വായിക്കുക, വേദനകളിലടങ്ങിയ വേദാന്തം

ജീവിതത്തിൽ പല കാലങ്ങളിൽ പലതരത്തിലുള്ള  പ്രതിസന്ധികൾ അഭിമുഖീകരിക്കേണ്ടവരാണ് മനുഷ്യർ ഓരോരുത്തരും.പ്രതികൂല സാഹചര്യങ്ങളെ തന്റേടത്തോടെ നേരിടാൻ ചെറിയ പ്രായത്തിൽ തന്നെ ശീലിച്ചവർ പൊതുവെ  മാതാപിതാക്കളിൽ നിന്നും ഗുരുക്കളിൽ നിന്നും  നല്ല പാഠങ്ങളും  പിന്തുണയും  ലഭിച്ചവരും  ബോധപൂർവ്വമുള്ള നിരീക്ഷണത്തിലൂടെ ചുറ്റുപാടുകളിൽ നിന്ന്  കരുത്ത് ആർജിച്ചവരുമായിരിക്കും.  
ഒത്തിരി പ്രശ്‌നങ്ങളിലൂടെ കടന്ന് പോകേണ്ടി വന്ന  ഒരു മകളുടെ കഥ ഏറെ സ്മരണീയമാണ്. തന്റെ പ്രശ്‌നങ്ങളെ കുറിച്ചും  അഖ  തന്നെ  എങ്ങനെ ബുദ്ധിമുട്ടിലാക്കുന്നുവെന്നതിനെ കുറിച്ചും അവൾ  സ്‌നേഹനിധിയായ അച്ഛനോട്  പരാതിപ്പെട്ടു.  ഒരു പ്രശ്‌നം പരിഹരിച്ചപ്പോഴേക്കും പുതിയൊന്ന്  ഉടലെടുത്തതായി അവൾക്ക്  തോന്നി. പല പ്രതികൂല സാഹചര്യങ്ങളോടും അപ്രതീക്ഷിത പരീക്ഷണങ്ങളോടും കലഹിച്ചും പോരാടിയും അവൾ തളർന്നു പോകുന്നു. പരിഭവം പറച്ചിലിനൊടുവിൽ ആകെ അസ്വസ്ഥയായി കാണപ്പെട്ട മകളെ  പാചകക്കാരനായ അവളുടെ അച്ഛൻ  അടുക്കളയിലേക്കാണ് കൂട്ടിക്കൊണ്ടുപോയത്. അദ്ദേഹം  മൂന്ന് പാത്രങ്ങളിൽ വെള്ളം നിറച്ച് ഓരോന്നും അടുപ്പത്ത്  വെച്ചു. താമസിയാതെ വെള്ളം  തിളച്ചു. ഒന്നിൽ അദ്ദേഹം ഏതാനും കാരറ്റും  രണ്ടാമത്തേതിൽ കോഴിമുട്ടകളും  മൂന്നാമത്തെ പാത്രത്തിൽ  കാപ്പിക്കുരു പൊടിച്ചതുമിട്ടു. സൗമ്യമായ പുഞ്ചിരിയോടെ ഒരു വാക്കുപോലും പറയാതെ അയാൾ   അവിടെ ഇരുന്നു പാത്രങ്ങൾ നന്നായി  തിളപ്പിച്ചു.
അച്ഛൻ  എന്താണ് ചെയ്യുന്നതെന്ന് മകൾ   അക്ഷമയോടെ ആശ്ചര്യപ്പെട്ടു. ഏകദേശം ഇരുപത് മിനിറ്റിനുള്ളിൽ അദ്ദേഹം ബർണറുകൾ ഓഫ് ചെയ്തു. ആദ്യം  കാരറ്റ് പുറത്തെടുത്ത് ഒരു പാത്രത്തിൽ വെച്ചു. പിന്നീട്  മുട്ടകൾ പുറത്തെടുത്ത് മറ്റൊരു പാത്രത്തിൽ വെച്ചു. എന്നിട്ട് കാപ്പി  ഒരു മഗ്ഗിലേക്കു ഒഴിച്ചു. മകളുടെ നേരെ തിരിഞ്ഞ് അദ്ദേഹം പതുക്കെ  ചോദിച്ചു, 'മോളേ ,നീ  എന്താണ് കാണുന്നത്?' അവൾ മറുപടി പറഞ്ഞു: 'വെന്ത കാരറ്റ്, മുട്ട, കാപ്പി,'
