Sorry, you need to enable JavaScript to visit this website.

ഫജറ് ബാങ്കിന്റെ കുളിരും നോമ്പിന്റെ മധുരവും

റസാഖ് കിണാശ്ശേരി,റഫിൻ മുഹ്സിൻ

സൗദിയിലെ പ്രവാസം ഒരവധി യാത്രയോടെ താല്‍ക്കാലികമായി നിര്‍ത്തിവെച്ച് നാട്ടില്‍ തന്നെ ചെറിയ ചെറിയ ജോലികള്‍ ചെയ്തു കൊണ്ടിരിക്കേയാണ് അവിചാരിതമായി ഖത്തറില്‍നിന്ന് ഒരു നെറ്റ്‌കോള്‍ വരുന്നത്.   ഒരു മലയാളി കമ്പനിയിലേയ്ക്ക് ഫാബ്രിക്കേറ്ററെ ആവശ്യമുണ്ട്.
വിളിച്ചത് ആരെന്ന് ആദ്യം മനസ്സിലായില്ല. പക്ഷേ, എന്നെ നന്നായി അറിയുന്ന ഒരാളാണെന്ന് സംസാരത്തില്‍നിന്ന് മനസ്സിലായി.
താങ്കള്‍ ആരാണെന്ന് ചോദിക്കാനുള്ള മടി കാരണം ഖത്തര്‍ നമ്പറില്‍നിന്ന് ഒരു മിസ്സഡ് കോള്‍ ചെയ്യാനും പറ്റുമെങ്കില്‍ വാട്‌സാപ്പില്‍  മെസ്സേജ് ചെയ്യാനും പറഞ്ഞു. വിവരം രണ്ട് ദിവസത്തിനകം വിളിച്ചു പറയുകയോ മെസ്സേജ് ചെയ്യുകയോ ചെയ്യാമെന്നും അറിയിച്ചു..
വൈകാതെ വന്ന കോളില്‍നിന്നും മെസ്സേജില്‍ നിന്നും ആളെ തിരിച്ചറിഞ്ഞപ്പോള്‍ ആദ്യമേ അറിയാന്‍ കഴിയാതെ പോയതില്‍ വിഷമം തോന്നി. കാരണം അദ്ധേഹം സൗദിയില്‍ ഖമീസ് മുഷൈത്തിലെ  പൊതു രംഗത്തെ നിറസാന്നിദ്ധ്യമായിരുന്നു.
അദ്ദേഹത്തിന്റെ അടുത്ത ബന്ധുക്കളുടെ കമ്പനിയിലേക്ക് വിസിറ്റ് വിസ അയക്കാമെന്ന് പറഞ്ഞെങ്കിലും സ്വന്തം ചെലവില്‍ വരാമെന്നറിയിച്ചു. അങ്ങിനെ പറയാന്‍ കാരണം വല്ല കാരണത്താലും ജോലി ശരിയായില്ലെങ്കില്‍ മറ്റൊന്ന് ശ്രമിക്കാന്‍ തടസ്സമുണ്ടാകാതിരിക്കാനാണ്. വൈകാതെ ഖത്തറിലേക്ക് യാത്ര തിരിച്ചു.
ഒരു മാസം മാത്രം നീണ്ട ആദ്യ ഖത്തര്‍ യാത്രയില്‍ ചെറിയ ദുരനുഭവങ്ങള്‍ ഉണ്ടായെങ്കിലും കമ്പനിയുടെ മലയാളിയായ ഡയറക്ടറുമായുള്ള കൂടിക്കാഴ്ചയില്‍ അവരുടെ വിസയില്‍ തന്നെ എത്താന്‍ ധാരണയായി.
അവരുടെ എഞ്ചിനീയര്‍മാരുമായി കൂടിയിരുന്ന് പുതിയ ഒരു വര്‍ക്കിന് ക്വട്ടേഷന്‍ റെഡിയാക്കി നല്‍കുകയും ചെയ്തു.  തിരിച്ചു വന്നാല്‍ ആദ്യ വര്‍ക്ക് ഇതായിരിക്കുമെന്ന് പ്രതീക്ഷ നല്‍കി.
