ബി.ജെ.പിക്ക് വീണ്ടും വഴിയൊരുക്കുന്ന കോൺഗ്രസ്

2024 ൽ രാജ്യം മറ്റൊരു പൊതുതെരഞ്ഞെടുപ്പിനെ കൂടി അഭിമുഖീകരിക്കുന്നു. കർണാടക നിയമസഭ തെരഞ്ഞെടുപ്പും ആസന്നമായിരിക്കുന്നു. ഇന്ത്യൻ ജനാധിപത്യം വലിയ വെല്ലുവിളി നേരിടുകയാണെന്ന പൊതുബോധം രാജ്യത്തു മാത്രമല്ല നിലവിലുള്ളത്. ലോകം ഒന്നടങ്കം തന്നെ ഇന്ത്യൻ ജനാധിപത്യത്തിന്റെ ഭാവി ശ്രദ്ധയോടെ വീക്ഷിക്കുകയാണെന്നു വ്യക്തം. ബിജെ.പിക്ക് മൂന്നാമതും  ഭരണത്തുടർച്ച ലഭിക്കുകയാണെങ്കിൽ അത് ജനാധിപത്യ - മതേതരത്വത്തിന് ഏൽക്കുന്ന വൻ പ്രഹരമായിരിക്കുമെന്നതിൽ സംശയമില്ല. മറിച്ചായാൽ ഇന്ത്യയിലെ മാത്രമല്ല, ലോകത്തെമ്പാടുമുള്ള ജനാധിപത്യ വിശ്വാസികൾക്ക് വലിയ പ്രതീക്ഷയായിരിക്കും ലഭിക്കുക. എന്നാൽ കാര്യങ്ങളുടെ പോക്ക് നിരാശയിലേക്കാണെന്നാണ് സമീപകാല സംഭവങ്ങൾ നൽകുന്ന സൂചന.
ലോക്്‌സഭ തെരഞ്ഞെടുപ്പിന്റെ റിഹേഴ്‌സലായാണ് കർണാടക നിയമസഭ തെരഞ്ഞെടുപ്പിനെ ബിജെപി കാണുന്നതെന്ന് വ്യക്തം. ദക്ഷിണേന്ത്യയിൽ ബിജെപിക്ക് ഭരണമുള്ള ഏക സംസ്ഥാനം. പൊതുവിൽ പാർട്ടികൾക്ക് മാറിമാറി ഭരണമേൽപിക്കുന്നതാണ് ചരിത്രം. അതിനാൽ തന്നെ ബിജെപി ആശങ്കയിലാണ്. വിജയത്തിനായി ആദ്യകാലത്ത് ഗുജറാത്തിൽ നടപ്പാക്കി വിജയിച്ച വെറുപ്പിന്റെ രാഷ്ട്രീയം തന്നെയാണ് ഇവിടെയും പ്രയോഗിക്കുന്നത്. അതിനായി ഉപയോഗിക്കുന്നത് മുസ്‌ലിം വിരുദ്ധത തന്നെ.   ഹിജാബ് നിരോധനത്തിലൂടെ അതിന്റെ അടിത്തറ ഇട്ടിരുന്നു. ഇപ്പോഴിതാ സംസ്ഥാനത്തെ മുസ്ലിം സംവരണം പൂർണമായും എടുത്തുകളഞ്ഞിരിക്കുന്നു. ലക്ഷ്യം തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടുള്ള ധ്രുവീകരണ രാഷ്ട്രീയമല്ലാതെ മറ്റെന്ത്? കഴിഞ്ഞ ദിവസം തൃശൂരിൽ നടന്ന ഹിന്ദു ഐക്യവേദി സംസ്ഥാന സമ്മേളനം മതത്തിന്റെ പേരിലുള്ള എല്ലാ സംവരണവും എടുത്തു കളയണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. കന്നുകാലി കശാപ്പ് നിയമം നടപ്പാക്കൽ, പള്ളികളിലെ ബാങ്ക് വിളി നിയന്ത്രണം, ടിപ്പു സുൽത്താൻ വിവാദം തുടങ്ങി ഒട്ടേറെ മുസ്ലിം വിരുദ്ധ നടപടികളിലൂടെ മുസ്ലിം സമുദായത്തെ അന്യവത്കരിക്കാനും പ്രകോപിപ്പിക്കാനുമുള്ള ശ്രമങ്ങളാണ് തുടർച്ചയായി ബിജെപി നടത്തുന്നത്. ഭൂരിപക്ഷ സമദായത്തിന്റെ വോട്ടുകൾ നേടുക എന്ന ലക്ഷ്യമാണ് ഇതിന് പിന്നിലുള്ളതെന്ന് വ്യക്തം. . മുസ്ലിംകളിൽനിന്ന് എടുത്തുമാറ്റിയ നാല് ശതമാനം സംവരണം ലിംഗായത്ത്, വൊക്കലിഗ സമുദായങ്ങൾ്ക്ക നൽകി അവരുടെ വോട്ടുറപ്പിക്കുക കൂടിയാണ് ബിജെപി ചെയ്തിരിക്കുന്നത്. ഒപ്പം കർണാടകയിൽ കോൺഗ്രസ് അധികാരത്തിൽ വന്നാൽ ദക്ഷിണേന്ത്യ ഇന്ത്യയിൽ നിന്ന് വിഭജിക്കപ്പെടുമെന്ന പ്രചാരണവും തുടങ്ങിയിട്ടുണ്ട്. തങ്ങൾ അധികാരത്തിൽ വന്നാൽ മുസ്‌ലിം സംവരണം പുനഃസ്ഥാപിക്കുമെന്ന് കോൺഗ്രസ് പ്രഖ്യാപിച്ചിട്ടുണ്ട്. 
