കാമുകിയെ വിവാഹം കഴിക്കാന്‍ കൊലക്കേസ് പ്രതിക്ക് പരോള്‍

ബംഗളൂരു- കാമുകിയെ വിവാഹം കഴിക്കുന്നതിന് കൊലപാതക കേസില്‍ ശിക്ഷിക്കപ്പെട്ടയാള്‍ക്ക് പരോള്‍ അനുവദിച്ച് കര്‍ണാടക ഹൈക്കോടതി. അസാധാരണ സാഹചര്യം എന്നു വിലയിരുത്തിയാണ്, യുവാവിന് കോടതി പരോള്‍ അനുവദിച്ചത്. കൊലക്കേസില്‍ പത്തു വര്‍ഷത്തെ തടവുശിക്ഷ അനുഭവിക്കുന്ന ആനന്ദിനാണ് ജസ്റ്റിസ് എം. നാഗപ്രസന്ന പതിനഞ്ചു ദിവസത്തെ സ്വാതന്ത്ര്യം നല്‍കിയത്.
ആനന്ദിന്റെ മാതാവും കാമുകിയുമാണ് പരോള്‍ അനുവദിക്കണം എന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. ആനന്ദിന് പരോള്‍ കിട്ടാത്ത പക്ഷം തന്നെ വീട്ടുകാര്‍ മറ്റാര്‍ക്കെങ്കിലും വിവാഹം ചെയ്തു നല്‍കുമെന്ന് കാമുകി കോടതിയെ അറിയിച്ചു.
വിവാഹത്തിനായി പരോള്‍ നല്‍കുന്നത് ചട്ടത്തില്‍ ഇല്ലാത്ത കാര്യമാണെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ജയില്‍ മാന്വല്‍ അനുസരിച്ച് അസാധാരണ സാഹചര്യങ്ങളില്‍ പരോള്‍ നല്‍കാന്‍ അധികൃതര്‍ക്ക് അധികാരമുണ്ടെന്ന് കോടതി വ്യക്തമാക്കി. ഇതൊരു അസാധാരണ സാഹചര്യമാണെന്നും കോടതി പറഞ്ഞു.
ഒന്‍പതു വര്‍ഷമായി താന്‍ ആനന്ദുമായി പ്രണയത്തിലാണെന്ന് പെണ്‍കുട്ടി കോടതിയില്‍ പറഞ്ഞു. ആനന്ദിനു പരോള്‍ ലഭിച്ചില്ലെങ്കില്‍ തന്നെ മറ്റാര്‍ക്കെങ്കിലും വിവാഹം ചെയ്തു കൊടുക്കുമെന്നും പെണ്‍കുട്ടി അറിയിച്ചു. കേസില്‍ ആനന്ദിന് നേരത്തെ ജീവപര്യന്തം തടവാണ് വധിച്ചിരുന്നത്. ഇതു പിന്നീടു പത്തു വര്‍ഷമായി കുറയ്ക്കുകയായിരുന്നു.

 

 

Latest News