കൊച്ചിയില്‍ വീണ്ടും മയക്ക്മരുന്ന് വേട്ട

കൊച്ചി- നോര്‍ത്ത് റെയില്‍വേ സ്റ്റേഷന്‍ സമീപത്തുള്ള ഒരു ഹോട്ടലില്‍ നിന്നും രാസ ലഹരിയുമായി യുവാക്കള്‍ പിടിയില്‍. കാസര്‍ക്കോട് സ്വദേശി നവാസ് (30), കണ്ണൂര്‍ സ്വദേശി  ജിതേഷ് (26) എന്നിവരാണ് പിടിയിലായത്.  

ഇവരില്‍ നിന്നും 13 ഗ്രാം എം. ഡി. എം. എ പിടിച്ചെടുത്തു. ബാംഗ്ലൂരില്‍ നിന്ന്  കേരളത്തിലേക്ക് മയക്കു മരുന്ന് എത്തിച്ചു വില്‍പ്പന നടത്തുന്ന സംഘത്തില്‍  പെട്ടവരാണിവര്‍. ബസ്സില്‍ നവാസ് എം. ഡി. എം. എ കൊച്ചിയിലെത്തിക്കുമ്പോള്‍ അത് ചെറിയ അളവിലാക്കി വില്‍ക്കാന്‍ സഹായിക്കുകയാണ് ജിതേഷ്. 

കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ സേതുരാമന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രതിയായ ഇവര്‍ ആഴ്ചകളായി പോലീസിന്റെ നിരീക്ഷണത്തില്‍ ആയിരുന്നു. കൊച്ചി സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ ശശിധരന്‍, നാര്‍ക്കോട്ടിക്ക് അസിസ്റ്റന്റ് കമ്മീഷണര്‍ അബ്ദുല്‍ സലാം എന്നിവരുടെ നേതൃത്വത്തില്‍ നോര്‍ത്ത് പോലീസും യോദ്ധാവ് സ്‌ക്വാഡും സൈബര്‍ സെല്ലിന്റെയും സഹായത്തോടെ സംയുക്തമായി നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്.

Latest News