Sorry, you need to enable JavaScript to visit this website.

ബിഹാറിലെ ബി.ജെ.പി നേതാവ് മാപ്പ് പറയണമെന്ന് സുപ്രീം കോടതി

ന്യൂദല്‍ഹി- തമിഴ്‌നാട്ടില്‍ ബിഹാറുകാരനായ കുടിയേറ്റ തൊഴിലാളിയെ കൊലപ്പെടുത്തിയെന്ന അഭ്യൂഹം പ്രചരിപ്പിച്ച ബി.ജെ.പി ബിഹാര്‍ വക്താവ് പ്രശാന്ത് ഉംറാവും മാപ്പ് പറയണമെന്ന് സുപ്രീം കോടതി. വ്യാജ വാര്‍ത്തയും അഭ്യൂഹങ്ങളും പ്രചരിപ്പിച്ചതിന് ക്ഷമ ചോദിക്കണമെന്നാണ് ബി.ജെ.പി നേതാവിനോട് പരമോന്നത നീതിപീഠം നിര്‍ദേശിച്ചത്. അഭിഭാഷക ജോലിയില്‍ ഏഴു വര്‍ഷത്തെ പരിചയം കൂടിയുള്ള ബി.ജെ.പി നേതാവ് ഉത്തരവാദിത്തത്തോടെ പെരുമാറണമെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

മുന്‍കൂര്‍ ജാമ്യം അനുവദിക്കാന്‍ മദ്രാസ് ഹൈക്കോടതി മുന്നോട്ടുവെച്ച ഉപാധി ചോദ്യം ചെയ്താണ് ഉംറാവു സുപ്രീം കോടതിയെ സമീപിച്ചത്. 15 ദിവസം പോലീസിനു മുന്നില്‍ ഹാജരാകണമെന്നായിരുന്നു ജാമ്യത്തിനുള്ള ഉപാധി. ബിഹാര്‍ കുടിയേറ്റ തൊഴിലാളികള്‍ തമിഴ്‌നാട്ടില്‍ വ്യാപകമായി ആക്രമിക്കപ്പെടുന്നുവെന്ന വ്യാജ് വാര്‍ത്തയാണ് ഇദ്ദേഹം പ്രചരിപ്പിച്ചത്.

തന്റെ ട്വീറ്റിന്റെ പേരില്‍ മറ്റു കേസുകളിലും അറസ്റ്റ് നേരിടേണ്ടിവരുമെന്ന് ബി.ജെ.പി നേതാവ് ഭയപ്പെട്ടിരുന്നു. ട്വീറ്റ് പിന്നീട് ഡിലീറ്റ് ചെയ്തു. പ്രദേശത്തിന്റേയും ഭാഷയുടേയും പേരില്‍ വ്യക്തികള്‍ക്കിടയില്‍ വിദ്വേഷമുണ്ടാക്കാന്‍ ശ്രമിക്കുന്നുവെന്നാണ് തമിഴ് നാട് പോലീസ് ബി.ജെ.പി നേതാവിനെതിരെ ആരോപണം ഉന്നയിച്ചിരുന്നത്. കലാപം ഇളക്കിവിടുകയാണന്ന് ആരോപിച്ച് ദൈനിക ഭാസകര്‍ എഡിറ്റര്‍ക്കെതിരേയും തന്‍വിര്‍ പോസ്റ്റ് ഉടമക്കെതിരെയും പോലീസ് കേസെടുത്തിരുന്നു.

ഹിന്ദി സംസാരിച്ചതിന് ബിഹാറില്‍നിന്നുള്ള 12 കുടിയേറ്റ തൊഴിലാളികളെ തമിഴ്‌നാട്ടില്‍ തൂക്കിക്കൊന്നുവെന്നായിരുന്നു പ്രശാന്ത് ഉംറാവുവിന്റെ ട്വീറ്റ്. ബിഹാര്‍ ഉപമുഖ്യമന്ത്രി തേജ്വസി യാദവ്, തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ എന്നിവരുടെ ഫോട്ടോകള്‍ കൂടി ചേര്‍ത്താണ് വ്യാജ വാര്‍ത്ത പോസ്റ്റ് ചെയ്തിരുന്നത്.  

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News