രാജ്യമെമ്പാടും പാർട്ടിയെ സജീവമാക്കിയും മറ്റു പാർട്ടികളിൽ നിന്നുള്ള നേതാക്കളെ ഭീഷണികളും പ്രലോഭനങ്ങളും വഴി ചാക്കിട്ടുപിടിച്ചും അതിനു കഴിയാത്തവരെ കേന്ദ്ര ഏജൻസികെള ഉപയോഗിച്ച് കള്ളക്കേസുകളിൽ കുടുക്കിയും നീതിപീഠത്തെ പോലും സ്വാധീനിച്ച് അനുകൂല വിധികൾ നേടിയെടുത്തും മാധ്യമങ്ങളെ കൈക്കലാക്കിയും ക്രിസ്ത്യൻ വിഭാഗങ്ങളെ കൂടെ നിർത്തി ന്യൂനപക്ഷ വിരുദ്ധരല്ല എന്നു സ്ഥാപിക്കാൻ ശ്രമിച്ചുമാണ് ബിജെപി ലോക്‌സഭ തെരഞ്ഞെടുപ്പിനെ നേരിടാൻ തയാറാകുന്നത്. 
എ.കെ ആന്റണിയുടെ മകനെന്നതിനേക്കാൾ വലിയ പ്രാധാന്യമൊന്നുമില്ലാത്ത അനിൽ ആന്റണി മുതൽ ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ കിരൺകുമാർ റെഡ്ഡി വരെയുള്ളവരുടെ സമീപ ദിവസങ്ങളിലെ കൂറുമാറ്റവും അവയുടെ ആഘോഷവുമൊന്നും കേവലം നിഷ്‌കളങ്കമല്ല എന്നു മനസ്സിലാക്കാൻ സാമാന്യ രാഷ്ട്രീയ ബോധം മാത്രം മതി. വിവിധ സംസ്ഥാനങ്ങളിൽ വിവിധ തന്ത്രങ്ങളാണ് ബിജെപി ഉപയോഗിക്കുന്നത്. വലിയ വർഗീയകലാപങ്ങൾ സൃഷ്ടിച്ച് അധികാരം നേടിയ സംസ്ഥാനങ്ങളിൽ കാര്യമായ പ്രശ്‌നങ്ങൾ ഉണ്ടാകാതിരിക്കാൻ അവർ ഏറെ ശ്രദ്ധാലുക്കളാണ്. മറിച്ച് ഇത്തവണ രാമനവമി ഘോഷയാത്രകളിൽ വ്യാപകമായ അക്രമങ്ങൾ നടന്നത് ബംഗാളിലും ബിഹാറിലുമാണ്. കാരണം വ്യക്തം.  ബംഗാളും ബിഹാറും പിടിക്കുക എന്നത് ബി.ജെ.പിയുടെ മുഖ്യ അജണ്ടയാണിന്ന്. ഇവിടങ്ങളിൽ ഇന്ത്യ വിഭജന കാലത്തെ ഹിന്ദു – മുസ്‌ലിം ശത്രുതയുടെ അവശിഷ്ടങ്ങളിൽ നിന്ന് ഇപ്പോഴും വർഗീയ സംഘർഷത്തിന്റെ കനൽ ഊതി കത്തിച്ചെടുക്കാമെന്ന് അവർ കണക്കുകൂട്ടുന്നു. പഞ്ചാബിൽ ഉണ്ടായ പോലെ ഒരു മതസൗഹാർദം ഈ സംസ്ഥാനങ്ങളിൽ ഉണ്ടാകരുതെന്ന് അവർ ആഗ്രഹിക്കുന്നു. പഞ്ചാബിലെ സമീപകാലത്തെ ഖലിസ്ഥാൻ വാദത്തിനു പിറകിൽ ആരാണെന്ന സംശയവും ശക്തിപ്പെടുന്നതിനു കാരണവും മറ്റൊന്നല്ല. പാക്കിസ്ഥാനിൽ നിന്നുള്ള ഭീകരരുടെ നുഴഞ്ഞുകയറ്റങ്ങളുടെ വാർത്തകളും  അതിർത്തികൾ അശാന്തമാകുമെന്ന മുന്നറിയിപ്പുകളും ഇതോടൊപ്പം ചേർത്തു വായിക്കാവുന്നതാണ്. 
