മെയ്ഡ് ഇന്‍ കാരവന്‍ റിലീസ് ഏപ്രില്‍ 14ന്‌

കൊച്ചി- ബാദുഷ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എന്‍. എം. ബാദുഷയും മഞ്ജു ബാദുഷയും നിര്‍മിച്ച് ജോമി കുര്യാക്കോസ് രചനയും സംവിധാനവും നിര്‍വഹിച്ച മെയ്ഡ് ഇന്‍ കാരവന്‍ ഏപ്രില്‍ 14ന് തിയേറ്ററുകളില്‍ റിലീസ് ചെയ്യുമെന്ന് അണിയറ പ്രവര്‍ത്തകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 

അബൂദാബിയിലും ദുബൈയിലുമായി ചിത്രീകരിച്ച സിനിമ കോവിഡിന്റെ ബുദ്ധിമുട്ടുകളുള്ള കാലത്തില്‍ ഏറെ പ്രയാസപ്പെട്ടാണ് ചിത്രീകരിച്ചതെന്ന് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു. കോവിഡ് പ്രോ്‌ട്ടോകോള്‍ പാലിച്ച് വളരെ ചെറിയ ക്രൂ മാത്രം ഉപയോഗിച്ച് ചിത്രീകരിക്കാനാണ് ദുബൈയില്‍ സിനിമാ ചിത്രീകരണത്തിന് അനുമതി ലഭിച്ചതെന്നും അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു. 

ജോലിയന്വേഷിച്ച് ദുബൈയിലെത്തുന്ന ഒരു യുവാവും യുവതിയും കണ്ടുമുട്ടുന്നതും അവര്‍ക്കിടയില്‍ അപ്രതീക്ഷിതമായി സംഭവിക്കുന്ന കാര്യങ്ങളുമാണ് മെയ്ഡ് ഇന്‍ കാരവനില്‍ കാഴ്ചക്കാര്‍ക്കായി ഒരുക്കിയിരിക്കുന്നത്. പ്രേക്ഷകര്‍ക്ക് ഇഷ്ടത്തോടെ കണ്ടിരിക്കാനാവുന്ന ഫീല്‍ഗുഡ് സിനിമയായിരിക്കും മെയ്ഡ് ഇന്‍ കാരവനെന്നും അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു. 

പുതുമുഖം പ്രജില്‍ കേന്ദ്ര കഥാപാത്രമാകുന്ന മെയ്ഡ് ഇന്‍ കാരവനില്‍ അന്നു ആന്റണി, ഇന്ദ്രന്‍സ്, ആന്‍സന്‍ പോള്‍, മിഥുന്‍ രമേഷ്, ഷിഫ ബാദുഷ, നവീന്‍ ഇല്ലത്ത്, അന്താരാഷ്ട്ര താരങ്ങളും മോഡലുകളുമായ ഹാഷെം കടൂറ, അനിക ബോയ്ലെ, നസ്സഹ, എല്‍വി സെന്റിനോ എന്നിവരും അഭിനയിക്കുന്നു.

ബി. കെ. ഹരിനാരായണന്റെ വരികള്‍ക്ക് സംഗീതം ചെയ്തിരിക്കുന്നത് വിനു തോമസാണ്. ഷിജു എം ഭാസ്‌കറാണ് ക്യാമറ. വിഷ്ണു വേണുഗോപാല്‍ എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്നു. 

വാര്‍ത്താ സമ്മേളനത്തില്‍ നിര്‍മാതാവ് എന്‍. എം. ബാദുഷ, സംവിധായകന്‍ ജോമി കുര്യാക്കോസ്, അഭിനേതാക്കളായ അന്‍സണ്‍ പോള്‍, അന്നു ആന്റണി എന്നിവര്‍ പങ്കെടുത്തു. 

Latest News