Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഹുദൈദയുടെ നിയന്ത്രണം യെമൻ സൈന്യത്തിന്

ഏദൻ/റിയാദ് - യെമനിൽ ഹൂത്തി മിലീഷ്യകളുടെ അധീനതയിലുണ്ടായിരുന്ന തന്ത്രപ്രധാന നഗരമായ ഹുദൈദ മോചിപ്പിച്ചതായി സൗദി അറേബ്യ നേതൃത്വം നൽകുന്ന സഖ്യസേന വെളിപ്പെടുത്തി. നാല് ലക്ഷത്തോളം പേർ താമസിക്കുന്ന മേഖലയുടെ സുരക്ഷിതത്വം പരിഗണിച്ച് ഇപ്പോഴും സൈന്യം ഈ മേഖല വലയം ചെയ്തിരിക്കുകയാണ്. യെമൻ സർക്കാരിന്റെ അഭ്യർഥന മാനിച്ചാണ് സഖ്യസേന ഹുദൈദയിലേക്ക് പ്രവേശിച്ചത്. യെമനിലെ ഏറ്റവും വലിയ കപ്പൽ തീരമായ ഹുദൈദ പോർട്ട് ഉൾപ്പെടുന്ന മേഖല കേന്ദ്രീകരിച്ച് രാജ്യത്തിനകത്ത് ഹൂത്തികൾ നാശം വിതക്കുന്നത് തടയണമെന്ന് യെമൻ സർക്കാർ സഖ്യസേനയോട് അഭ്യർഥിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ഹുദൈദ വിമാനത്താവളത്തിന്റെ പ്രവേശന കവാടം വരെ സഖ്യസേന വരുതിയിലാക്കിയിരുന്നു. നഗരത്തിൽനിന്ന് ഹൂത്തി മിലീഷ്യകൾ ഓടിപ്പോയതിന് ശേഷമുള്ള നിരവധി വീഡിയോ ദൃശ്യങ്ങൾ പുറത്തു വന്നു. നഗരത്തിലും പരിസരങ്ങളിലും കഴിഞ്ഞിരുന്ന അനേകം ഹൂത്തികളെ അറസ്റ്റ് ചെയ്തതായി സഖ്യസേനാ വൃത്തങ്ങൾ വെളിപ്പെടുത്തി. യെമനിലേക്ക് അവശ്യ സഹായവുമായി എത്തുന്ന അന്താരാഷ്ട്ര സന്നദ്ധ സംഘങ്ങളുടെ കപ്പലുകൾ കൊള്ളയടിക്കുന്നതിനും ഇറാനിൽനിന്ന് ആയുധം സ്വീകരിക്കുന്നതിനും ഹൂത്തികൾക്ക് സാധിച്ചിരുന്നത് ഹുദൈദയിലെ മേധാവിത്വം വഴിയായിരുന്നു. സൗദി അതിർത്തി പ്രദേശങ്ങളിലേക്ക് നിരന്തരം ബാലിസ്റ്റിക് മിസൈലുകൾ ഉപയോഗിച്ച് ആക്രമണം നടത്തിയിരുന്നതും ഇവിടെ നിന്നായിരുന്നു.  
ഹൂത്തി അധീനതയിൽനിന്ന് ഹുദൈദയെ മോചിപ്പിക്കുന്നതിന് സൈനിക നീക്കം നടത്തണമെന്ന് നഗരവാസികൾ തുടക്കം മുതൽതന്നെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ രക്തച്ചൊരിച്ചിൽ ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെ, നഗരം ഔദ്യോഗിക ഗവൺമെന്റിന് കൈമാറി, ആയുധമുപേക്ഷിക്കാൻ ഹൂത്തികളെ പ്രേരിപ്പിക്കുന്നതിനാണ് സഖ്യസേന മുൻഗണന നൽകിയിരുന്നത്. ഇതിനായി അന്താരാഷ്ട്ര തലത്തിൽ തുടർച്ചയായി സൗദി സമ്മർദ്ദം ചെലുത്തി. പക്ഷേ, ഹൂത്തികൾ യാതൊരു വിട്ടുവീഴ്ചക്കും തയാറായിരുന്നില്ല. 