അധികാരത്തിൽ വന്നാൽ ഒരു പുതിയ ഇന്ത്യ സൃഷ്ടിക്കാനൊന്നും പ്രതിപക്ഷത്തിനാവില്ല. എന്നാൽ ചുരുങ്ങിയ പക്ഷം ജനാധിപത്യവും മതേതരത്വവും നിലനിൽക്കാൻ  ഭരണ മാറ്റം ഉണ്ടാകണം. എന്നാൽ നിലവിലെ രാഷ്ട്രീയ ചിത്രം നൽകുന്ന സൂചന ആശാവഹമല്ല. അടിയന്തരാവസ്ഥക്കു ശേഷം നടന്ന തെരഞ്ഞെടുപ്പായിരിക്കണം പ്രതിപക്ഷത്തിന്റെ മാതൃക. എന്നാൽ അതിനുള്ള സാധ്യത ഒട്ടും തന്നെയില്ല. സാമാന്യം ശക്തിയുള്ള സംസ്ഥാനങ്ങളിൽ പോലും കോൺഗ്രസിൽ രൂക്ഷമായ പ്രശ്‌നങ്ങളാണ്. രാജസ്ഥാൻ സർക്കാരിനെതിരെ സച്ചിൻ പൈലറ്റ് പരസ്യ സമരത്തിനൊരുങ്ങുന്നു. വസുന്ധരരാജെ നേതൃത്വം നൽകിയ മുൻ ബിജെപി സർക്കാരിന്റെ അഴിമതികളിൽ അന്വേഷണം നടത്തി ശക്തമായ നടപടിയെടുക്കുമെന്ന 2018 ലെ തെരഞ്ഞെടുപ്പ് വാഗ്ദാനം അശോക് ഗെലോട്ട് പാലിച്ചില്ലെന്നാണ് സച്ചിൻ പൈലറ്റിന്റെ മുഖ്യ വിമർശനം. ശരിക്കുള്ള പ്രശ്‌നം അതൊന്നുമല്ല എന്ന് ആർക്കാണറിയാത്തത്? പൈലറ്റിനോട് നേതൃത്വം ചെയ്തത് ശരിയല്ല എന്ന പ്രശ്‌നവും നിലനിൽക്കുന്നു. കേരളത്തിലെ കാര്യങ്ങൾ പറയാതിരിക്കുകയാണ് ഭേദം. പ്രതിപക്ഷ കക്ഷികളിൽ പലതും കോൺഗ്രസുമായി ഐക്യപ്പെടാൻ തയാറായിട്ടില്ല. പല പാർട്ടികളും മൂന്നാം മുന്നണിക്കായാണ് ശ്രമിക്കുന്നത്. ഒരു ത്രികോണ മത്സരം ഏറ്റവും ആഗ്രഹിക്കുന്നത് ബിജെപിയല്ലാതെ മറ്റേതു പാർട്ടിയാണ്? മറുവശത്ത് മോഡി - അദാനി അവിഹിത ബന്ധത്തെ കേന്ദ്രീകരിച്ച് ശക്തമായി ആഞ്ഞടിക്കാൻ രാഹുൽ ശ്രമിക്കുമ്പോൾ അതിനെ അട്ടിമറിക്കാൻ സീനിയർ നേതാവ് ശരത് പവാർ തന്നെ ശ്രമിക്കുന്നതും നമ്മൾ കാണുന്നു. അഖിലേന്ത്യ തലത്തിൽ കോൺഗ്രസിന്റെ നേതൃത്വവും ഓരോ സംസ്ഥാനത്തും കൂടുതൽ ശക്തിയുള്ള പാർട്ടികളുടെ നേതൃത്വം അംഗീകരിച്ചും ഒറ്റക്കെട്ടായി നിൽക്കാൻ പ്രതിപക്ഷത്തിനാവുമോ എന്നതാണ് അവസാന ചോദ്യം.  

Latest News