Sorry, you need to enable JavaScript to visit this website.

നസീര്‍ സാറിന് വേണ്ടി ലാലേട്ടന്‍ ഒരാളെ അടിച്ചിട്ടുണ്ട്,  ശ്രീനിവാസന്‍ ഇപ്പോള്‍ പറയുന്നത് നുണ-ഫാന്‍സ് 

കൊച്ചി- നസീര്‍ സംവിധാനം ചെയ്യാന്‍ ഉദ്ദേശിച്ച സിനിമയില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ മോഹന്‍ലാല്‍ ശ്രമം നടത്തിയിരുന്നെന്ന് ശ്രീനിവാസന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. നസീര്‍ സാറിനെ കുറിച്ച് ബഹുമാനമില്ലാത്ത രീതിയില്‍ മോഹന്‍ലാല്‍ സംസാരിച്ചിട്ടുണ്ടെന്നും ഈ അഭിമുഖത്തില്‍ ശ്രീനിവാസന്‍ വെളിപ്പെടുത്തുന്നുണ്ട്. എന്നാല്‍ അതിനു പിന്നാലെ മോഹന്‍ലാലിന്റെ പഴയൊരു അഭിമുഖം ഫാന്‍സ്  കുത്തിപ്പൊക്കി. ജോണ്‍ ബ്രിട്ടാസുമായുള്ള അഭിമുഖത്തില്‍ നസീറിനെ കുറിച്ച് മോഹന്‍ലാല്‍ സംസാരിക്കുന്ന ഭാഗമാണിത്.
ഒരിക്കല്‍ പ്രേം നസീറിനെ ആരോ കളിയാക്കിയപ്പോള്‍ മോഹന്‍ലാല്‍ അയാളുടെ മുഖത്ത് അടിച്ചിട്ടുണ്ടല്ലേ എന്ന ജോണ്‍ ബ്രിട്ടാസിന്റെ ചോദ്യത്തിന് മറുപടി നല്‍കുന്ന മോഹന്‍ലാലിനെയാണ് വീഡിയോയില്‍ കാണുക. അന്ന് അങ്ങനെ ചെയ്തതിനുള്ള കാരണമാണ് മോഹന്‍ലാല്‍ പറയുന്നത്. ' എത്രയോ നമ്മള്‍ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ആളെ പറ്റി പറയാന്‍ പാടില്ലാത്ത കാര്യം പറഞ്ഞപ്പോള്‍ അങ്ങനെ ചെയ്തിട്ടുണ്ട്. എന്നെ കളിയാക്കുകയാണെങ്കില്‍ ഞാന്‍ ചിലപ്പോള്‍ മിണ്ടാതെ ഇരിക്കും. നസീര്‍ സാറിനെ പോലുള്ള ഒരാളെ ആ സമയത്ത് അങ്ങനെ പറയാന്‍ പാടില്ല,' ജോണ്‍ ബ്രിട്ടാസിന്റെ ചോദ്യത്തിനു മറുപടിയായി മോഹന്‍ലാല്‍ പറയുന്നു. നസീറിനോട് ഇത്രയും ബഹുമാനമുള്ള മോഹന്‍ലാല്‍ ഒരിക്കലും അദ്ദേഹത്തെ കളിയാക്കി സംസാരിക്കില്ലെന്നും ശ്രീനിവാസന്‍ പറഞ്ഞത് നുണയാണെന്നുമാണ് മോഹന്‍ലാല്‍ ഫാന്‍സ് വാദിക്കുന്നത്.
പ്രേം നസീര്‍ സംവിധാനം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്ന സിനിമയുടെ പേരില്‍ മോഹന്‍ലാലിനോട് ദേഷ്യപ്പെട്ടിട്ടുണ്ടെന്നാണ് ശ്രീനിവാസന്‍ പറഞ്ഞത്. ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രേം നസീര്‍ ഒരു സിനിമ സംവിധാനം ചെയ്യാന്‍ പോകുന്നു എന്നറിഞ്ഞപ്പോള്‍ 'വയസാം കാലത്ത് ഇയാള്‍ക്ക് വേറെ പണിയില്ലേ' എന്നാണ് മോഹന്‍ലാല്‍ പ്രതികരിച്ചതെന്ന് ശ്രീനിവാസന്‍ പറയുന്നു.

Latest News