Sorry, you need to enable JavaScript to visit this website.

പുണ്യറമദാനില്‍ ലോകത്തെ മുസ്‌ലിംകളുടെ വികാരം വ്രണപ്പെടുത്തി; ഇസ്രായിലിനെതിരെ പ്രതിഷേധം

റിയാദ് - മസ്ജിദുല്‍ അഖ്‌സയില്‍ ഇസ്രായില്‍ സേന അതിക്രമിച്ചു കയറി ഫലസ്തീനികളെ ആക്രമിക്കുകയും നൂറു കണക്കിനാളുകളെ അറസ്റ്റ് ചെയ്യുകയും നാശനഷ്ടങ്ങള്‍ വരുത്തുകയും ചെയ്തതിനെ അറബ് ലീഗും ഗള്‍ഫ് സഹകരണ കൗണ്‍സിലും ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോ-ഓപ്പറേഷനും അപലപിച്ചു. വിശുദ്ധ സ്ഥലങ്ങളില്‍ ഇസ്രായില്‍ സൈന്യം നടത്തിയ നിരുത്തരവാദപരമായ ആക്രമണങ്ങള്‍ പുണ്യമദാനില്‍ ലോകത്തെ കോടിക്കണക്കിന് മുസ്‌ലിംകളുടെ വികാരം വ്രണപ്പെടുത്തുന്നതായി അറബ് ലീഗ് സെക്രട്ടറി ജനറല്‍ അഹ്മദ് അബുല്‍ഗെയ്ത്ത് പറഞ്ഞു. ഫലസ്തീനില്‍ സ്ഥിതിഗതികള്‍ അത്യന്തം വഷളാക്കുന്നതിലേക്ക് നയിക്കുന്ന ആക്രമണങ്ങള്‍ അവസാനിപ്പിക്കാന്‍ ഇസ്രായിലിനു മേല്‍ സമ്മര്‍ദം ചെലുത്താന്‍ യു.എന്‍ രക്ഷാ സമിതി അംഗങ്ങള്‍ സത്വര നീക്കം നടത്തണമെന്ന് അറബ് ലീഗ് സെക്രട്ടടറി ജനറല്‍ ആവശ്യപ്പെട്ടു.
പ്രകോപനപരമായ പ്രവര്‍ത്തനങ്ങള്‍ ഇസ്രായില്‍ ഉടനടി അവസാനിപ്പിക്കണം. ഇസ്രായില്‍ ഗവണ്‍മെന്റിന്റെ നയങ്ങള്‍ നിയന്ത്രിക്കുന്ന തീവ്രവാദ പ്രവണതകള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ ഫലസ്തീനികളുമായി വ്യാപകമായ ഏറ്റുമുട്ടലുകളിലേക്ക് നയിക്കുമെന്നും അറബ് ലീഗ് സെക്രട്ടറി ജനറല്‍ മുന്നറിയിപ്പ് നല്‍കി. വിശുദ്ധ സ്ഥലങ്ങള്‍ക്കും ആരാധനാ സ്വാതന്ത്ര്യത്തിനുമെതിരായ ഇസ്രായില്‍ ആക്രമണം ജനീവ കണ്‍വെന്‍ഷനുകളുടെയും യു.എന്‍ പ്രമേയങ്ങളുടെയും നഗ്നമായ ലംഘനമാണെന്ന് ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോ-ഓപ്പറേഷന്‍ പറഞ്ഞു. ഇത്തരം ആക്രമണങ്ങളുണ്ടാക്കുന്ന പ്രത്യാഘാതങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം ഇസ്രായിലിനാണ്. ഇസ്രായിലി ആക്രമണങ്ങള്‍ മേഖലയില്‍ സംഘര്‍ഷത്തിനും അക്രമത്തിനും അസ്ഥിരതക്കും വളമായി മാറുമെന്നും ഒ.ഐ.സി സെക്രട്ടറി ജനറല്‍ ഹുസൈന്‍ ത്വാഹ പറഞ്ഞു.
മസ്ജിദുല്‍ അഖ്‌സയില്‍ ഇസ്രായില്‍ സേന അതിക്രമിച്ചു കയറിയതിനെ ഗള്‍ഫ് സഹകരണ കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ ജാസിം അല്‍ബുദൈവിയും ശക്തമായ ഭാഷയില്‍ അപലപിച്ചു. ലോകമെങ്ങുമുള്ള മുസ്‌ലിംകളുടെ വികാരത്തെ ഇത് വ്രണപ്പെടുത്തുന്നു. ഇത് അന്താരാഷ്ട്ര തത്വങ്ങള്‍ക്കും മര്യാദകള്‍ക്കും വിരുദ്ധമാണ്. അധിനിവിഷ്ട ഫലസ്തീനില്‍ ഇസ്രായില്‍ തുടരുന്ന ആക്രമണങ്ങളും വിശുദ്ധ കേന്ദ്രങ്ങള്‍ക്കെതിരായ കൈയേറ്റങ്ങളും പശ്ചിമേഷ്യയില്‍ സംഘര്‍ഷം കൂടുതല്‍ രൂക്ഷമാക്കുമെന്നും ജി.സി.സി സെക്രട്ടറി ജനറല്‍ പറഞ്ഞു. മസ്ജിദുല്‍ അഖ്‌സയിലെ ഇസ്രായില്‍ അതിക്രമങ്ങള്‍ വിശകലനം ചെയ്യാന്‍ അറബ് ലീഗ് അടിയന്തിര യോഗം ചേരണമെന്ന് ജോര്‍ദാന്‍ ആവശ്യപ്പെട്ടു.
അതേസമയം, മേഖലയുടെ സ്ഥിരതക്കും അഭിവൃദ്ധിക്കും വേണ്ടിയുള്ള യു.എ.ഇയുടെ രാഷ്ട്രീയ ദിശാബോധം ഇസ്രായില്‍ പ്രധാനമന്ത്രി ബെന്‍ജമിന്‍ നെതന്യാഹുവുമായി നടത്തിയ ഫോണ്‍ സംഭാഷണത്തില്‍ യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് വ്യക്തമാക്കിയതായി യു.എ.ഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് ഡോ. അന്‍വര്‍ ഗര്‍ഗാശ് പറഞ്ഞു. തന്ത്രപരമായ ഓപ്ഷന്‍ എന്നോണം സമാധാനത്തിന്റെയും വികസനത്തിന്റെയും പാത സ്വീകരിക്കേണ്ടതിന്റെ ആവശ്യകത ശൈഖ് മുഹമ്മദ് ബിന്‍ സായിദ് വ്യക്തമാക്കി. ലോകത്തെ മുഴുവന്‍ രാജ്യങ്ങളുമായും ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളുമായി യു.എ.ഇ മുന്നോട്ടുപോകും. അറബികളുമായും ഇസ്രായിലികളുമായും അന്താരാഷ്ട്ര പങ്കാളികളുമായും ചേര്‍ന്ന് സമാധാനത്തിന്റെയും സ്ഥിരതയുടെയും പാതക്ക് യു.എ.ഇ പിന്തുണ നല്‍കുമെന്നും ഡോ. അന്‍വര്‍ ഗര്‍ഗാശ് പറഞ്ഞു. ചൊവ്വാഴ്ച രാത്രിയാണ് ഇസ്രായില്‍ പ്രധാനമന്ത്രി യു.എ.ഇ പ്രസിഡന്റുമായി ഫോണില്‍ ബന്ധപ്പെട്ട് ചര്‍ച്ച നടത്തിയത്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News