Sorry, you need to enable JavaScript to visit this website.

സ്പീക്കറുടെ ടീ പാര്‍ട്ടിയും ബഹിഷ്‌കരിച്ചു; ത്രിവര്‍ണ പതാകയുമേന്തി പ്രതിപക്ഷ റാലി

ന്യൂദല്‍ഹി- പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം പിരിഞ്ഞു. രാഹുല്‍ ഗാന്ധിയുടെ അയോഗ്യതയും അദാനി ഗ്രൂപ്പിനെതിരേ അന്വേഷണം ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ ബഹളത്തില്‍ മുങ്ങി ഇരു സഭകളും തുടര്‍ച്ചയായി സ്തംഭിച്ചിരുന്നു. അതിനിടെ വ്യാഴാഴ്ച ലോക്‌സഭ സ്പീക്കര്‍ ഓം ബിര്‍ള സംഘടിപ്പിച്ച ചായ സത്കാരവും പ്രതിപക്ഷ പാര്‍ട്ടികള്‍ ബഹിഷ്‌കരിച്ചു. ത്രിവര്‍ണ പതാകയുമേന്തി പ്രതിപക്ഷ എംപിമാര്‍ ജനാധിപത്യം ആക്രമിക്കപ്പെടുന്നു എന്ന മുദ്രാവാക്യവുമായി പാര്‍ലമെന്റില്‍ നിന്ന് വിജയ് ചൗക്കിലേക്ക് പ്രതിഷേധ റാലി നടത്തി.
    കോണ്‍ഗ്രസ്, ശിവസേന, എന്‍സിപി, ആം ആദ്മി പാര്‍ട്ടി, ആര്‍ജെഡി, ഡിഎംകെ, സമാജ് വാദി പാര്‍ട്ടി, സിപിഎം, സിപിഐ എംപിമാരും പ്രതിഷേധത്തില്‍ അണിനിരന്നു. പാര്‍ലമെന്റിന്റെ ഒന്നാം നമ്പര്‍ കവാടത്തില്‍ ത്രിവര്‍ണ പതാകയേന്തി കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയും പ്രതിഷേധത്തിനെത്തി. കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് പ്രതിഷേധത്തിന് നേതൃത്വം നല്‍കിയത്.
    പ്രതിഷേധത്തിന് മുന്‍പായാണ് സഭ പിരിയുന്ന ദിവസം സ്പീക്കര്‍ പതിവായ നടത്താറുള്ള ചായ സത്കാരം പ്രതിപക്ഷ എംപിമാര്‍ ബഹിഷ്‌കരിച്ചത്. മാര്‍ച്ച് 13ന് ബഡ്ജറ്റ് സമ്മേളനം ആരംഭിച്ചതു മുതല്‍ പ്രതിപക്ഷ കക്ഷികള്‍ തമ്മില്‍ ധാരണയിലെത്തി സംയുക്ത പ്രതിഷേധത്തിലായിരുന്നു. അദാനി വിഷയത്തില്‍ സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷണം ആവശ്യപ്പെട്ടാണ് തുടക്കം മുതല്‍ ഇരു സഭകളും പ്രതിപക്ഷം സ്തംഭിപ്പിച്ചത്. എന്നാല്‍, സഭയുടെ ആരംഭം മുതല്‍ വിദേശത്ത് വെച്ചു നടത്തിയ രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശങ്ങളില്‍ മാപ്പ് ആവശ്യപ്പെട്ട് ഭരണപക്ഷവും രൂക്ഷമായ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. അതിനിടെയാണ് അപകീര്‍ത്തി കേസില്‍ രാഹുല്‍ ഗാന്ധി അയോഗ്യനാകുന്നത്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News