Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ദല്‍ഹിയില്‍ ആം ആദ്മി മാര്‍ച്ച് പോലീസ് തടഞ്ഞു; കെജ്‌രിവാള്‍ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഉദ്യോഗസ്ഥര്‍

ന്യൂദല്‍ഹി- ദല്‍ഹി സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരവെ ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകരും സിപിഎം പ്രവര്‍ത്തകരും ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വസതിയിലേക്കു നടത്തിയ മാര്‍ച്ച് പോലീസ് തടഞ്ഞു. ആയിരക്കണക്കിന് ആളുകളാണ് പ്രതിഷേധമാര്‍ച്ചില്‍ പങ്കെടുത്തത്. പ്രധാനമന്ത്രിയുടെ വസതിയിലേക്ക് മാര്‍ച്ച് ചെയ്യാനായി പാര്‍ലമെന്റ് സ്ട്രീറ്റില്‍ നിരവധി പേര്‍ ഒത്തു ചേര്‍ന്നു. ഇവരെ ഇവിടെ തന്നെ ദല്‍ഹി പോലീസ് തടയുകയായിരുന്നു. ഇന്ന് വൈകുന്നേരം മാര്‍ച്ച് നടത്തുമെന്ന പ്രഖ്യാപിച്ചിരുന്നതിനാല്‍ ആളുകള്‍ ഒത്തു ചേരുന്നത് തടയാന്‍ പോലീസ് നേരത്തെ തന്നെ ശക്തമായ നടപടികള്‍ സ്വീകരിച്ചിരുന്നു. മാര്‍ച്ച് നടത്താന്‍ മുന്‍കൂര്‍ അനുമതി തേടിയില്ലെന്നു കാരണം പറഞ്ഞാണ് പോലീസ് തടഞ്ഞത്. പ്രതിഷേധ മാര്‍ച്ച് താമസിയാതെ പിരിച്ചു വിടുകയും ചെയ്തു. ന്യൂദല്‍ഹി ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണെന്നും എഎപിക്ക് മാര്‍ച്ച് നടത്താന്‍ അനുമതി നല്‍കിയിട്ടില്ലെന്നും നേരത്തെ പോലീസ് അറിയിച്ചിരുന്നു. പ്രതിഷേധക്കാര്‍ ഒരുമിച്ചു കൂടുന്നത് തടയാന്‍ പ്രധാന മെട്രോ സ്റ്റേഷനുകളിലെ പുറത്തേക്കുള്ള വഴികളെല്ലാം പോലീസ് അടപ്പിച്ച് കാവലേര്‍പ്പെടുത്തിയിരുന്നു.

ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ ഫെഡറല്‍ സംവിധാനത്തെ തകര്‍ക്കുകയാണെന്നും ഇതിനെ ശക്തമായി അപലപിക്കുന്നുവെന്നു മാര്‍്ച്ചിനു പിന്തുണ പ്രഖ്യാപിച്ച സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ഭരണഘടനയുടെ മൗലിക സ്വഭാവത്തെ തന്നെ തകര്‍ക്കുകയാണ് ബിജെപി ചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു.  കോണ്‍ഗ്രസ് ഒഴികെ മറ്റെല്ലാ പ്രതിപക്ഷ പാര്‍ട്ടികളും കെജ്രിവാളിന്റെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രശ്‌നം പരിഹരിക്കാന്‍ പ്രധാനമന്ത്രി ഇടപെടണമെന്ന് ഇന്ന് നാലു പ്രതിപക്ഷ മുഖ്യമന്ത്രിമാര്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

അതേസമയം, മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ഒരാഴ്ചയായി ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജലിന്റെ വസതിയില്‍ നടത്തുന്ന പ്രതിഷേധ സമരം തുടരുകയാണ്. ദല്‍ഹിയില്‍ ഭരണം സ്തംഭിപ്പിച്ച് സമരം ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ ഗവര്‍ണര്‍ നടപടി സ്വീകരിക്കണമെന്നാണ് സമരം ചെയ്യുന്ന മുഖ്യമന്ത്രിയുടേയും മൂന്ന് മന്ത്രിമാരുടേയും ആവശ്യം. പ്രധാനമന്ത്രി മോഡിയുടെ മൗനാനുവാദത്തോടെയാണ് ഉദ്യോഗസ്ഥരുടെ സമരമെന്നും കെജ്‌രിവാള്‍ ആരോപിക്കുന്നു. എന്നാല്‍ സമരം ഒരാഴ്ച പിന്നിട്ടിട്ടും ഗവര്‍ണര്‍ വഴങ്ങയിട്ടില്ല. പ്രശ്‌നം പരിഹരിക്കാന്‍ പ്രധാനമന്ത്രി ഇടപെടണമെന്നാണ് കെജ്‌രിവാളിന്റെ ആവശ്യം.

അതിനിടെ മുഖ്യമന്ത്രി കെജ്‌രിവാളിന്റെ ആരോപണത്തിനെതിരെ ഐഎഎസ് അസോസിയേഷന്‍ രംഗത്തെത്തി. മന്ത്രിമാരുടെ യോഗങ്ങളില്‍ പങ്കെടുക്കുന്നില്ലെന്ന സര്‍ക്കാരിന്റെ ആരോപണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും തങ്ങള്‍ രാഷ്ട്രീയത്തിനതീതമായാണ് പ്രവര്‍ത്തിക്കുന്നതെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ദല്‍ഹിയില്‍ വാര്‍്ത്താ സമ്മേളനം വിളിച്ചു ചേര്‍ത്താണ് ഐഎഎസുകാര്‍ നിലപാട് അറിയിച്ചത്. തങ്ങളുടെ പ്രവര്‍ത്തനം നിയമ പ്രകാരമാണെന്നും മറ്റൊന്നിനോടും മറുപടി പറയേണ്ടതില്ലെന്നും അവര്‍ വ്യക്തമാക്കി.   


 

Latest News