Sorry, you need to enable JavaScript to visit this website.

പോലീസിന്റെ കളിയോ...ആദ്യ എഫ്.ഐ.ആറില്‍ ജോസ് കെ. മാണിയുടെ മകന്റെ പേരില്ല

കോട്ടയം- രണ്ടുപേര്‍ മരിച്ച അപകടത്തില്‍ കേരള കോണ്‍ഗ്രസ് നേതാവ് ജോസ് കെ. മാണിയുടെ മകനെ രക്ഷപ്പെടുത്താന്‍ പോലീസ് ശ്രമം. ആദ്യം പോലീസ് തയാറാക്കിയ പ്രഥമ വിവര റിപ്പോര്‍ട്ടില്‍ (എഫ്.ഐ.ആര്‍) ജോസിന്റെ മകന്‍ കെ.എം മാണിയുടെ പേരില്ല. 45 വയസുള്ള ആള്‍ എന്നാണ് എഫ്.ഐആറില്‍ പോലീസ് രേഖപ്പെടുത്തിയിട്ടുള്ളത്. ജോസ് കെ. മാണിയുടെ മകന്റെ രക്ത പരിശോധനയും പോലീസ് നടത്തിയിട്ടില്ല എന്ന പരാതി ഉയര്‍ന്നിട്ടുണ്ട്.
കേസിന്റെ പ്രാഥമിക ഘട്ടത്തില്‍തന്നെ പോലീസിന്റെ ഭാഗത്തുനിന്ന് വീഴ്ചകളുണ്ടായി എന്നാണ് പുറത്തുവരുന്ന വിവരം. മൂവാറ്റുപുഴ-പുനലൂര്‍ റോഡില്‍ ശനിയാഴ്ച വൈകീട്ട് ആറോടെയാണ് അപകടമുണ്ടായത്. എന്നാല്‍ ഞായറാഴ്ച വൈകിട്ടോടെയാണ് കെ.എം മാണിയെ പോലീസ് സ്‌റ്റേഷനിലേക്ക് വിളിച്ചുവരുത്തുന്നത്. പിന്നീട് അറസ്റ്റ് രേഖപ്പെടുത്തുകയും സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിടുകയും ചെയ്തു. അപകടത്തിനുശേഷം കെ.എം മാണിയുടെ രക്തസാമ്പില്‍ ശേഖരിച്ചിട്ടില്ല എന്ന ഗുരുതര ആരോപണമാണ് ഉയരുന്നത്. കേസിന്റെ പ്രാഥമിക ഘട്ടത്തില്‍ പോലീസ് കണ്ടെത്തുന്ന കാര്യങ്ങള്‍ ഏറ്റവും വിലപ്പെട്ടതാണെന്നിരിക്കെയാണ് ഇക്കാര്യത്തില്‍ മറ്റ് ഇടപെടലുകള്‍ ഉണ്ടായിട്ടുണ്ടോ എന്ന സംശയം ഉയരുന്നത്.
അപകട സ്ഥലത്ത് പോലീസ് എത്തുമ്പോള്‍ ജോസ് കെ മാണിയുടെ മകന്‍ സ്ഥലത്തുണ്ടായിരുന്നു. എന്നാല്‍, 45 വയസ് കഴിഞ്ഞ ഒരാളാണ് വാഹനം ഓടിച്ചിരുന്നത് എന്നാണ് പോലീസ് ആദ്യം തയ്യാറാക്കിയ എഫ്.ഐ.ആറില്‍ പറയുന്നത്. മറ്റുള്ളവരുടെ ജീവന് ഭീഷണിയാകുംവിധം അലക്ഷ്യമായി വാഹനമോടിച്ചു എന്നതടക്കമുള്ള കുറ്റങ്ങളാണ് കേസില്‍ ചുമത്തിയിട്ടുള്ളത്.

 

Latest News