കൂടാതെ, കൊച്ചുകുട്ടികളും വയോവൃദ്ധരും ഉൾപ്പെടെ, സാധാരണ ജനങ്ങളെ മനുഷ്യ കവചമാക്കുന്ന ഹൂത്തികളുടെ ദുഷ്ടചെയ്തിയും സൈനിക നീക്കത്തിൽനിന്ന് സഖ്യസേനയെ പിന്തിരിപ്പിച്ചിരുന്നു. 
സാധാരണക്കാരുടെ ജീവൻ പരമാവധി സംരക്ഷിക്കുന്നതിന് ഊന്നൽ നൽകി പ്രത്യേകം പദ്ധതി ആവിഷ്‌കരിച്ച് സഖ്യസേന നടത്തിയ നീക്കം വലിയ പ്രയാസമില്ലാതെ വിജയം കണ്ടത് യെമൻ ജനതക്കും സർക്കാരിനും ആശ്വാസം പകരുന്നതാണ്.  
ഹുദൈദ നഗരം മോചിപ്പിച്ചതിലൂടെ യെമനിലെ മുഴുവൻ പ്രദേശങ്ങളിലേക്കും തടസ്സം കൂടാതെ അവശ്യസഹായം എത്തിക്കാൻ സാധിക്കുമെന്ന് ഐക്യരാഷ്ട്ര സഭയിലെ സൗദി അറേബ്യൻ പ്രതിനിധി അബ്ദുല്ല ബിൻ യഹ്‌യ മുഅല്ലിമി പറഞ്ഞു. പുതുതായി നാല് കേന്ദ്രങ്ങളിലൂടെ സഹായം എത്തിക്കുന്നതിന് ഹുദൈദ വിമോചനം വഴിയൊരുക്കും. 
ന്യൂയോർക്കിൽ യു.എന്നിലെ യു.എ.ഇ പ്രതിനിധി ലാന നുസൈബയുമായി ചേർന്ന് നടത്തിയ വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. 
സഖ്യസേന വിജയത്തിന്റെ പശ്ചാത്തലത്തിൽ യെമനിലെ സൗദി അംബാസഡർ മുഹമ്മദ് ബിൻ സഈദ് ആലുജാബിർ, യു.എ.ഇ അംബാസഡർ ശൈഖ് ശഖ്ബൂത്ത് ബിൻ നഹ്‌യാൻ നഹ്‌യാൻ എന്നിവർ യെമനിലെ ഐക്യരാഷ്ട്രസഭ സുരക്ഷാ സമിതി രാജ്യങ്ങളിലേത് ഉൾപ്പെടെ ഏതാനും അംബാസഡർമാരും വിദേശകാര്യ മന്ത്രാലയ ആസ്ഥാനത്ത് കൂടിക്കാഴ്ച നടത്തി സാഹചര്യം വിലയിരുത്തി. രാഷ്ട്രീയമായി പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനുള്ള ശ്രമങ്ങളെല്ലാം പരാജയപ്പെട്ടതോടെയാണ് സൈനിക നീക്കം അനിവാര്യമായതെന്ന് ആലുജാബിർ വിശദമാക്കി. അതേസമയം, ഹൂത്തികളുടെ സൈനിക കേന്ദ്രങ്ങളിൽ തങ്ങളുടെ പോർവിമാനങ്ങൾ ഇന്നലെയും ശക്തമായ ആക്രമണം അഴിച്ചുവിട്ടതായി സഖ്യസേന അറിയിച്ചു. മലാജിം ഡിസ്ട്രിക്ടിലെ ഫദ്ഹയിൽ കമാണ്ടർ അഹ്മദ് അഹ്മദ് ജുനൈദി ഉൾപ്പെടെ 25 ഓളം ഹൂത്തി മിലീഷ്യകൾ കൊല്ലപ്പെട്ടതായി യെമൻ സായുധ സേന അറിയിച്ചു.
 

Latest News