Sorry, you need to enable JavaScript to visit this website.

ഹറമില്‍ ജനബാഹുല്യം; ത്വവാഫ് നിര്‍വഹിക്കാന്‍ ഒന്നാം നിലയിലും ടെറസ്സിലും കൂടുതല്‍ സൗകര്യം

മക്ക - വിശുദ്ധ റമദാന്‍ അവസാന പത്തില്‍ അനുഭവപ്പെടുന്ന  തിരക്ക് കണക്കിലെടുത്ത് ഹറമിന്റെ ഒന്നാം നിലയുടെയും ടെറസ്സിന്റെയും മുന്‍ ഭാഗങ്ങള്‍ ഉംറ കര്‍മത്തിന്റെ ഭാഗമായ ത്വവാഫ്  നിര്‍വഹിക്കുന്നവര്‍ക്കു വേണ്ടി മാത്രമായി നീക്കിവെച്ചതായി പൊതുസുരക്ഷാ വകുപ്പ് മേധാവി ജനറല്‍ മുഹമ്മദ് അല്‍ബസ്സാമി പറഞ്ഞു. വിശുദ്ധ റമദാനില്‍ മക്കയില്‍ സുരക്ഷാ വകുപ്പുകള്‍ നടപ്പാക്കുന്ന പദ്ധതികളെ കുറിച്ച് വിശദീകരിക്കാന്‍ വിളിച്ചുചേര്‍ത്ത രണ്ടാമത് പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പൊതുസുരക്ഷാ വകുപ്പ് മേധാവി. അവസാന പത്തിലെ കടുത്ത തിരക്ക് കൈകാര്യം ചെയ്യാന്‍ സുരക്ഷാ വകുപ്പുകള്‍ സുസജ്ജമാണ്. മക്കയിലെ പൊതുഗതാഗത സംവിധാനം ഇത്തവണ ഏറെ ഉയര്‍ന്ന കാര്യക്ഷമതയോടെ പ്രവര്‍ത്തിച്ചു. ഇത് റമദാനില്‍ തീര്‍ഥാടകര്‍ക്കും വിശ്വാസികള്‍ക്കും നല്‍കുന്ന സേവനങ്ങളുടെ ഗുണനിലവാരം ഉയര്‍ത്താന്‍ സഹായിച്ചു.
കാര്‍ പാര്‍ക്കിംഗുകളില്‍ നിന്നും മക്കയിലെ വിവിധ ഭാഗങ്ങളില്‍ നിന്നും ഹറമിലേക്കും തിരിച്ചും ഏര്‍പ്പെടുത്തിയ ഷട്ടില്‍ ബസ് സര്‍വീസുകളില്‍ 20 ദിവസത്തിനിടെ 3.3 കോടിയിലേറെ പേര്‍ യാത്ര ചെയ്തു. ഹറമിനടുത്ത പ്രദേശങ്ങളില്‍ ഒമ്പതു ബസ് സ്റ്റേഷനുകളും ഹറമിനടുത്ത പ്രദേശങ്ങളിലും മക്കയിലെ വിവിധ ഭാഗങ്ങളിലുമായി 12 കാര്‍ പാര്‍ക്കിംഗുകളുമുണ്ട്. ഹറമിലേക്കും തിരിച്ചുമുള്ള ഷട്ടില്‍ സര്‍വീസുകള്‍ക്ക് 2,240 ബസുകള്‍ പ്രയോജനപ്പെടുത്തുന്നു. റമദാനില്‍ ദിവസേന 20 മണിക്കൂര്‍ ഇവ സര്‍വീസ് നടത്തുന്നു. മക്കയില്‍ 17 റൂട്ടുകളില്‍ ബസ് സര്‍വീസുകളുണ്ട്. റമദാനില്‍ ആദ്യത്തെ ഇരുപതു ദിവസത്തിനിടെ 27,000 ലേറെ ബസ് സര്‍വീസുകളാണ് ഹറമിലേക്കും തിരിച്ചും നടത്തിയത്. ഇതിലൂടെ ഹറമിനടുത്ത പ്രദേശങ്ങളില്‍ ചെറിയ വാഹനങ്ങളുടെ 2,80,000 ഓളം സര്‍വീസുകള്‍ അകറ്റിനിര്‍ത്താന്‍ സാധിച്ചു.
ഹറമിനടുത്ത പ്രദേശങ്ങളില്‍ കാല്‍നടയാത്രക്കാര്‍ക്കാണ് മുന്‍ഗണന നല്‍കുന്നത്. ഡ്രൈവര്‍മാര്‍ ജാഗ്രത പാലിക്കുകയും കാല്‍നടയാത്രക്കാര്‍ക്ക് മുന്‍ഗണന നല്‍കുകയും വേണം. നിയമ ലംഘകരെ സുരക്ഷാ വകുപ്പുകള്‍ ശക്തമായി കൈകാര്യം ചെയ്യും.
ഹറമിന്റെ വടക്കു ഭാഗത്ത് മുമ്പൊരിക്കലും ദൃശ്യമാകാത്ത നിലക്കുള്ള തിരക്കാണ് ഇത്തവണ അനുഭവപ്പെടുന്നത്. ഇലക്ട്രിക് എസ്‌കലേറ്ററുകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഇത്തവണ ഒരുവിധ പ്രശ്‌നങ്ങളും നേരിട്ടിട്ടില്ല. മുന്‍ വര്‍ഷങ്ങളില്‍ ഇലക്ട്രിക് എസ്‌കലേറ്ററുകള്‍ തലവേദന സൃഷ്ടിച്ചിരുന്നു. ത്വവാഫ് കര്‍മം പൂര്‍ത്തിയാക്കുന്നവരെ മതാഫില്‍ നിന്ന് ഹറമിന്റെ അടിയിലെ നിലയിലേക്കും ഒന്നാം നിലയിലേക്കും രണ്ടാം നിലയിലേക്കും തീര്‍ഥാടകരുടെ മാറ്റം സുഗമമായി നടന്നു.

 

 

Latest News