്. അതിനു മുമ്പ് പുറത്തു വന്ന താരാ രാമാനുജത്തിന്റെ നിഷിദ്ധോയും പറയുന്നത് പാർശ്വവൽക്കരിക്കപ്പെട്ടവരുടെ ജീവിതം തന്നെ. ജീവിതത്തിന് അർത്ഥം കണ്ടെത്താൻ കേരളത്തിലെത്തുന്ന ബംഗാളി യുവാവ് രുദ്രയും തമിഴ് യുവതി ചാവിയുമായുള്ള പ്രണയത്തിലൂടെയാണ്, കേരളത്തിൽ ലക്ഷക്കണക്കിനു പേരുണ്ടെങ്കിലും മലയാളിക്ക് ഇപ്പോഴും അപരിചിതരായ ഇതര സംസ്ഥാന തൊഴിലാളികളുടെ ജീവിതം താര ചിത്രീകരിച്ചത്. 
കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും ഒരു ഉത്തരവാദിത്തം കൂടി കോർപറേഷൻ ഏറ്റെടുക്കേണ്ടതുണ്ട്. അത് മറ്റൊന്നുമല്ല, കാണാൻ താൽപ്പര്യമുള്ളവർക്ക് മികച്ച സിനിമകൾ കാണാൻ അവസരമുണ്ടാക്കുക എന്നതു തന്നെ. തിയേറ്ററുടമകൾ നഷ്ടം സഹിച്ച് ഇത്തരം സിനിമകൾ പ്രദർശിപ്പിക്കണമെന്നാഗ്രഹിക്കുന്നതിൽ ഒരർത്ഥവുമില്ല. നല്ല സിനിമകൾ എന്നു ഒരു വിഭാഗം കരുതുന്ന സിനിമകൾ എല്ലവരും ഇഷ്ടപ്പെടണമെന്ന് ആഗ്രഹിക്കുന്നതും ശരിയല്ല. സിനിമയെ ഗൗരവമായി കാണുന്നതു പോലെ വിനോദമായി കാണാനും അവകാശമുണ്ടല്ലോ. മറിച്ച് ലോകത്തെവിടെയിരുന്നും താൽപര്യമുള്ളവർക്ക് ഈ സിനിമകൾ കാണാനുള്ള സംവിധാനം ഇന്നു നിലവിലുണ്ടല്ലോ. ഒ.ടി.ടിയിൽ സിനിമകൾ പ്രദർശിപ്പിക്കാനുള്ള സാഹചര്യമുണ്ടാക്കാൻ ഇപ്പോഴും സർക്കാരിനോ കോർപറേഷനോ കഴിയുന്നില്ല. സ്വന്തം ഒ.ടി.ടി തുടങ്ങുമെന്ന സർക്കാരിന്റെ ഏറെ കൈയടി നേടിയ പ്രഖ്യാപനവും ഇതുവരെ നടപ്പായിട്ടില്ല. 


സ്വന്തം സിനിമകൾ തിയേറ്ററിൽ തന്നെ കാണണമെന്ന് പ്രേക്ഷകരോട് ആവശ്യപ്പെടുന്ന സംവിധായകരെ നിരന്തരം കാണാം. ഭൂരിപക്ഷം പേരും കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കാലത്ത്, താരതമ്യേന ചെലവു കുറഞ്ഞ ഒ.ടി.ടി തെരഞ്ഞെടുക്കുന്നിതൽ യാതൊരു തെറ്റും കാണാനാവില്ല. കോർപറേഷൻ ദളിത് വിഭാഗത്തിൽ നിന്നുള്ളവരുടെ സിനിമകൾക്കും സഹായം നൽകുന്നതായി വാർത്ത കണ്ടു. തീർച്ചയായും സ്വാഗതാർഹം. ഒപ്പം സിനിമകൾ പ്രേക്ഷകരിലെത്തിക്കാനുള്ള നടപടികളും വേണമെന്നു മാത്രം. 

Latest News