- വിഷമുണ്ടാക്കിയത് ആയുർവേദ ഡോക്ടറായ മകൻ. ചെയ്തിക്കു പിന്നിൽ അച്ഛനോടും രണ്ടാനമ്മയോടുമുള്ള പകയെന്ന് മൊഴി.
തൃശൂർ - അവണൂരിലെ ഗൃഹനാഥന്റെ മരണം കൊലപാതകമെന്ന് പോലീസ്. അവണൂരിൽ രക്തം ഛർദ്ദിച്ച് 57-കാരനായ ശശീന്ദ്രൻ മരിച്ചത് ഭക്ഷ്യ വിഷബാധ മൂലമല്ലെന്നും കൊലപാതകമാണെന്നും പോലീസ് പറഞ്ഞു.
ആയുർവേദ ഡോക്ടറായ മകൻ കടലക്കറിയിൽ വിഷം കലർത്തിയാണ് അച്ഛനെ കൊന്നത്. മകൻ മയൂര നാഥനെ(25) അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. ഇയാൾ വിഷം സ്വയം നിർമിച്ചതാണെന്ന് സമ്മതിച്ചതായി പോലീസ് പറഞ്ഞു.
ശശീന്ദ്രൻ പ്രഭാത ഭക്ഷണം കഴിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. മരണത്തിൽ അസ്വാഭാവികതയുണ്ടെന്ന് പോസ്റ്റുമോർട്ടത്തിൽ കണ്ടെത്തിയിരുന്നു. സംസ്‌കാര ചടങ്ങുകൾക്ക് ശേഷമാണ് ചോദ്യം ചെയ്യലിനായി മയൂരനാഥനെ പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചത്.
ഭക്ഷണത്തിൽ വിഷം കലർത്തിയത് അച്ഛനോടും രണ്ടാനമ്മയോടുമുള്ള പക കാരണമെന്നാണ് മൊഴി. കടലക്കറിയിലാണ് വിഷം കലർത്തിയതെന്നും വിഷവസ്തുക്കൾ ഓൺലൈനിൽ വരുത്തി സ്വയം നിർമ്മിച്ചതാണെന്നും പൊലീസ് പറഞ്ഞു. മരിച്ച ശശീന്ദ്രനൊപ്പം ഇഡ്ഡലിയും കറിയും കഴിച്ച ഭാര്യയും മറ്റ് രണ്ട് പേരും ചികിത്സയിലാണിപ്പോഴും. മകൻ വീട്ടിൽനിന്ന് ഭക്ഷണം കഴിച്ചിരുന്നില്ല.






