Sorry, you need to enable JavaScript to visit this website.

ശറഫിയ മലയാളി കൂട്ടായ്മ ജനകീയ ഇഫ്താർ അവിസ്മരണീയമായി

ജിദ്ദ ശറഫിയയിൽ മലയാളി കൂട്ടായ്മ സംഘടിപ്പിച്ച ജനകീയ ഇഫ്താർ  

ജിദ്ദ- പതിവു ഇഫ്താറുകളിൽനിന്ന് വേറിട്ടതായി ശറഫിയ മലയാളി കൂട്ടായ്മ ഒരുക്കിയ ജനകീയ ഇഫ്താർ. സംഘാടകരുടെ കഠിനാധ്വാനത്താലും ജനപങ്കാളിത്തത്താലും ശ്രദ്ധേയമായിരുന്നു രണ്ടായിരത്തിലേറെ പേർ പങ്കെടുത്ത ഇഫ്താർ. സംഘടനകൾ നടത്തുന്ന ഇഫ്താറുകളിൽ പങ്കെടുക്കുന്നവരിൽ അധികവും പതിവു മുഖങ്ങളാണെങ്കിൽ ജനകീയ ഇഫ്താറിനെത്തിയവരിൽ അധികപേരും പുതുമുഖങ്ങളായിരുന്നു. ശറഫിയയുടെ പരിസരത്തും പ്രാന്തപ്രദേശങ്ങളിലുമുള്ളവർ ശറഫിയയുടെ ഹൃദയഭാഗത്തെ തെരുവോരത്ത് ആരാലും പ്രത്യേകമായി ക്ഷണിക്കപ്പെടാതെ ഇഫ്താറിൽ ഭാഗഭാക്കാവുകയായിരുന്നു. രാഷ്ട്രീയ, സംഘടനാ വൈജാത്യമില്ലാതെ എല്ലാവരും ആവേശത്തോടെ ഒത്തുകൂടിയപ്പോൾ ഇഫ്താർ സംഗമം അവിസ്മരണീയമായി. രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക, മാധ്യമ, വ്യാപാര രംഗത്തെ പ്രമുഖരും ജനകീയ ഇഫ്താറിൽ പങ്കാളികളായി. കോവിഡാനന്തരം  ശറഫിയ മലയാളി സമൂഹം വീണ്ടും തങ്ങളുടെ കരുത്തും സഹകരണവും തെളിയിച്ചു. ശറഫിയയിലെ ബിസിനസുകാരും കടകളിലെ ജീവനക്കാരും സാമൂഹ്യ പ്രവർത്തകരും ചേർന്നാണ് അതിവിപുലമായ ഇഫ്താർ ഒരുക്കിയത്. നോമ്പു തുറക്കാനുള്ള വിഭവങ്ങൾക്കു പുറമെ പാക്കറ്റ് ബീഫ് ബിരിയാണിയാണ് ഓരോരുത്തർക്കും അവരുടെ സീറ്റുകളിൽ വിതരണം ചെയ്തത്. ബിരിയാണിക്കായി പ്രത്യേകം ഉരുവിനെ വാങ്ങി അറുക്കുകയായിരുന്നു. നിരവധി വളണ്ടിയർമാരുടെ സഹകരണത്തോടെ നോമ്പു തുറക്കുന്ന സമയത്തിനു മുൻപേ എല്ലാവർക്കും ഭക്ഷണം ലഭ്യമാകും വിധത്തിലുള്ള വിതരണ സംവിധാനം ഒരുക്കാൻ സംഘാടകർക്കായി. എല്ലാ നിലക്കും കുറ്റമറ്റ രീതിയിൽ ശറഫിയ കൂട്ടായ്മക്ക് ഒരിക്കൽ കൂടി ഇഫ്താർ സംഗമമൊരുക്കാനായി.
ബേബി നീലാംബ്ര, മുജീബ് റീഗൾ, കെ.വി.സി ഗഫൂർ, ഷമീം കോട്ടുകര, സൈഫുദീൻ വാഴയിൽ, യാസർ അറഫാത്, മുസ്തഫ അക്ബർ, അഷ്‌റഫ് ബയ്യ, ബിജു ആക്കോട്, സിയാദ് തങ്ങൾ, കുഞ്ഞിമുഹമ്മദ് കൊടശ്ശേരി,  ഫാസിൽ, റംഷി, പ്രസാദ്, ചെറി മഞ്ചേരി, അൻവർ വണ്ടൂർ, ഉനൈസ്, മുസ്താഖ്, കോയ മുന്നിയൂർ, കുട്ടൻ കൊടിയത്തൂർ, ഇസ്മയിൽ കൂരിപ്പൊയിൽ തുടങ്ങിയവർ ജനകീയ ഇഫ്താറിന് നേതൃത്വം വഹിച്ചു. 

 

Latest News