ഗൂഡല്ലൂര്‍-പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ സന്ദര്‍ശനം നീലഗിരി മുതുമല കടുവാസങ്കേതത്തിലെ തെപ്പക്കാട് ആനവളര്‍ത്തുകേന്ദ്രത്തില്‍ കുട്ടിക്കൊമ്പന്‍ രഘുവിനെ പരിചരിക്കുന്ന ബൊമ്മന്‍-ബെള്ളി ദമ്പതികള്‍ക്കു ജീവിതത്തിലെ അവിസ്മരണീയ അനുഭവമായി. പ്രധാനമന്ത്രിക്കു അരികെ നില്‍ക്കാനും സംസാരിക്കാനും കഴിഞ്ഞതിന്റെ ഉള്‍പുളകത്തിലാണ് ദമ്പതികള്‍. ഓസ്‌കര്‍ പുരസ്‌കാരം നേടിയ ദി എലിഫെന്റ് വിസ്പറേഴ്‌സ് എന്ന ഹ്വസ്വ ചിത്രത്തിലെ 'അഭിനേതാക്കളാണ്' ആറു വയസുകാരന്‍ രഘുവും ഇവനെ മുന്നു മാസം പ്രായമുള്ളപ്പോള്‍ മുതല്‍ പരിപാലിക്കുന്ന ആദിവാസി ദമ്പതികളും. ഇവരെ കാണുകയും പ്രധാനമന്ത്രിയുടെ തെപ്പക്കാട് സന്ദര്‍ശനത്തിന്റെ ലക്ഷ്യമായിരുന്നു.ഊട്ടി സ്വദേശി കാര്‍ത്തികി ഗോണ്‍ സാല്‍വസും ഗുനീത് മോംഗയും ചേര്‍ന്നു തയാറാക്കിയതാണ് ദി എലിഫെന്റ് വിസ്പറേഴ്‌സ്.
രാവിലെ 11 ഓടെയാണ് പ്രധാനമന്ത്രി തെപ്പക്കാട് ആനപ്പന്തിയിലെത്തിയത്. കരിമ്പ് നല്‍കുന്നതിനിടെ അദ്ദേഹം കുട്ടിയാന രഘുവിനെയും മറ്റ് ആനകളെയും തലോടി. ബൊമ്മനോടും ബെള്ളിയോടും കുശലം പറഞ്ഞു. ബൈനോക്കുലര്‍ ഉപയോഗിച്ച് വനം നിരീക്ഷിച്ചു. 45 മിനുട്ട് തെപ്പക്കാടില്‍ ചെലവഴിച്ച പ്രധാനമന്ത്രി ഉച്ചയ്ക്ക് പന്ത്രണ്ടിന് മസിനഗുഡി മായാറില്‍നിന്നാണ് ഹെലികോപ്ടറില്‍ മൈസൂരുവിലേക്കു പുറപ്പെട്ടത്. മായാറില്‍ താത്കാലിക ഹെലിപാഡ് സജ്ജമാക്കിയിരുന്നു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
രാവിലെ മൈസൂരുവില്‍നിന്നു വ്യോമസേനയുടെ എം.ഐ 17 ഹെലികോപ്ടറില്‍ കമ്മനഹള്ളിയില്‍ എത്തിയ പ്രധാനമന്ത്രി ബന്ദിപ്പുര കടുവാസങ്കേതം ആസ്ഥാനത്ത് സേവ് ടൈഗര്‍ പ്രൊജക്ടിന്റെ സുവര്‍ണ ജൂബിലി ആഘോഷത്തില്‍ പങ്കെടുത്തു. തുറന്ന വാഹനത്തില്‍ ബന്ദിപ്പൂര വനം ചുറ്റിക്കണ്ടു. തുടര്‍ന്ന് കാര്‍മാര്‍ഗമാണ് തെപ്പക്കാടിലെത്തിയത്. ഇവിടെ 'ജയ്' വിളിക്കുന്ന ബി.ജെ.പി പ്രവര്‍ത്തകരെ കണ്ട അദ്ദേഹം കാറില്‍നിന്നു ഇറങ്ങി റോഡിലൂടെ നടന്നു. കൈകള്‍ വീശി പാര്‍ട്ടി പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്തു.
പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍ അതീവ സുരക്ഷയിലായിരുന്നു മുതുമലയും പരിസര പ്രദേശങ്ങളും. രണ്ടായിരത്തോളം പോലീസുകാരെയാണ് സുരക്ഷയ്ക്കായി നിയോഗിച്ചത്. ഐ.ജി സുധാകറിന്റെ നേതൃത്വത്തിലായിരുന്നു സുരക്ഷാക്രമീകരണം. ഗൂഡല്ലൂര്‍-മൈസൂരു റോഡില്‍ രണ്ട് ദിവസം പൊതുഗതാഗതം നിരോധിച്ചിരുന്നു. ഗൂഡല്ലൂര്‍ നഗരത്തില്‍ ഇന്നലെ രാവിലെ മുതല്‍ പ്രധാനമന്ത്രി തെപ്പക്കാടില്‍നിന്നു മടങ്ങുന്നതുവരെ വന്‍ ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്. യാത്രക്കാര്‍ മണിക്കൂറുകളോളം വലഞ്ഞു.