കര്‍ഷക കുടുംബത്തില്‍നിന്നു വിവാഹം കഴിച്ചാല്‍ രണ്ട് ലക്ഷം രൂപ, വാഗ്ദാനവുമായി കുമാരസ്വാമി

ബംഗളൂരു- കര്‍ഷക കുടുംബത്തില്‍നിന്നു വിവാഹം കഴിക്കുന്ന സ്ത്രീകള്‍ക്ക് രണ്ടു ലക്ഷം രൂപ വാഗ്ദാനവുമായി കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും ജനതാദള്‍ നേതാവുമായ എച്ച്.ഡി. കുമാരസ്വാമി രംഗത്തെത്തി. കോലാറില്‍ പഞ്ചരത്‌ന റാലിയെ അഭിസംബോധന ചെയ്യുമ്പോഴായിരുന്നു കുമാരസ്വാമിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനം.
കര്‍ഷകരുടെ മക്കളായത് കൊണ്ട് വിവാഹം കഴിക്കാന്‍ പെണ്‍കുട്ടികള്‍ വിസമ്മതിക്കുന്നുവെന്ന് തനിക്ക് നിരവധി പരാതികള്‍ ലഭിച്ചു. ഇത് പരിഹരിക്കുന്നതിനായി തന്റെ സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ പെണ്‍കുട്ടികള്‍ക്ക് രണ്ട് ലക്ഷം രൂപ അനുവദിക്കുമെന്നും കുമാരസ്വാമി വ്യക്തമാക്കി. ആണ്‍കുട്ടികളുടെ ആത്മാഭിമാനത്തെ സംരക്ഷിക്കുന്നതിനാണ് സര്‍ക്കാര്‍ ഇത്തരമൊരു കൈത്താങ്ങ് നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മേയ് പത്തിനാണ് കര്‍ണാടക നിയമസഭയിലേക്ക് തെരഞ്ഞെടുപ്പ്. 13നു ഫലപ്രഖ്യാപനം. 224 അംഗ നിയമസഭയിലേക്ക് 123 സീറ്റിലെങ്കിലും വിജയിക്കുകയെന്നതാണ് ജനതാദളിന്റെ ലക്ഷ്യം. 93 സ്ഥാനാര്‍ഥികളെയാണ് ഇതുവരെ ജനതാദള്‍ പ്രഖ്യാപിച്ചത്.

 

Latest News