Sorry, you need to enable JavaScript to visit this website.

കരിപ്പൂര്‍ വിമാനത്താവള വികസനം: ഭൂവുടമകളുടെ ഹിയറിംഗ് നടത്തി

മലപ്പുറം-കരിപ്പൂര്‍ വിമാനത്താവളത്തിലെ റണ്‍വേ എന്‍ഡ് സേഫ്റ്റി ഏരിയ (റിസ) വര്‍ധിപ്പിക്കുന്നതിനായി പള്ളിക്കല്‍ പഞ്ചായത്തിലും കൊണ്ടോട്ടി നഗരസഭാ പ്രദേശത്തും ഭൂമിയേറ്റെടുക്കാനുള്ള നടപടികളുടെ ഭാഗമായി വീടും സ്ഥലവും നഷ്ടപ്പെടുന്നവര്‍ക്കും സമീപ പ്രദേശങ്ങളിലുള്ളവര്‍ക്കുമായി പ്രത്യേക സമിതി ഹിയറിംഗ് നടത്തി. പള്ളിക്കല്‍ വില്ലേജിലെ ഹിയറിംഗ് രാവിലെ പത്തിന് കരിപ്പൂര്‍ നഴ്സറി ഹാളിലും നെടിയിരുപ്പ് വില്ലേജിലേത് ഉച്ചക്ക് 2.30ന് കൊണ്ടോട്ടി താലൂക്ക് ഓഫീസ് കോണ്‍ഫറന്‍സ് ഹാളിലുമാണ് നടന്നത്. റിപ്പോര്‍ട്ട് പ്രകാരം ഇരു വില്ലേജുകളിലുമായി ഏറ്റെടുക്കുന്ന ഭൂമിയില്‍ 94 കുടുംബങ്ങളാണ് താമസിക്കുന്നത്. 62 വീടുകളെയും 32 ഏക്കര്‍ കൃഷി ഭൂമിയെയും ഭൂമി ഏറ്റെടുക്കല്‍ ബാധിക്കും. ജനവാസ കേന്ദ്രത്തില്‍ ഭൂമി ഏറ്റെടുക്കുന്നതില്‍ നാട്ടുകാരുടെ പരാതി സര്‍ക്കാരിനെ ബോധ്യപ്പെടുത്തുമെന്നും വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും ഹിയറിംഗിനെത്തിയ ഉന്നത ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഭൂമിയേറ്റെടുക്കലിനു ചുമതലയുള്ള ഡെപ്യൂട്ടി കളക്ടര്‍ പ്രേംലാല്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍ കിഷോര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘമാണ് ഭൂവുടമകളുമായി സംസാരിച്ചത്. യോഗത്തില്‍ പ്രദേശവാസികളും ഭൂമിയും വീടും നഷ്ടമാകുന്നവരും ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും പങ്കെടുത്തു. സ്ഥലം വിട്ടുനല്‍കുന്നവര്‍ക്ക് അര്‍ഹമായ ആനുകൂല്യവും പുനരധിവാസ പാക്കേജും നല്‍കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. റണ്‍വേ എന്‍ഡ് സേഫ്റ്റി ഏരിയ ദീര്‍ഘിപ്പിക്കുന്നതിനായി 14.5 ഏക്കര്‍ ഭൂമിയാണ് ഏറ്റെടുക്കുന്നത്. പള്ളിക്കല്‍ വില്ലേജില്‍ നിന്നും ഏഴും നെടിയിരുപ്പ് വില്ലേജില്‍ നിന്ന് ഏഴര ഏക്കറുമാണ് ഇതില്‍ ഉള്‍പ്പെടുക. തിരുവനന്തപുരം സെന്റര്‍ ഫോര്‍ മാനേജ്മെന്റ് ഡവലപ്പ്‌മെന്റിന്റെ നേതൃത്വത്തിലാണ് സാമൂഹിക ആഘാത പഠനം. ഇതിന്റെ കരട് റിപ്പോര്‍ട്ട് കഴിഞ്ഞ മാസം ഡെപ്യൂട്ടി കളക്ടര്‍ക്ക് കൈമാറിയിരുന്നു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

 

Latest News