ബംഗളൂരു- കര്‍ണാടക തെരഞ്ഞെടുപ്പ് ചൂടിലേക്കടുക്കുമ്പോള്‍ സീറ്റു നല്‍കാത്തതില്‍ അസ്വസ്ഥത പ്രകടിപ്പിച്ച് ബി.ജെ.പി എം.എല്‍.എയും മുന്‍ മുഖ്യമന്ത്രിയുമായ ജഗദീഷ് ഷെട്ടര്‍.
മറ്റുള്ളവര്‍ക്ക് വഴിമാറി കൊടുക്കണമെന്ന് പാര്‍ട്ടി ആവശ്യപ്പെട്ടെന്നും ഇത്തവണ തനിക്ക് സീറ്റില്ലെന്നും ഷെട്ടര്‍ വ്യക്തമാക്കി. കഴിഞ്ഞ ആറ് തെരഞ്ഞെടുപ്പുകളില്‍ ഇരുപത്തിയൊന്നായിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ഞാന്‍ വിജയിച്ചു. ഇതുവരെ ഒരു ആരോപണങ്ങളും തനിക്കെതിരെ ഉണ്ടായിട്ടില്ല. പിന്നെ എന്താണ് തന്റെ കുറവ്? എന്നെ മത്സരിക്കാനനുവദിക്കണം. മറിച്ചാണെങ്കില്‍ അത് പാര്‍ട്ടിക്ക് നല്ലതിനാവില്ല. സീറ്റു നല്‍കിയില്ലെങ്കില്‍ താന്‍ സ്വതന്ത്രനായി മത്സരിക്കുമെന്നും ഷെട്ടര്‍ കൂട്ടിച്ചേര്‍ത്തു.
തെരഞ്ഞെടുപ്പ് അടുത്തിട്ടും ബി.ജെ.പി സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചിട്ടില്ല. പ്രധാനമന്ത്രിയുള്‍പ്പടെയുള്ള ബി.ജെ.പി തെരഞ്ഞെടുപ്പ് കമ്മിറ്റി അന്തിമ സ്ഥാനാര്‍ഥികളെ തീരുമാനിക്കാന്‍ കഴിഞ്ഞയാഴ്ച യോഗം ചേര്‍ന്നിരുന്നു.
അതിനിടെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍നിന്ന് താന്‍ പിന്‍വാങ്ങുന്നുവെന്ന് മുതിര്‍ന്ന ബി.ജെ.പി നേതാവും മുന്‍ ഉപമുഖ്യമന്ത്രിയുമായ കെ.എസ്. ഈശ്വരപ്പ വ്യക്തമാക്കി. പാര്‍ട്ടി കഴിഞ്ഞ 40 വര്‍ഷത്തിനിടെ തനിക്ക് നിരവധി ഉത്തരവാദിത്തങ്ങള്‍ നല്‍കി. ബൂത്ത് ലെവലില്‍നിന്ന് പ്രവര്‍ത്തിച്ച് സംസ്ഥാന പാര്‍ട്ടി അധ്യക്ഷന്‍ വരെയായി. ഉപമുഖ്യമന്ത്രിയാവാനും കഴിഞ്ഞു- അദ്ദേഹം പറഞ്ഞു.






