തൊടുപുഴ- പെണ്‍വീട്ടുകാരുടെ ഭീഷണിയെ തുടര്‍ന്ന് നാടുവിട്ട കമിതാക്കള്‍ക്ക് ഒരുമിച്ച് ജീവിക്കാന്‍ കോടതിയുടെ അനുമതി. ഇടുക്കി മജിസ്ട്രേറ്റ് കോടതിയാണ് വീട്ടുകാരുടെ ഭീഷണിയെ തുടര്‍ന്ന് നാടുവിട്ട ഇതരമതസ്ഥരായ യുവാവിനും യുവതിക്കും ഒന്നിച്ച് ജീവിക്കാന്‍ അനുമതി നല്‍കിയത്. തൊടുപുഴ ചെറുതോട്ടുംകര സ്വദേശി അമല്‍ അജയനും ചിലവ് സ്വദേശി ബീമാ നാസറുമാണ് ഇതിലെ നായകനും നായികയും. ഇരുവരെയും യുവാവിന്റെ കുടുംബത്തെയും കൊല്ലുമെന്ന് ബീമയുടെ വീട്ടുകാര്‍ ഭീഷണിപ്പെടുത്തിയെന്ന് യുവാവ് ഫേസ്ബുക്ക് പോസ്റ്റില്‍ ആരോപിച്ചിരുന്നു.
കഴിഞ്ഞ ദിവസമാണ് ഇവര്‍ നാടുവിട്ടത്. ഇതിന് പിന്നാലെയാണ് വധഭീഷണിയുമായി ബീമയുടെ വീട്ടുകാര്‍ രംഗത്തെത്തിയത്. ഇരുവരും എവിടെയെങ്കിലും പോയി ആത്മഹത്യ ചെയ്യണം അല്ലെങ്കില്‍ കുടുംബത്തോടൊപ്പം കൊലപ്പെടുത്തുമെന്നായിരുന്നത്രെ ഭീഷണി. യുവാവ് ഫെയ്സ്ബുക്ക് പോസ്റ്റില്‍ ഇക്കാര്യം അറിയിച്ചതോടെയാണ് വിവരം പുറംലോകം അറിഞ്ഞത്.
ഇവര്‍ അഭയം തേടിയെത്തിയത് അമലിന്റെ പാലക്കാടുള്ള അമ്മാവന്റെ വീട്ടില്‍. എന്നാല്‍ ഇരുവരും രണ്ടു മതത്തില്‍ പെട്ടവരായതുകൊണ്ടും ബന്ധുക്കള്‍ക്ക് അനിഷ്ടമുള്ളതുകൊണ്ടും അമ്മാവന്‍ ഇരുവരെയും ചെര്‍പ്പുളശേരി പോലീസിന് കൈമാറി. സ്റ്റേഷനില്‍ വെച്ച് അമല്‍ ഇട്ട ഫേസ്ബുക്ക് പോസ്റ്റിലാണ് തനിക്ക് വധഭീഷണിയുണ്ടെന്നും പോലീസിനെ സ്വാധീനിക്കാന്‍ യുവതിയുടെ ബന്ധുക്കള്‍ ശ്രമിക്കുന്നുണ്ടെന്നും ആരോപണമുള്ളത്. പെണ്‍കുട്ടിക്ക് വീട്ടില്‍ നിന്നുണ്ടായ പീഡനം സഹിക്കാതെയാണ് വീടുവിട്ടിറങ്ങിയത്. തന്റെ വീട് ഗുണ്ടകള്‍ വളഞ്ഞുവെന്നും അമല്‍ കുറിച്ചു. ഇതിനിടെ മകളെ കാണാനില്ലെന്ന് കാട്ടി ബീമയുടെ മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.
ഇന്നലെ ഇരുവരെയും ചെര്‍പ്പുളശ്ശേരി സ്റ്റേഷനില്‍നിന്ന് ഇടുക്കിയിലെ കരിമണ്ണൂര്‍ സ്റ്റേഷനിലേക്ക് മാറ്റി. ഉച്ചക്ക് രണ്ടു മണിയോടെ പോലീസ് ഇരുവരെയും കോടതിയില്‍ ഹാജരാക്കി. ഒരുമിച്ച് ജീവിക്കാന്‍ അനുവദിക്കണമെന്നതായിരുന്നു ഇരുവരുടെയും ആവശ്യം. ഇത് കോടതി അംഗീകരിച്ചു.






