സിഡ്‌നി- അത്രയ്ക്ക് അഹങ്കാരം പാടില്ലല്ലോ ചാറ്റ് ജിപിടിക്ക്. എല്ലാ കാര്യങ്ങളും അറിയാമെന്ന വിചാരത്തിന് ഓസ്‌ട്രേലിയയില്‍ നിന്നൊരു തിരിച്ചടി. ഹെപ്‌ബേണ്‍ ഷയറിന്റെ മേയര്‍ ബ്രഹാന്‍ ഹുഡ് കൈക്കൂലി വാങ്ങിയെന്ന് എഴുതിവെച്ചതിനാണ് ചാറ്റ് ജിപിടി പുലിവാല് പിടിച്ചത്.
താന്‍ കൈക്കൂലി വാങ്ങിയെന്ന ചാറ്റ് ജിപിടിയുടെ വാദം തിരുത്തിയില്ലെങ്കില്‍ ഓപ്പണ്‍ എഐക്കെതിരെ കോടതിയില്‍ പോകുമെന്നാണ് മേയര്‍ ബ്രഹാന്‍ ഹുഡ് അറിയിച്ചിരിക്കുന്നത്. വിദേശ കൈക്കൂലി കേസ് അഴിമതിയില്‍ കുറ്റവാളിയായി തന്നെ ചാറ്റ് ജിപിടി വിശേഷിപ്പിച്ചുവെന്നാണ് മേയര്‍ പരാതിപ്പെടുന്നത്. ജനപ്രതിനിധികളാണ് ചാറ്റ് ജിപിടി ചെയ്തുവെച്ച ചതി മേയറുടെ ശ്രദ്ധയില്‍ പെടുത്തിയത്. ഇതോടെ നിയമ നടപടി സ്വീകരിക്കാന്‍ മേയര്‍ തീരുമാനിക്കുകയായിരുന്നു.
തങ്ങളുടെ ആശങ്ക അറിയിച്ച് ഓപണ്‍എഐക്ക് കത്ത് അയച്ചെങ്കിലും ഇതുവരെ പ്രതികരിച്ചിട്ടില്ലെന്നാണ് മേയറുടെ അഭിഭാഷകന്‍ പറയുന്നത്. ആരോപണം തിരുത്താന്‍ 28 ദിവസമാണ് ഓപ്പണ്‍എഐക്ക് അനുവദിച്ചിട്ടുള്ളത്. മാര്‍ച്ച് 21നാണ് കത്തയച്ചത്.
ആരോപണത്തിന് പരിഹാരമുണ്ടായില്ലെങ്കില്‍ മാനനഷ്ടക്കേസ് കൊടുക്കുമെന്ന വിവരം കത്തില്‍ പങ്കുവെച്ചിട്ടുണ്ട്. അങ്ങനെയെങ്കില്‍ ചാറ്റ് ജിപിടിക്കെതിരായ ആദ്യ മാനനഷ്ടക്കേസ് കൊടുത്തുവെന്ന പേര് ബ്രഹാന്‍ ഹുഡ് സ്വന്തമാക്കും.