നാട്ടിലെത്തി രണ്ട് മാസത്തിന് ശേഷവും വിസ കാണാതെ വിളിച്ചന്വേഷിച്ചപ്പോള്‍ എന്തോ പന്തികേട് മണത്തുവെങ്കിലും വൈകാതെ വിസ എത്തി. പിന്നീട് ഖത്തറില്‍ എത്തിയ ശേഷമാണ്
മലയാളി പാരകളുടെ മൂര്‍ച്ചയുടെ പ്രതിഫലനം അറിയാന്‍ കഴിഞ്ഞത്.
പ്രതീക്ഷിച്ച ജോലി കിട്ടില്ലെന്നും അല്‍പ്പം കാത്തിരിക്കാനും അറിയിപ്പെത്തി. ആ കാത്തിരിപ്പ് നീണ്ടു നീണ്ടു പോയി. ഡയറക്ടറും മാനേജറും ബന്ധുക്കളായിരുന്നു എന്നതിന്റെ ചില നെറികേടുകള്‍ക്കിടയില്‍ വല്ലാതെ ഞെരുങ്ങി. പിന്നീടങ്ങോട്ട് എന്നെ രക്ഷപ്പെടുത്താന്‍ ഖത്തറില്‍ എത്തിച്ച മനുഷ്യനും ഞാനും എറേ ധര്‍മ്മസങ്കടത്തിലും ദുരിതത്തിലുമായ നാളുകളായിരുന്നു. അവരുടെ ബന്ധങ്ങളുടെ നൂലിഴയിലെ കുരുക്കില്‍ വീര്‍പ്പുമുട്ടിയത് ഒരിക്കലും ഓര്‍ക്കാന്‍ ഇഷ്ടപ്പെടാത്ത സംഭവങ്ങള്‍.  
ജോലിയും കൂലിയും മതിയായ ഭക്ഷണം പോലുമില്ലാതെ ദുരിത ജീവിതം. രണ്ട് മൂന്ന് ബാല്യകാല സുഹൃത്തുക്കള്‍ എന്ത് സഹായത്തിനും തയ്യാറായി  ഉണ്ടായിരുന്നെങ്കിലും അവര്‍ക്കും പരിമിതികള്‍ ഏറെ,
പറയാന്‍ മടിച്ച് ഞാനും. എന്നിട്ടും, അവരുടെ  സാമ്പത്തിക സഹായം ചില നേരങ്ങളിലെങ്കിലും പട്ടിണി മാറ്റി.
റമദാന്റെ നാളുകളില്‍ പലരും വിഭവസമൃദ്ധമായ ഇഫ്ത്താറൊരുക്കുന്ന പല പള്ളികളും ടെന്റുകളും തേടിപ്പോകുമ്പോള്‍ എങ്ങും പോകാനാവാതെ   അല്‍ റയ്യാന്‍ സ്ട്രീറ്റ് ലെ മസ്ജിദുല്‍  ഫലേല്‍ ബിന്‍ ഹിയാലില്‍ ക്ലീനിംങ്ങ് തൊഴിലാളികളായ ഇബ്രാഹിം (എത്യോപ്യ)മുഹമ്മദ് മുഹാഹ് (ശ്രീലങ്ക)എന്നിവര്‍ക്കൊപ്പം അവര്‍ക്ക് ലഭിച്ചിരുന്ന ഭക്ഷണം പങ്കുവച്ച്   കഴിച്ചു കൂട്ടി.
സൗദിയിലെ ജീവിതത്തില്‍ ഒത്തിരി പേരുടെ ദുരിതങ്ങള്‍ക്ക് സാക്ഷിയായ ഒരാള്‍ സ്വന്തം പ്രയാസങ്ങള്‍ ആരോടും പറയാനാവാതെ വീര്‍പ്പുമുട്ടിയ നാളുകള്‍. നമസ്‌കാരം കഴിഞ്ഞു പള്ളി വരാന്തയില്‍ ഇരിക്കേ ഖമീസിലെ ഒരു സുഹൃത്ത് ക്ഷേമമന്വേഷിക്കാന്‍ വിളിച്ചപ്പോള്‍ നിയന്ത്രണം വിട്ട് പൊട്ടിക്കരഞ്ഞുപോയി.
