Sorry, you need to enable JavaScript to visit this website.

ബി.ജെ.പിക്കുവേണ്ടി രംഗത്തിറങ്ങുന്ന കിച്ച സുദീപിന്റെ ഷോകള്‍ തടയണമെന്ന് ആവശ്യം

ബെംഗളൂരു- കര്‍ണാടകയില്‍ ബി.ജെ.പിക്കുവേണ്ടി പ്രചാരണം നടത്തുമെന്ന് പ്രഖ്യാപിച്ച കന്നഡ സൂപ്പര്‍താരം കിച്ച സുദീപിന്റെ  സിനിമകളുടെയും ഷോകളുടെയും പരസ്യങ്ങളുടെയും പ്രദര്‍ശനവും സംപ്രേഷണവും നിരോധിക്കണമെന്ന് ആവശ്യപ്പെട്ട്  ജനതാദള്‍ (സെക്കുലര്‍) തെരഞ്ഞെടുപ്പ് കമ്മിഷന് കത്തയച്ചു. ആസന്നമായ നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരില്‍ സ്വാധീനം ചെലുത്തുമെന്ന് ചൂണ്ടിക്കാട്ടിയാണ് ആവശ്യം.
ബി.ജെ.പിക്കുവേണ്ടി പ്രചാരണം നടത്തുമെന്ന് കിച്ച സുദീപ് കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു.
സുദീപും മറ്റൊരു താരമായ ദര്‍ശന്‍ തുഗുദീപയും ബി.ജെ.പിയില്‍ ചേരുമെന്ന വാര്‍ത്തകള്‍ പരന്നിരുന്നവെങ്കിലും ഇതിനു വിരുദ്ധമായി ബിജെപിയിലെ സുഹൃത്തുക്കള്‍ക്ക് വേണ്ടി പ്രചാരണം നടത്തുക മാത്രമാണ് ചെയ്യുകയെന്ന് സുദീപ് വിശദീകരിച്ചു.  മെയ് 10 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്നും താരം വ്യക്തമാക്കി.
ബുധനാഴ്ച കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയോടൊപ്പം  സുദീപ് വാര്‍ത്താ സമ്മേളനത്തെ അഭിസംബോധന ചെയ്തിരുന്നു. തനിക്ക് ഇവിടെ വരേണ്ട ആവശ്യമില്ലെന്നും വേദിക്കും പണത്തിനും വേണ്ടിയല്ല വന്നതെന്നും മുഖ്യമന്ത്രി ബൊമ്മെയോടുള്ള ബഹുമാനം മാത്രമാണ് കാരണമെന്നുമാണ് സുദീപ് പറഞ്ഞത്.  ബൊമ്മെ സാറിന്  പൂര്‍ണ പിന്തുണ പ്രഖ്യാപിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബിജെപിയുടെ പ്രത്യയശാസ്ത്രത്തില്‍ വിശ്വസിക്കുന്നുണ്ടോ എന്ന ചോദ്യത്തിന്  പ്രധാനമന്ത്രി മോഡി എടുത്ത ചില തീരുമാനങ്ങളെ ഒരു പൗരനെന്ന നിലയില്‍ പൂര്‍ണ്ണമായും മാനിക്കുന്നുവെന്നായിരുന്നു മറുപടി. അതാണ് തന്റെ കാഴ്ചപ്പാടെങ്കിലും അതിന് ഇവിടെ ഇരിക്കുന്നതുമായി ബന്ധമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.സുദീപ് ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും പെടുന്നയാളല്ലെന്ന് മുഖ്യമന്ത്രി ബെമ്മെയും പറഞ്ഞു.
കിച്ച സുദീപിന്റെ പ്രസ്താവന തന്നെ അമ്പരപ്പിച്ചുവെന്നും വേദനിപ്പിച്ചുവെന്നുമായിരുന്നു തെന്നിന്ത്യന്‍ താരം പ്രകാശ് രാജിന്റെ പ്രതികരണം.
കന്നഡ സൂപ്പര്‍താരം കിച്ച സുദീപ് അഭിനയിച്ച സിനിമകളുടെയും ഷോകളുടെയും പരസ്യങ്ങളുടെയും പ്രദര്‍ശനവും സംപ്രേഷണവും നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ശിവമോഗയിലെ അഭിഭാഷകനായ കെ.പി ശ്രീപാലും തെരഞ്ഞെടുപ്പ് കമ്മിഷന് കത്തയച്ചിട്ടുണ്ട്. കര്‍ണാടക നിയമസഭയിലേക്ക് മെയ് 10നാണ്  വോട്ടെടുപ്പ്. 13 നാണ്  വോട്ടെണ്ണല്‍.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News