വർണവിസ്മയങ്ങളിലൂടെ 'വർണം ശറഫു'

ചിത്രരചന കലകളിൽ ശ്രേഷ്്ഠകലയാണ്. അപൂർവ്വം പേർക്ക് മാത്രം ലഭിക്കുന്ന സിദ്ധി. ജീവൻ തുടിക്കുന്ന ഒരുചിത്രം നമുക്ക് ഒത്തിരി സന്ദേശങ്ങൾ ഓതിത്തരുന്നു. ചില ചിത്രങ്ങൾ നമ്മെ ഒരു കാലഘട്ടത്തിലേക്ക് തന്നെ കൂട്ടികൊണ്ട് പോകുന്നു. വൈകാരികത പടർത്തുന്ന ചിത്രം നമുക്ക് ദയയും കരുണയും അനുകമ്പയും സഹതാപവും ഒപ്പം ചേർത്ത് നിർത്താൻ ഉത്തേജനവും കൂടി നൽകുന്നു.
പല പ്രഗൽഭന്മാരും ചിത്രരചനയിൽ പ്രാവീണ്യം നേടിയവരാണ്. രാഷ്ട്രീയ നേതാക്കളിൽ അന്തരിച്ച മുൻ മുഖ്യമന്ത്രി കെ. കരുണാകരൻ ചിത്രരചനയുടെ ആശാനായിരുന്നു. ഇന്ന് രാഷ്ട്രീയത്തിൽ നിറഞ്ഞ് നിൽക്കുന്ന എം.കെ മുനീറിന്റെ പ്രധാന ഹോബിയും ചിത്രം വര തന്നെ.


മലപ്പുറം വടക്കാങ്ങര വടക്കേകുളമ്പിലെ പാലക്കോളി ശറഫുദ്ദീൻ രണ്ടാം ക്ലാസ്സിൽനിന്ന്്് തുടങ്ങിയതാണ് ചിത്രം വര. കയ്യിൽ കിട്ടിയ പെൻസിൽ പൊട്ട് കൊണ്ട് സ്ലേയ്റ്റിൽ പല ചിത്രങ്ങളും കോരിയിടൽ തുടങ്ങിയ ശറഫുവിന് പ്രോൽസാഹനം ലഭിച്ചത് സഹപാഠികളിൽനിന്ന് മാത്രവും. വീട്ടുകാരിൽനിന്ന് ഈ ചെറുക്കൻ അവിടേം ഇവിടേം കോറിവരഞ്ഞ് വൃത്തികേടാക്കും എന്ന ശകാരവും.
ചിത്രരചനക്ക് ഗുരുനാഥനില്ലാത്ത ശറഫുദ്ദീൻ ജീവൻ തുടിക്കുന്ന നൂറ് കണക്കിന് ചിത്രങ്ങൾ വരച്ചിട്ടുണ്ട്. ലോകം വിറച്ച കോവിഡ് മഹാമാരിയിലാണ് ശറഫുവിന്റെ വിവിധ ഭാവങ്ങളിലും രൂപങ്ങളിലുമുള്ള ചിത്രങ്ങൾ പിറവിയെടുത്തത്. തടത്തിലക്കുണ്ട് ടി.എസ്.എസിലെ പഠനകാലം. നമ്പൂതിരി മാഷാണ് അന്ന് ഡ്രോയിംഗ് അധ്യാപകൻ. പഠനം കഴിയുംവരെ തന്റെ ശിഷ്യനെ ശ്രദ്ധിക്കാൻ സാറിന് സമയമുണ്ടായില്ലെങ്കിലും സ്‌കൂൾ തല  മത്സരത്തിൽ ശറഫു രണ്ടാമനായി. പ്ലസ് ടു പഠനശേഷം കൂട്ടപ്പുലാൻ സുബൈറിന്റെ കൂടെ ബോർഡ് എഴുതാൻ പോയി. 2003 ലാണ് മക്കരപ്പറമ്പിൽ വർണം ആർട്ട്‌സ് എന്ന പേരിൽ സ്ഥാപനം തുടങ്ങുന്നത്.