ആയിടെ ഒരു വെള്ളിയാഴ്ച ജുമുഅ കഴിഞ്ഞിറങ്ങുമ്പോഴാണ്  ഒരാള്‍ പരിചയപ്പെടാന്‍ അടുത്തുവന്നത്. മഞ്ചേരിക്കാരനാണെന്നും പേര് ഫിനു എന്നാണെന്നും പറഞ്ഞു.
അത് വരെ ഇടയ്‌ക്കെപ്പഴെങ്കിലും സംസാരിക്കാന്‍ കിട്ടിയിരുന്ന അല്‍ റയ്യാന്‍ സ്ട്രീറ്റിലെ ചില ടാക്‌സി െ്രെഡവര്‍മാരും പ്രിയ സുഹൃത്തുക്കളായ വൈദ്യര്‍ നാസര്‍ എന്ന നാസര്‍ ബക്കര്‍, എയര്‍പോര്‍ട്ട് ടാക്‌സി ജീവനക്കാരനായ കോയ എന്ന നാസറിനെയും കൂടാതെ ഫിനുവും പലപ്പോഴും എന്നെ തേടി എത്തി.
കൂട്ടുകാരന്‍ നിസാര്‍ മാത്തോട്ടത്തേയും മറക്കാനാവില്ല.
സംഗീതത്തോടും പാട്ടിനോടും ഏറേ അടുപ്പമുള്ള ഫിനുവുമായുള്ള യാത്രകള്‍ ആശ്വാസമായി.
അത്തരം ഒരു യാത്രയില്‍ തന്റെ ഉപ്പ ചെയ്തതാണെന്ന് പറഞ്ഞ് ഒരു ഗാനം എന്നെ കേള്‍പ്പിച്ചു.
' ഒരു തുള്ളിക്കണ്ണീരിന്‍ നനപോലുമില്ലാതെ
അകമാകെ പൊള്ളി ഉരുകി നില്‍ക്കേ'
സാഹചര്യങ്ങള്‍ കൊണ്ട് ഏറേ എന്നോട് ചേര്‍ന്നു നിന്ന ആ വരികളും സംഗീതവും
കണ്ണീര്‍ നനവോടെ ഞാനും സ്വീകരിച്ചു.
അങ്ങിനെ കേട്ടറിഞ്ഞ മുഹ്‌സിന്‍ കുരിക്കള്‍ എന്ന സംഗീത പ്രതിഭയെ കുറിച്ച് കൂടുതല്‍ അറിഞ്ഞു.
ഫിനുവിന്റെ വധൂ ഗൃഹം കോഴിക്കോട് മൂര്യാട് എന്ന് പറഞ്ഞു. എന്റെ കുട്ടിക്കാലത്ത് പരിചയമുള്ള വീടാണത്. സ്‌കൂള്‍ കാലത്ത് കുറച്ച് കാലം മൂര്യാടായിരുന്നു താമസം
ഫിനുവിന്റേയും ഉപ്പയുടേയും പാട്ടുകള്‍ക്കൊപ്പം ഞങ്ങള്‍ ഖത്തര്‍ നഗരത്തിലൂടെയുള്ള യാത്രകള്‍ നന്നായി ആസ്വദിച്ചു. അതൊരു  നിമിത്തമായി. ഞാനെന്റെ നരകതുല്യമായ ജീവിതം മറന്നു. ഉപ്പയോടൊപ്പം നിരവധി പാട്ടുകള്‍ക്ക് സാന്നിദ്ധ്യമറിയിച്ച ഫിനു സ്വതന്ത്രമായ ംഗീത സംവിധായകനാകണം എന്ന സ്വപ്നവുമായി നടക്കുന്നയാളാണ്. ഫിനുവിന് മുന്‍പില്‍ ഞാനെന്റെ ചില വരികള്‍ കുറിച്ചു നല്‍കി.
പിന്നീടുള്ള ഓരോ ഒഴിവു ദിവസവും എന്നേ തേടി എത്തിയ ഫിനു എനിക്കും ഒരാശ്വാസമാകുകയായിരുന്നു. ഒപ്പം റഷീദ് ചെറുവണ്ണൂര്‍, ഷൗക്കത്ത് അലി കണ്ണംകോട്, പ്രിന്‍ഷാദ് ഫറോക്ക്,എന്നിങ്ങനെ കുറച്ച് നല്ല സുഹൃത്ത് ബന്ധങ്ങള്‍ ഖത്തര്‍ എനിക്ക് നല്‍കി.അവര്‍ നല്‍കിയ പിന്തുണയും സഹകരണവും എങ്ങിനെയാണ് മറക്കാന്‍ കഴിയുക.
