മുസ്ലിം പ്രീണന ആരോപണം തള്ളി മമത
കൊല്‍ക്കത്ത- മുസ്ലിംകളെ പ്രീണിപ്പിക്കുന്നുവെന്ന ബി.ജെ.പിയുടെ ആരോപണത്തിനു മറുപടിയുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ഇന്ത്യ എല്ലാ മതവിഭാഗക്കാര്‍ക്കും സ്വന്തമാണെന്നും ഹിന്ദു സ്‌നേഹമെന്നാല്‍ മുസ്്‌ലിം വിരുദ്ധതയല്ലെന്നും അവര്‍ പറഞ്ഞു. കൊല്‍ക്കത്ത റെഡ് റോഡില്‍ ഈദിനോടനുബന്ധിച്ച് സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മമത.
ചിലര്‍ തന്നെ മുസ്്‌ലിം പ്രീണനക്കാരിയെന്നു വിളിക്കുന്നു. ഹിന്ദു സ്‌നേഹമെന്നാല്‍ മുസ്്‌ലിം വിരുദ്ധതയാണോ എന്നാണ് അവരോട് ചോദിക്കാനുള്ളത്. എല്ലാ സമുദായങ്ങളെയും മതങ്ങളെയും ഞാന്‍ ഒരു പോലെ ബഹുമാനിക്കുന്നു. ഈ രാജ്യം എല്ലാ വിഭാഗക്കാര്‍ക്കും അവകാശപ്പെട്ടതാണ്. തന്നെ മുസ്്‌ലിം പ്രീണനക്കാരിയെന്ന് ആരോപിക്കുന്നവര്‍ മുസ്്‌ലിംകളുടെയോ ഹിന്ദുക്കളുടെയോ സുഹൃത്തുക്കളല്ല- മമത പറഞ്ഞു. പേരെടുത്ത് പറയാതെയാണ് ബി.ജെ.പിയുടെ ആരോപണത്തിന് അവര്‍ മറുപടി നല്‍കിയത്.
തന്റെ പ്രതിഷേധത്തെ തുടര്‍ന്നാണ് ഈദ് ദിനത്തില്‍ തീരുമാനിച്ചിരുന്ന നീതി ആയോഗ് യോഗം ഞായറാഴ്ചത്തേക്ക് മാറ്റിയതെന്ന് മമത പറഞ്ഞു.
നീതി ആയോഗ് യോഗം തീരുമാനിക്കുമ്പോള്‍ അന്ന് ഈദ് ആയിരിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് അറിയാത്തതാണോ എന്ന് മമത ചോദിച്ചു. ഈദുമായി ഏറ്റുമുട്ടാത്ത തരത്തില്‍ തീയതി മാറ്റണമെന്ന് താന്‍ കേന്ദ്ര സര്‍ക്കാരിന് എഴുതുകയായിരുന്നുവെന്ന് അവര്‍ വെളിപ്പെടുത്തി.
കൊല്‍ക്കത്ത റെഡ് റോഡിലെ ഈദ് സംഗമത്തില്‍ താനും സംബന്ധിച്ചുവെന്ന് വ്യക്തമാക്കിയ മമത അവിടെനിന്നുള്ള ഫോട്ടോകള്‍ ട്വിറ്ററില്‍ ഷെയെ ചെയ്താണ് ഈദ് മുബാറക്ക് നേര്‍ന്നത്.