Sorry, you need to enable JavaScript to visit this website.

പൊന്നിയിന്‍ സെല്‍വന്‍ രണ്ടാം ഭാഗത്തിലെ രണ്ടാമത്തെ 'വീര രാജ രാജ' ഗാനം  എത്തി; നിമിഷങ്ങള്‍ കൊണ്ട് വൈറലായി

ചെന്നൈ- മണിരത്‌നത്തിന്റെ  ഡ്രീം പ്രോജക്ടായ 'പൊന്നിയിന്‍ സെല്‍വന്‍' എന്ന ബ്രഹ്മാണ്ഡ ഇതിഹാസ ചിത്രത്തിന്റെ രണ്ടാം ഭാഗമായ 'പിഎസ്-2' വിലെ
രണ്ടാമത്തെ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ  അണിയറക്കാര്‍ പുറത്തു വിട്ടു. റഫീക്ക് അഹമ്മദ് രചിച്ച് എ. ആര്‍. റഹ്മാന്‍ സംഗീതം നല്‍കി ശ്രീനിവാസും ശ്വേതാ മോഹനും ആലപിച്ച 'വീര രാജ രാജ ധീരാ ശൂര ധീര
വീഴാ ചോള വീര പൂര്‍ണ ലോകം വാഴാം' എന്ന ഗാനമാണ് പുറത്ത് വിട്ടത്. ഗാനം പുറത്തിറങ്ങി നിമിഷങ്ങള്‍ക്കകം തന്നെ തരംഗമായിരിക്കയാണ്.  

ജയം രവി അവതരിപ്പിക്കുന്ന അരുള്‍മൊഴി വര്‍മ്മന്‍ (പൊന്നിയിന്‍ സെല്‍വന്‍), ശോഭിതാ ധൂലിപാല അവതരിപ്പിക്കുന്ന വാനതി എന്നീ കഥാപാത്രങ്ങളുടെ തീവ്രാനുരാഗമാണ് ഗാനത്തിലൂടെ ദൃശ്യവല്‍ക്കരിച്ചിരിക്കുന്നതെന്ന് വീഡിയോ സൂചന നല്‍കുന്നുണ്ട്.  

സാഹിത്യകാരന്‍ കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ വിശ്വ പ്രസിദ്ധ ചരിത്ര നോവല്‍ 'പൊന്നിയിന്‍ സെല്‍വന്‍' ആധാരമാക്കിയാണ് മണിരത്‌നം അതേ പേരില്‍ തന്നെ ദൃശ്യ സാക്ഷാത്ക്കാരം നല്‍കിയിരിക്കുന്നത്.  

വിക്രം, കാര്‍ത്തി, ജയം രവി, ഐശ്വര്യാ റായ് ബച്ചന്‍, തൃഷകൃഷ്ണ, റഹ്മാന്‍, പ്രഭു, ജയറാം, ശരത് കുമാര്‍, വിക്രം പ്രഭു, ബാബു ആന്റണി, റിയാസ് ഖാന്‍, ലാല്‍, അശ്വിന്‍ കാകുമാനു, റിയാസ് ഖാന്‍, ശോഭിതാ ധൂലിപാല, ഐശ്വര്യ ലക്ഷ്മി, ജയചിത്ര എന്നിവരാണ് അഭിനേതാക്കള്‍. ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന 'പിഎസ്' (പൊന്നിയിന്‍ സെല്‍വന്‍ രണ്ടാം ഭാഗം) ഏപ്രില്‍ 28-ന് ലോകമെമ്പാടും റിലീസ് ചെയ്യും. 

ലൈക്കാ പ്രൊഡക്ഷന്‍സും മെഡ്രാസ് ടാക്കീസും സംയുക്തമായി നിര്‍മ്മിച്ച ബ്രഹ്മാണ്ഡ ചിത്രത്തിന്റെ രണ്ടാം ഭാഗമായ 'പൊന്നിയിന്‍ സെല്‍വന്‍-2 ' (പി എസ്2) തമിഴ്, മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ അഞ്ചു ഭാഷകളില്‍ റിലീസ് ചെയ്യും. ശ്രീ ഗോകുലം മൂവീസാണ് ചിത്രത്തിന്റെ കേരള വിതരണക്കാര്‍.

Latest News