ദുബായില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ  ഇന്ത്യക്കാരന് 11 കോടി നഷ്ടപരിഹാരം 

ദുബായ്- ദുബായില്‍ 2019ലുണ്ടായ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇന്ത്യക്കാരന് പതിനൊന്ന് കോടി രൂപ നഷ്ടപരിഹാരം നല്‍കും. മുഹമ്മദ് ബെയ്ഗ് മിര്‍സ എന്ന യുവാവിനാണ് നഷ്ടപരിഹാരം ലഭിക്കുക. അപകടത്തില്‍ പന്ത്രണ്ട് ഇന്ത്യക്കാരുള്‍പ്പടെ പതിനേഴ് പേര്‍ മരിച്ചിരുന്നു.അപകട സമയത്ത് ഇരുപത് വയസ് മാത്രമായിരുന്നു എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥിയായ മുഹമ്മദിന്റെ പ്രായം. മുപ്പത്തിയൊന്ന് യാത്രക്കാരുമായി ഒമാനില്‍ നിന്ന് യു എ ഇയിലേക്ക് പോകുകയായിരുന്ന ബസാണ് ദുബായില്‍ വച്ച് അപകടത്തില്‍പ്പെട്ടത്. പന്ത്രണ്ട് ഇന്ത്യക്കാരടക്കം പതിനേഴ് പേര്‍ മരിച്ചു.
മെട്രോ സ്റ്റേഷന്‍ പാര്‍ക്കിംഗിന്റെ എന്‍ട്രി പോയിന്റില്‍ വച്ചുണ്ടായ അപകടത്തില്‍ ബസിന്റെ ഇടത് ഭാഗം പൂര്‍ണമായും തകര്‍ന്നു. സംഭവത്തില്‍ ഒമാന്‍ സ്വദേശിയായ ഡ്രൈവര്‍ക്ക് ഏഴ് വര്‍ഷം തടവും 3.4 മില്യണ്‍ ദിര്‍ഹം ഇരകളുടെ കുടുംബങ്ങള്‍ക്കും കൊടുക്കാന്‍ കോടതി ഉത്തരവിട്ടു.
ബന്ധുക്കള്‍ക്കൊപ്പം അവധിക്കാലം ചിലവഴിച്ച് മസ്‌കത്തില്‍ നിന്ന് മടങ്ങുന്നതിനിടെയാണ് മുഹമ്മദ് അപകടത്തില്‍പ്പെട്ടത്. രണ്ടാഴ്ചയോളം മുഹമ്മദ് അബോധാവസ്ഥയിലായിരുന്നു.രണ്ട് മാസത്തിലേറെ ദുബായിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞു. നിലവില്‍ ഒരു പുനരധിവാസ കേന്ദ്രത്തില്‍ ചികിത്സയില്‍ കഴിയുകയാണ്.
മെക്കാനിക്കല്‍ എഞ്ചിനിയറിംഗ് ഡിപ്ലോമയില്‍ അവസാന സെമസ്റ്റര്‍ പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വേളയിലായിരുന്നു അപകടം. പഠനം പൂര്‍ത്തിയാക്കാനും സാധിച്ചില്ല. അപകടത്തില്‍ മുഹമ്മദിന് മസ്തിഷ്‌ക ക്ഷതം സംഭവിച്ചു. സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരാനുള്ള സാദ്ധ്യത കുറവാണെന്ന് ഡോക്ടര്‍മാര്‍ പ്രതികരിച്ചു. കൂടാതെ തലയോട്ടി,ശ്വാസകോശം, കൈകള്‍, കാലുകള്‍ എന്നിവയ്ക്കും പരിക്കേറ്റു.
യുവാവിന്റെ തലച്ചോറിന്റെ അന്‍പത് ശതമാനം ക്ഷതം സംഭവിച്ചുവെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ യുഎഇ സുപ്രീം കോടതി ഇന്‍ഷുറന്‍സ് കമ്പനിയോട് നഷ്ടപരിഹാരം നല്‍കാന്‍ നിര്‍ദേശിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍.
 

Latest News