അച്ഛൻ  അവളെ അടുത്തേക്ക് നിർത്തി ചൂട് അൽപം കുറഞ്ഞതിന് ശേഷം  അവളോട് കാരറ്റ് തൊട്ട് നോക്കാൻ  ആവശ്യപ്പെട്ടു.  അത് വളരെ മൃദുവായിട്ടുണ്ടെന്ന്  പറഞ്ഞു.  എന്നിട്ട് അവളോട് ഒരു മുട്ട എടുത്ത് പൊട്ടിക്കാൻ പറഞ്ഞു. തോട്  മാറ്റിയശേഷം  വേവിച്ച കോഴിമുട്ട നിരീക്ഷിക്കാനും പറഞ്ഞു. അവസാനം  അൽപം പഞ്ചസാരയിട്ട കാപ്പി കുടിക്കാനും അവളോട്  പറഞ്ഞു. അതിന്റെ സമൃദ്ധമായ സൗരഭ്യം ആസ്വദിച്ച് അവൾ പുഞ്ചിരിച്ചു. തുടർന്ന് അവൾ താഴ്മയോടെ ചോദിച്ചു. 'അച്ഛനെന്താണിത് കൊണ്ട് ഉദ്ദേശിക്കുന്നത്? എന്താണ് ഇതിന്റെ അർത്ഥം?' ഓരോരുത്തർക്കും ഒരേ ദുരിതം, തിളയ്ക്കുന്ന വെള്ളം, എന്നാൽ ഓരോരുത്തരും പ്രതികരിച്ചത് നോക്കൂ. തികച്ചും  വ്യത്യസ്തമായിട്ടാണെന്നത് കണ്ടില്ലേ? തുടർന്ന് അദ്ദേഹം കൂടുതൽ  വിശദീകരിച്ചു.  ശക്തവും കഠിനവുമായ കാരറ്റ്, ചുട്ടുതിളക്കുന്ന വെള്ളത്തിൽ പതച്ചപ്പോൾ അത് മയപ്പെടുകയും ദുർബലമാവുകയും ചെയ്തു. കോഴിമുട്ട പൊട്ടുന്ന നിലയിലായിരുന്നു. അതിന്റെ നേർത്ത പുറംതോട് അതിന്റെ അകത്തെ ദ്രവരൂപത്തെ സംരക്ഷിച്ചിരുന്നു. പക്ഷേ, തിളച്ച വെള്ളത്തിൽ   ഇരുന്നതോടെ അതിന്റെ ഉള്ളം കടുപ്പമായി. എന്നാൽ കാപ്പിക്കുരുവാകട്ടെ, തിളച്ച വെള്ളത്തിലിറങ്ങിയ ശേഷം അത്  വെള്ളത്തിന്റെ ഭാഗമായി  മാറിയിരുന്നു. ശരിയല്ലേ?.  ഇതിൽ നീ ആരെ പോലെയാണ്?  അയാൾ മകളോട് ചോദിച്ചു. പ്രയാസങ്ങളും പ്രതിസന്ധികളും  നിങ്ങളുടെ വാതിലിൽ മുട്ടുമ്പോൾ, നിങ്ങൾ എങ്ങനെ പ്രതികരിക്കും?  ഒരു കാരറ്റായോ , മുട്ടയായോ, കാപ്പിക്കുരുവായോ ആണോ? അച്ഛന്റെ ചോദ്യത്തിൽ അടങ്ങിയ പൊരുൾ തിരിച്ചറിഞ്ഞ മകൾക്ക്   പിന്നീടങ്ങോട്ട്  നേരിടുന്ന പ്രശ്‌നങ്ങളോടുള്ള സമീപനത്തിൽ  കാതലായ മാറ്റവും വന്നു എന്നാണ് കഥ.
പ്രശ്‌നങ്ങളും കാലുഷ്യങ്ങളും നമ്മെ തളർത്താനുള്ളതല്ല. നമ്മെ കൂടുതൽ പാകപ്പെടുത്താനുള്ള പ്രക്രിയയായി കണ്ട് തുടങ്ങിയാൽ നമ്മുടെ മനോഭാവത്തിൽ മാറ്റം വരും. പ്രശ്‌നങ്ങളെ ക്ഷമയോടെ  തന്റേടത്തോടെ  അതിജീവിക്കാൻ എളുപ്പം കഴിയും. വേദവാക്യം അടിവരയിടുന്ന പരമ സത്യവുമാണതെന്നുമറിയുക.
'ഭയം, പട്ടിണി, ജീവധനാദികളുടെ നഷ്ടം, വിളനാശം എന്നിവയിലൂടെ നാം നിങ്ങളെ പരീക്ഷിക്കുകതന്നെ ചെയ്യും. അപ്പോഴൊക്കെ ക്ഷമിക്കുന്നവരെ ശുഭവാർത്ത അറിയിക്കുക.' (2:155). വേദനയിൽ ഉള്ളടക്കം ചെയ്യപ്പെട്ട വേദാന്തത്തെ വായിച്ചു തുടങ്ങിയാൽ ജീവിതം മുഴുക്കെ ക്ഷമ അവലംബിക്കാൻ കഴിയുമെന്നതിൽ സംശയമില്ല.

Latest News