കോവിഡ് മഹാമാരി ജീവിതം തന്നെ താളം തെറ്റിച്ചു. ഗതകാല സ്മരണകളുണർത്തുന്ന പല ചിത്രങ്ങളും അക്കാലത്ത് പിറന്നു. കടലിൽ വലയിടുന്ന മുക്കുവർക്കിടയിൽ വലക്കെട്ട് തോളിലേന്തിയ ഫിഷർമാന്റെ നിൽപ്പ് കണ്ടാൽ ആരും കണ്ണിമവെട്ടാതെ നോക്കിപ്പോകും. പുഴയിൽ പശുക്കളെ കഴുകുന്ന കർഷകൻ, മുട്ടിപ്പലകയിൽ ഇരുന്ന് മത്സ്യം നന്നാക്കുന്ന വീട്ടമ്മയെ നോക്കി - ചാരി നിന്ന് കിന്നാരം പറയുന്ന പൂച്ചകൾ.... എത്രയെത്ര മനോഹര ദൃശ്യങ്ങൾ ശറഫുവിന്റെ വരകളിലുണ്ട്.
സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ ഛായാചിത്രം നേരിൽ നൽകിയപ്പോൾ ശറഫുവിന് തങ്ങൾ ആശിർവദിച്ചത് എന്നും ഓർമ്മച്ചെപ്പിലുണ്ട്. രാഹുൽ ഗാന്ധിയുടെ രേഖാചിത്രവുമായി നൽകാൻ പോയെങ്കിലും തിക്കിലും തിരക്കിലുംപെട്ട് നേരിട്ട് കഴിയാത്തതിൽ വിഷമവും...
പാലക്കോളി യൂസുഫ്്് - നെളുകൻതൊടി മൈമൂന ദമ്പതികളുടെ പുത്രനാണ് ഈ വരയുടെ സുൽത്താൻ. സഹോദരങ്ങൾ: നാസർ (ജിദ്ദ), ഫസീന, ഷക്കീല. സഹധർമ്മിണി: മാജിത വാളക്കുണ്ടിൽ ഇരുമ്പുഴി. മക്കൾ: ഫാത്തിമ സിയ, ഫാത്തിമ സഹ്‌വ, സഹദ് ബിൻ ശറഫ്.


വടക്കാങ്ങര ജി.എം. എൽ.പി. സ്‌കൂൾ, തടത്തിലക്കുണ്ട് ഗവ. യു.പി സ്‌കൂൾ എന്നിവിടങ്ങളിൽ സ്‌കൂൾ വാർഷികത്തിൽ ചിത്രപ്രദർശനം നടത്തി. യു. പി. സ്‌കൂളിലെ ഇഷ്ട അധ്യാപികയും പ്രധാന അധ്യാപികയുമായ റിട്ടയർ ചെയ്ത മാലിനി ടീച്ചറെ പകർത്തിയ ചിത്രം സമ്മാനിച്ച് ഗുരുവന്ദനം നടത്തി.താൻ വരച്ച ചിത്രങ്ങൾ അടുത്ത് കോട്ടക്കുന്നിൽ പ്രദർശിപ്പിക്കാനുള്ള ശ്രമത്തിലാണ് ഈ കലാകാരൻ.വടക്കാങ്ങര ജി.എൽ.പി സ്‌കൂളിൽ നിന്ന് ആദരവ് കൈപ്പറ്റി.
വ്യാപാരി വ്യവസായി യൂത്ത് വിംഗിന്റെ മലപ്പുറം ജില്ലാ ആദരവ് മഞ്ഞളാംകുഴി അലി എം.എൽ.എ യാണ് നൽകിയത്.  മക്കരപ്പറമ്പ് വ്യാപാരി വ്യവസായി യൂത്ത് വിംഗ് ആദരവും നേടിയിട്ടുണ്ട്.
വടക്കാങ്ങര ജി.എം.എൽ.പി സ്‌കൂൾ പി.ടി.എ പ്രസിഡന്റ്, ഫ്‌ളക്‌സ് പ്രിന്റിങ്ങ് കൂട്ടായ്മയുടെ മലപ്പുറം ഏരിയ പ്രസിഡന്റാണ് ശറഫുദ്ദീൻ. സ്വന്തമായി നെയ്‌തെടുത്ത കഴിവുകൾക്ക് അംഗീകാരങ്ങളും പ്രശസ്തിയൊന്നും ഈ യുവാവ് ആഗ്രഹിക്കുന്നില്ല. തിരക്കിനിടയിലും ഒഴിവുണ്ടാക്കി നാട്ടിൻ പുറങ്ങളിലെ ഗതകാല ഓർമ്മകളും പുരാതന തൊഴിൽ സംസ്‌കാരവും നിറംപകർത്തി പുതു തലമുറക്ക് പറഞ്ഞ് കൊടുക്കാനാണ് ശറഫുവിനിഷ്ടം.

Latest News