ദിവസേന അത്താഴമായി സാലഡ് നല്‍കിയ മാതാപിതാക്കള്‍ക്കെതിരെ കുട്ടി പോലീസില്‍ പരാതി നല്‍കി. കാനഡയിലാണ് രസകരമായ സംഭവം നടന്നത്. എന്നും രാത്രി സാലഡ് കഴിച്ച് മടുത്തതോടെ പോലീസിന്റെ എമര്‍ജന്‍സി നമ്പറായ 911ലേക്ക് വിളിച്ച് കുട്ടി പരാതിപ്പെടുകയായിരുന്നു.
പോലീസ് എത്താന്‍ വൈകിയതോടെ കുട്ടി വീണ്ടും വിളിച്ച് എപ്പോള്‍ എത്തും എന്ന് ആരാഞ്ഞു. ഇതേ തുടര്‍ന്ന് നോവ സ്‌കോട്ടിയ പോലീസ് വീട്ടിലെത്തുകയായിരുന്നു. പോലീസ് വീട്ടിലെത്തിയതോടെ മാതാപിതാക്കള്‍ക്ക് വലിയ നാണക്കേടായി. മാതാപിതാക്കളെ ആശ്വസിപ്പിച്ച പോലീസ് അടിയന്തര സാഹചര്യങ്ങളില്‍ ഉപയോഗിക്കേണ്ട നമ്പര്‍ ദുരുപയോഗം ചെയ്യരുതെന്ന് കുട്ടിയെ ഉപദേശിച്ച ശേഷമാണ് മടങ്ങിയത്. പോലീസ്, അഗ്‌നിശമന സേന, ആംബുലന്‍സ് എന്നീ അടിയന്തര സേവനങ്ങള്‍ ലഭ്യമാക്കുന്നതിനാണ് കാനഡയില്‍ 911 എന്ന നമ്പര്‍ ഉപയോഗിക്കുന്നത്.