ഒടുവില്‍ സൗദിയില്‍നിന്ന് ആ പട്ടിക്കുട്ടിക്ക് ബോര്‍ഡിംഗ് പാസ് കിട്ടി 

ഷെറിന്‍ ആഞ്ചലീന പീനട്ടിനെയും കൂട്ടി വിമാനത്താവളത്തില്‍. 

റിയാദ്- നിയമനടപടികളിലെ സങ്കീര്‍ണതകളെല്ലാം തീര്‍ത്ത് തന്റെ അരുമയായ പീനട്ടിനെയും കൂട്ടി ഷെറിന്‍ ആഞ്ചലീന നാട്ടിലേക്ക് പറന്നു. റിയാദ് സഫ മക്ക പോളിക്ലിനിക്കില്‍ പത്ത് വര്‍ഷത്തോളം നഴ്‌സായി ജോലി ചെയ്ത ബംഗളൂര്‍ വിവേക് നഗര്‍ സ്വദേശിനി ഷെറിനാണ് തന്റെ സംരക്ഷണത്തില്‍ കഴിഞ്ഞ അരുമയായ വളര്‍ത്തുപട്ടിയായ പീനട്ടിനെയും കൂട്ടി നാട്ടിലേക്ക് വിമാനം കയറിയത്. 
ഫിന്‍ലാന്റിലെ ആശുപത്രിയില്‍ നഴ്‌സായി നിയമനം കിട്ടിയതിനെ തുടര്‍ന്നാണ് ഷെറിന്‍ സഫ മക്ക പോളി ക്ലിനിക്കിലെ ജോലി അവസാനിപ്പിച്ച് ഫൈനല്‍ എക്‌സിറ്റില്‍ നാട്ടില്‍ പോകാന്‍ തീരുമാനിച്ചത്. പക്ഷേ നാളിതുവരെ കുടുംബത്തിലെ ഒരംഗത്തെ പോലെ വീട്ടിനുള്ളില്‍ കഴിഞ്ഞ പീനട്ട് പട്ടിക്കുട്ടിയെ തനിച്ചാക്കി പോകാന്‍ ഷെറിന്‍ ഒരുക്കമല്ലായിരുന്നു. എങ്ങനെയും പീനട്ടിനെയും നാട്ടിലെത്തിക്കണമെന്ന ഉറച്ച തീരുമാനത്തിന് മുന്നില്‍ എല്ലാ വഴികളും തുറന്നു. ഒടുവില്‍ റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്നുള്ള സൗദി എയര്‍ലൈന്‍സിന്റെ 896 ആം നമ്പര്‍ വിമാനത്തില്‍ കഴിഞ്ഞ ദിവസം പീനട്ടും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലിറങ്ങി.
മന്ത്രാലയങ്ങള്‍ പലതും കയറിയിറങ്ങിയാണ് പീനട്ടിനെ നാട്ടിലേക്ക് കൊണ്ടുപോകാനുള്ള രേഖകള്‍ ശരിയാക്കിയത്. പാസ്‌പോര്‍ട്ട്, മൃഗ ഡോക്ടറില്‍നിന്നുള്ള ആരോഗ്യ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ്, വാക്‌സിന്‍ നല്‍കിയതിന്റെ രേഖകള്‍, സൗദി അറേബ്യയില്‍നിന്ന് വളര്‍ത്തു മൃഗങ്ങളെ മറ്റൊരു രാജ്യത്തേക്ക് കൊണ്ട് പോകാനുള്ള പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി തുടങ്ങിയ രേഖകള്‍ സംഘടിപ്പിച്ചതോടെ ഷെറിന് പീനട്ടുമൊത്തുള്ള യാത്ര എളുപ്പമായി. വിമാനത്താവളത്തിലെ സുരക്ഷാ പരിശോധനക്ക് ശേഷം പീനട്ടിന്റെ ശരീരത്തില്‍ ഘടിപ്പിച്ച മൈക്രോ ചിപ്പ് കാര്‍ഡ് എമിഗ്രേഷന്‍ വിഭാഗം സ്‌കാന്‍ ചെയ്ത് പരിശോധിച്ചു ഉറപ്പുവരുത്തിയാണ് ബോര്‍ഡിംഗ് പാസ് നല്‍കിയത്. സീറ്റിന് പകരം മൃഗങ്ങളെ സൂക്ഷിക്കുന്ന പ്രത്യേക ഭാഗത്താണ് പീനട്ടിന് അധികൃതര്‍ സൗകര്യമൊരുക്കിയത്.
നാട്ടിലെ താത്കാലിക വാസത്തിന് ശേഷം വൈകാതെ ഫിന്‍ലാന്റിലേക്ക് പോകാനുള്ള ഒരുക്കത്തിലാണ് ഷെറിന്‍ ആഞ്ചലീന. അവിടെ നഴ്‌സായി ജോലിയില്‍ പ്രവേശിച്ച ഉടനെ പീനട്ടിനെയും കൊണ്ടുപോകുന്നതിനുള്ള നടപടികള്‍ ആരംഭിക്കും. പട്ടിക്കുട്ടിയെ കൊണ്ടുവരുന്നതിന് ഫിന്‍ലാന്റ് ആശുപത്രി അധികൃതര്‍ അനുവാദം നല്‍കുകയും ചെയ്തിട്ടുണ്ട്. ചിഹ്വോഹുവ വിഭാഗത്തില്‍പെട്ട ഈ പട്ടിക്കുട്ടിക്ക് മുന്നു വയസ്സാണ് പ്രായം.
ചെങ്ങന്നൂര്‍ സ്വദേശിയും ചെന്നൈയില്‍ താമസക്കാരനുമായ ഭര്‍ത്താവ് അലക്‌സാണ്ടര്‍ റിയാദില്‍ സ്വകാര്യ കമ്പനിയില്‍ ഉദ്യോഗസ്ഥനാണ്. ആനന്ദ് കുമാര്‍, ഡെല്‍സി റാണി എന്നിവരാണ് മാതാപിതാക്കള്‍. സഹോദരിമാരായ ആനി ബെര്‍ലിനും ജാക്ലിന്‍ മിഷാലും ബാംഗ്ലൂര്‍ ഐടി കമ്പനിയില്‍ ജീവനക്കാരാണ്.

 

 


 

Latest News