ദുരിതപൂര്‍ണ്ണമായ രണ്ട് മാസത്തെ ഖത്തര്‍ ജീവിതത്തില്‍ നിന്നും ഇനിയും മോചനം ലഭിച്ചില്ലെങ്കില്‍ മറ്റെന്തെങ്കിലും സംഭവിക്കുമെന്ന ഭയം വല്ലാതെ പിടിപെട്ടു. ഒടുവില്‍ പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് ശേഷം നിര്‍ബന്ധപൂര്‍വ്വം നാട്ടിലേക്ക് കയറി.
പലതും വാഗ്ദാനം ചെയ്ത അവര്‍ രണ്ട് മാസത്തിനുശേഷം ഗോവയ്ക്ക്  കയറ്റി വിട്ടു.
നാട്ടിലെത്തി വൈകാതെ തന്നെ പാട്ടുകള്‍ ചെയ്യാനുള്ള ശ്രമമാരംഭിച്ചു. പിന്നീട് ആ പാട്ടുകള്‍ കോഴിക്കോട് 'ഗ്രീന്‍ വേവ് 'സ്റ്റുഡിയോയില്‍ റിക്കോര്‍ഡ് ചെയ്തു. അങ്ങിനെ ഞങ്ങളുടെ കൂട്ടുകെട്ടില്‍ രണ്ട് പാട്ടുകള്‍ പിറന്നു. എന്റെ രചനയും ഫിനുവിന്റെ സംഗീതവും.
പ്രശസ്ത ഗായകരായ സിന്ധു പ്രേംകുമാറും എടപ്പാള്‍ വിശ്വവും അലപിച്ച 'ഫജ്ര്‍ ',
അരുണ്‍ കോഴിക്കോട് ആലപിച്ച 'റുജൂഅ് ' എന്നീ ഗാനങ്ങളിലൂടെ ഫിനു സംഗീത സംവിധായകനായി.  
ഖത്തറിലെ ജീവിതത്തിന്റെ ദുരിതങ്ങളുടെമേല്‍ സന്തോഷത്തിന്റെ മഴയായി അത് സംഗീതാസ്വാദകര്‍ക്ക് നല്‍കി. അതിന്ന് സഹായിച്ച സംഗീത രംഗത്ത് ഒട്ടേറെ പ്രസസ്തനായ  സുഹൃത്ത്  ശശി കൃഷ്ണന്‍ (ഗിറ്റാറിസ്റ്റ്) അദ്ദേഹത്തോപ്പം വിവിധ വാദ്യോപകരണങ്ങള്‍ കൊണ്ട് സാന്നിദ്ധ്യമറിയിച്ച  മറ്റ് ചില പ്രിയപ്പെട്ട കലാകാരന്മാരേയും മറക്കാനാവില്ല. അങ്ങിനെ 2016 ലെ റമദാന്‍ മറക്കാനാവാത്ത ചില ഓര്‍മ്മകള്‍ സമ്മാനിച്ചു,
ആ പാട്ടുകള്‍ പുറത്തിറങ്ങി വര്‍ഷങ്ങള്‍ക്കിപ്പുറം  ഈ നോമ്പുകാലത്ത് 'ഫജറ് നമസ്‌ക്കാര ബാങ്കൊലി കേള്‍ക്കുമ്പോള്‍ എന്‍ മനം കുളിരാണല്ലാഹ്, എന്നും എന്‍ദിനം ഹൈറാണല്ലാഹ്'
സിന്ധു പ്രേംകുമാറിന്റെ മനോഹര ശബ്ദത്തില്‍ വീണ്ടും മീഡിയ വണ്‍ ചാനലില്‍ പതിനാലാം രാവ് പോലൊരു വേദിയില്‍ പാടി കേള്‍ക്കുമ്പോള്‍ മനസ്സ് കുളിര് കോരുക തന്നെയാണിന്നും.
പലവിധ പ്രയാസങ്ങള്‍ക്കിടയിലും നാഥന്‍ നല്‍കുന്ന വലിയ സന്തോഷങ്ങള്‍. അല്‍ ഹംദുലില്ലാഹ്...

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News