Sorry, you need to enable JavaScript to visit this website.

റിയാസും പാര്‍ട്ടിയും വിചാരധാര കെട്ടിപ്പിടിച്ചു നടക്കട്ടെ, വിചാരധാരയെ തള്ളിപ്പറഞ്ഞ് എം.ടി.രമേശ്

തൃശൂര്‍- വിചാരധാരയിലെ പരാമര്‍ശങ്ങള്‍ എല്ലാ കാലത്തേക്കുമുള്ളതല്ലെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശ്. നാല്‍പ്പതുകളിലും അന്‍പതുകളിലും ഗോള്‍വാള്‍ക്കര്‍ നടത്തിയ പ്രസംഗങ്ങളുടെ ക്രോഡീകരണമായ വിചാരധാരയില്‍ ആ കാലഘട്ടത്തില്‍ പ്രസക്തമായ കാര്യങ്ങളാണ് ഉള്ളതെന്ന് അദ്ദേഹം പറഞ്ഞു. െ്രെകസ്തവ സമുദായത്തെ ആകര്‍ഷിക്കാനുള്ള ബിജെപി നീക്കത്തെ വിചാരധാരയിലെ പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടി മന്ത്രി മുഹമ്മദ് റിയാസ് വിമര്‍ശിച്ചതു ചൂണ്ടിക്കാട്ടിയപ്പോഴാണ് എംടി രമേശ് വിചാരധാരയെ തള്ളിപ്പറഞ്ഞത്.
വിചാരധാര ആരും എഴുതിയ പുസ്തകമല്ല. ഗുരുജി ഗോള്‍വാള്‍ക്കര്‍ നാല്‍പ്പതുകളിലും അന്‍പതുകളിലും പല സന്ദര്‍ഭങ്ങളില്‍, പല വിഷയങ്ങളെക്കുറിച്ചു നടത്തിയ പ്രസംഗങ്ങളുടെ ക്രോഡീകരണമാണ് അത്. അത് ആ കാലഘട്ടത്തില്‍ പ്രസക്തമായ കാര്യമാണ്. എല്ലാ കാലഘട്ടങ്ങളിലേക്കും എല്ലാ കാര്യങ്ങളും പ്രസക്തമാവില്ലല്ലോ.
ശ്രീനാരായണഗുരുവിനെക്കുറിച്ച് ഇഎംഎസ് പറഞ്ഞ കാര്യങ്ങളില്‍ സിപിഎം ഇപ്പോഴും ഉറച്ചുനില്‍ക്കുന്നുണ്ടോ? മന്നത്തു പദ്മനാഭനെക്കുറിച്ച് സിപിഎം പറഞ്ഞ അഭിപ്രായത്തോട് ഇപ്പോഴും അവര്‍ക്കു യോജിപ്പുണ്ടോ? വിമോചന സമരത്തിന്റെ സമയത്ത് ക്രിസ്ത്യന്‍ നേതൃത്വത്തെക്കുറിച്ച് സിപിഎമ്മിന്റെ അഭിപ്രായം എന്തായിരുന്നു? ഇതെല്ലാം ഓരോ കാലഘട്ടത്തിലെ അഭിപ്രായങ്ങളാണ്. ഞങ്ങള്‍ അതൊന്നും പൊക്കിപ്പിടിച്ചു നടക്കാറില്ല.
ബിജെപി പാര്‍ട്ടി നിലപാടുകള്‍ക്കനുസരിച്ചാണ് മുന്നോട്ടുപോവുന്നത്. എല്ലാവരെയും ഒരുമിച്ചു ചേര്‍ക്കുക എന്നതാണ് നരേന്ദ്ര മോഡിയുടെ നിലപാട്. ക്രിസ്ത്യന്‍ ഭൂരിപക്ഷ പ്രദേശങ്ങളില്‍ ബിജെപി ജയിക്കുന്നത് അതുകൊണ്ടാണ്. അവര്‍ക്കില്ലാത്ത ആശങ്കയാണ് മന്ത്രി റിയാസ് പ്രകടിപ്പിക്കുന്നതെന്ന് എം.ടി രമേശ് പറഞ്ഞു.
മുഹമ്മദ് റിയാസും പാര്‍ട്ടിയും വിചാരധാരയും കെട്ടിപ്പിടിച്ചു നടക്കട്ടെ, ബിജെപി ജനങ്ങളുടെ ജീവല്‍പ്രശ്‌നങ്ങള്‍ ഉയര്‍ത്തിയാണ് വീടുകളിലേക്കു പോവുന്നത്. ജനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ചാണ് അവരോടു പറയുന്നത്. അവര്‍ തിരിച്ച് എങ്ങനെ പ്രതികരിക്കണം എന്ന് റിയാസ് അല്ല തീരുമാനിക്കേണ്ടത്.
ബിജെപി സഭാധ്യക്ഷന്മാരെ കാണുന്നത് സിപിഎമ്മിനെയും കോണ്‍ഗ്രസിനെയും പരിഭ്രാന്തിയില്‍ ആക്കിയിരിക്കുകയാണ്. വോട്ടു ബാങ്കു മാത്രമായി ക്രിസ്ത്യന്‍ വിഭാഗത്തെ കണ്ടിരുന്ന അവര്‍ക്ക് വോട്ടു ചോര്‍ച്ച വരുമോ എന്ന ഭീതിയാണെന്നും രമേശ് പറഞ്ഞു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News