ഓടുന്ന ട്രെയിനില്‍ നിന്ന് വീണ യുവതിക്ക് പോലീസ് രക്ഷകരായി

കൊച്ചി- ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് അബോധാവസ്ഥയിലായ യുവതിയെ രക്ഷപ്പെടുത്തി പൊലീസ്. നെട്ടൂര്‍ സ്വദേശി സോണിയ(35)യാണ് വെള്ളിയാഴ്ച പുലര്‍ച്ചെ 2.20ന് മാവേലി എക്‌സ്പ്രസില്‍ നിന്ന് വീണത്. ലോക്കോ പൈലറ്റ് വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്റ്റേഷന്‍ മാസ്റ്റര്‍ കളമശേരി പൊലീസിനെ ബന്ധപ്പെട്ടു. സൗത്ത് കളമശ്ശേരി ഭാഗത്തു ഒരാള്‍ ട്രെയിനില്‍ നിന്നും വീണിട്ടുണ്ടെന്ന സ്റ്റേഷന്‍ മാസ്റ്ററുടെ ഫോണ്‍ സന്ദേശം കളമശ്ശേരി പോലീസ് സ്റ്റേഷനില്‍ ലഭിച്ച ഉടനെ തന്നെ എസ്‌ഐ കെഎ നജീബിന്റെ നേതൃത്വത്തില്‍ പോലീസ് സംഘം തിരച്ചിലിനായി പുറപ്പെട്ടു. സൗത്ത് കളമശ്ശേരി ഭാഗത്തു നിന്നും രണ്ടു കിലോമീറ്ററോളം റെയില്‍വേ  ട്രാക്കിന്റെ ഇരുവശങ്ങളിലുമായി തിരഞ്ഞെങ്കിലും ആളെ കണ്ടെത്താന്‍ സാധിച്ചില്ല. എങ്കിലും സംഘം പിന്മാറാതെ തിരച്ചില്‍ തുടര്‍ന്നു. മൊബൈല്‍ ടോര്‍ച്ചിന്റെ സഹായത്തോടെ സമീപത്തെ കുറ്റിക്കാട്ടില്‍ നടത്തിയ തിരച്ചിലിനൊടുവില്‍ പരിക്കേറ്റ നിലയില്‍ യുവതിയെ കണ്ടെത്താനായി. റെയില്‍വെ ട്രാക്കില്‍ നിന്നും കുത്തനെയുള്ള താഴ്ചയില്‍ കിടന്നിരുന്ന യുവതിക്ക് പരിക്ക്  കൂടുതലായതിനാല്‍ ഫയര്‍ഫോഴ്‌സിന്റെയും ആംബുലന്‍സിന്റെയും സഹായത്തോടെ കളമശേരി മെഡിക്കല്‍ കോളേജില്‍ എത്തിച്ചു. വയറിലും കാല്‍മുട്ടുകളിലും ആഴത്തില്‍ മുറിവേറ്റിട്ടണ്ട്.  നെട്ടൂര്‍ ഐഎന്‍ടിയുസി ജംക്ഷനു സമീപം വൈലോപ്പിള്ളി വീട്ടില്‍ മുരളിയുടെയും കാര്‍മിലിയുടേയും മകളായ സോണിയ പുനെയില്‍ ഹോം നഴ്‌സാണ്.  യുവതി സുഖം പ്രാപിച്ചു വരുന്നു.

 

 

Latest News