മാവേലിക്കര- കിണറ്റില്‍ വീണ രണ്ടു വയസുകാരനെ സാഹസികമായി രക്ഷപ്പെടുത്തിയ സഹോദരിക്ക് ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ മിഠായിപ്പൊതിയെത്തി. കിണറ്റില്‍ വീണ മാങ്കാംകുഴി കല്ലിത്തുണ്ടം സനലിന്റെയും ഷാജിലയുടെയും മകന്‍ ഇവാനിനെ (അക്കു) മൂത്ത സഹോദരിയായ 8 വയസ്സുകാരി ദിയയാണ് രക്ഷിച്ചത്.
20 അടിയിലേറെ താഴ്ചയുള്ള കിണറ്റിലേക്കാണ് ഇവാന്‍ വീണത്. ശബ്ദം കേട്ട് ഓടിയെത്തിയ ദിയ പൈപ്പിലൂടെ ഊര്‍ന്നിറങ്ങി അനുജനെ ഉയര്‍ത്തിയ ശേഷം പൈപ്പില്‍ പിടിച്ച് തൂങ്ങിക്കിടന്നു. ഓടിയെത്തിയ പ്രദേശവാസികള്‍ കയര്‍ ഉപയോഗിച്ച് കിണറ്റിലിറങ്ങി ഇരുവരെയും മുകളില്‍ എത്തിക്കുകയായിരുന്നു.
വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതിനെ കുട്ടിക്ക് തന്റെ വകയൊരു മധുരം നല്‍കാന്‍ മാവേലിക്കര ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. കെ.എ. ജിതേഷിനോട് മന്ത്രി പറഞ്ഞു. അദ്ദേഹം നേരിട്ട് കുട്ടിയുടെ വീട്ടിലെത്തിയാണ് മിഠായിപ്പൊതി കൈമാറിയത്.
ഡോക്ടറുടെ ഫോണില്‍ വീഡിയോ കോള്‍ ചെയ്ത മന്ത്രി, ദിയയുമായി സംസാരിക്കുകയും ആശംസകള്‍ അറിയിക്കുകയും ചെയ്തു.