ഒമാനില്‍ കാറിടിച്ച് മരിച്ച മലയാളികളുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി

മസ്‌കത്ത്- ഒമാനില്‍ കാറിടിച്ചു മരിച്ച മലയാളികളുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. ആലപ്പുഴ മാന്നാര്‍ സ്വദേശി സന്തോഷ് കുമാര്‍ പിള്ള (41), കണ്ണൂര്‍ കീഴാളൂര്‍ സ്വദേശി രാഹുല്‍ രമേഷ് (34) എന്നിവരാണ് കഴിഞ്ഞ ദിവസം നിസ്‌വയിലുണ്ടായ അപകടത്തില്‍ മരിച്ചത്.
ജോലി കഴിഞ്ഞ് സഹപ്രവര്‍ത്തകരോടൊപ്പം നടപ്പാതയിലൂടെ നടക്കവേ പിന്നില്‍നിന്നു വന്ന സ്‌പോര്‍ട്‌സ് കാര്‍ ഇടിച്ചാണു ഇരുവരുടെയും മരണമെന്നാണു ബന്ധുക്കള്‍ക്കു ലഭിച്ച വിവരം. നിസ്‌വ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന ഇരുവരുടെയും മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി കണ്ണൂര്‍, തിരുവന്തപുരം വിമാനത്താവളങ്ങള്‍ വഴിയാണ് നാട്ടിലേക്ക് കൊണ്ടുപോയത്.
ചെങ്ങന്നൂര്‍ പുലിയൂര്‍ തെക്കുംകോവില്‍ പരേതനായ പുരുഷോത്തമന്‍ പിള്ളയുടെയും ശാന്തകുമാരിയുടെയും മകനാണു സന്തോഷ് കുമാര്‍ പിള്ള. ഭാര്യ: അശ്വതി പിള്ള. മകന്‍: നൈനിക് എസ്. പിള്ള. രമേഷ് ചാലില്‍-ഉഷ കൊട്ടിയത്ത് ദമ്പതികളുടെ മകനാണു രാഹുല്‍ രമേഷ്.

 

Latest News