VIDEO അമേരിക്കയില്‍ ഫജര്‍ നമസ്‌കാരത്തിനിടെ ഇമാമിന് കുത്തേറ്റു

ന്യൂജേഴ്‌സി- അമേരിക്കയിലെ ന്യൂജേഴ്‌സിയില്‍ ഫജര്‍ നമസ്‌കാരത്തിനിടെ ഇമാമിനു കുത്തേറ്റു. സൗത്ത് പാറ്റേഴ്‌സണിലെ ഉമര്‍ മസ്ജിദില്‍ ഇരുന്നൂറോളം പേര്‍ നമസ്‌കാരം നിര്‍വഹിക്കുന്നതിനിടെയാണ് സംഭവം. ഇമാം സയ്യിദ് അല്‍നകിബിനാണ് പല തവണ കുത്തേറ്റത്.  അപകടനില തരണം ചെയ്തതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു. രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ പിടികൂടി പോലീസില്‍ ഏല്‍പിച്ചിട്ടുണ്ട്. ഇയാളും നമസ്‌കാരം നിര്‍വഹിക്കുകയായിരുന്നു. അതിനിടയിലാണ് ആളുകള്‍ സുജൂദില്‍ പോയപ്പോള്‍ ഇമാമിനെ ആക്രമിച്ചത്.
ആക്രമണത്തിന് പിന്നിലെ കാരണം വ്യക്തമായിട്ടില്ല. ഇമാമിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ചികിത്സയിലാണെന്നും മേയര്‍ ആന്ദ്രെ സയേഗ് സ്ഥിരീകരിച്ചു.
സംഭവം ഒറ്റപ്പെട്ടതാണെന്നും പള്ളി സുരക്ഷിതമാണെന്നും മസ്ജിദ് വക്താവ് പ്രസ്താവനയില്‍ അറിയിച്ചു. മുന്‍കരുതല്‍ നടപടിയായി പ്രദേശത്തെ പള്ളികളില്‍ പോലീസ് സാന്നിധ്യം വര്‍ദ്ധിപ്പിക്കുമെന്ന് പാറ്റേഴ്‌സണ്‍ അധികൃതര്‍ അറിയിച്ചു.
ഇമാമിനെ ആക്രമിക്കാന്‍  പ്രേരിപ്പിച്ചത് എന്താണെന്ന് വ്യക്തമല്ലെങ്കിലും വിശുദ്ധ സ്ഥലത്ത്  ഏതെങ്കിലും തരത്തിലുള്ള അക്രമത്തിന് ന്യായീകരണമില്ലെന്ന് സംഭവത്തില്‍ ദുഃഖം രേഖപ്പെടുത്തി കൗണ്‍സിലര്‍  അബ്ദുല്‍ അസീസ് ഫേസ്ബുക്ക് അക്കൗണ്ടില്‍  കുറിച്ചു. പരസ്പരം പിന്തുണയ്ക്കാനും എല്ലാത്തരം വിദ്വേഷത്തെയും അക്രമത്തെയും അപലപിക്കാനും നാം ഒന്നിക്കേണ്ടത് പ്രധാനമാണെന്ന് അദ്ദേഹം പറഞ്ഞു.  
യുഎസില്‍ മുസ്‌ലിം ജനസംഖ്യ ഏറ്റവും കൂടുതലുള്ളത് ന്യൂജേഴ്‌സി സ്റ്റേറ്റിലാണ്. നിരവധി മസ്ജിദുകളുടെയും ഇസ്ലാമിക കേന്ദ്രങ്ങളുടെയും ആസ്ഥാനമാണ് ന്യൂജേഴ്‌സി.

 

Latest News