റിയാദ്- യെമനിൽ സഖ്യസേനയുടെ ഭാഗമായി സേവനമനുഷ്ഠിച്ചുവന്ന നാലു യു.എ.ഇ സൈനികർ വീരമൃത്യു വരിച്ചു. ഹൂത്തികളുടെ മിസൈൽ ആക്രമണത്തിലാണ് യു.എ.ഇ നാവിക സേനയുടെ കപ്പലിലുണ്ടായിരുന്ന നാല് സൈനികർ കൊല്ലപ്പെട്ടത്. ആക്രമണത്തിൽ കപ്പലിലെ മലയാളി ജീവനക്കാരനും കൊല്ലപ്പെട്ടതായി വിവരമുണ്ട്. ചാവക്കാട് തിരുവത്ര കിറാമൻകുന്ന് പരേതനായ പുളിക്കൽ അബ്ദുറഹ്മാൻ ഹാജിയുടെ മകൻ കമറുദ്ദീൻ (54) കൊല്ലപ്പെട്ടതായാണ് നാട്ടിൽ വിവരം ലഭിച്ചത്.
ഖലീഫ സൈദ് അൽഖാതിരി, അലി മുഹമ്മദ് അൽഹസാനി, ഖമീസ് അബ്ദുല്ല അൽസയൂദി, ഉബൈദ് ഹംദാൻ അൽഅബ്ദുലി എന്നിവരാണ് കൊല്ലപ്പെട്ട യു.എ.ഇ സൈനികരെന്ന് യു.എ.ഇ സായുധ സേനാ ജനറൽ കമാണ്ടന്റ് അറിയിച്ചു. എന്നാൽ കമറുദ്ദീൻ മരിച്ച വിവരം യു.എ.ഇ പ്രതിരോധ വകുപ്പ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. പ്രതിരോധ വകുപ്പിലെ യു.എ.ഇ പൗരൻ മലയാളിയായ കമറുദ്ദീന്റെ സുഹൃത്തിനോട് പറഞ്ഞ വിവരം അദ്ദേഹം കമറുദ്ദീന്റെ ബന്ധുക്കളെ അറിയിക്കുകയായിരുന്നു. എന്നാൽ മൃതദേഹം കണ്ടെത്തിയിട്ടില്ല.
22 വർഷമായി പ്രതിരോധ വകുപ്പിൽ ജോലി ചെയ്യുന്ന കമറുദ്ദീൻ ഒരാഴ്ച മുമ്പാണ് യെമൻ അതിർത്തിയിലെ ദൗത്യ സംഘത്തോടൊപ്പം പോയത്. കപ്പലിന്റെ മൂന്നാം നിലയിലെ മുറിക്കു സമീപത്താണ് ബുധനാഴ്ച പുലർച്ചെ മിസൈൽ ആദ്യം പതിച്ചത്. അവിടെനിന്ന് രക്ഷപ്പെട്ട് താഴെ നിലയിലേക്ക് വരുന്നതിനിടെ വീണ്ടും മിസൈൽ പതിക്കുകയായിരുന്നെന്നാണ് റിപ്പോർട്ട്. പെരുന്നാൾ പ്രമാണിച്ച് കമറുദ്ദീനും ഏതാനും ജീവനക്കാർക്കും കരയിലേക്ക് മടങ്ങാൻ പ്രതിരോധ വകുപ്പ് മേധാവി അനുവാദം നൽകിയിരുന്നു. ബന്ധുക്കൾ വിദേശകാര്യ വകുപ്പ് വഴി കൂടുതൽ വിവരങ്ങൾ അറിയാൻ ശ്രമിച്ചു വരികയാണ്.
ഏതാനം മാസം മുമ്പാണ് കമറുദ്ദീൻ നാട്ടിൽ വന്നു പോയത്. ഭാര്യ: ജുമൈല (സീനത്ത്). മക്കൾ: സുമയ്യ, അമീന. മരുമകൻ: ഷംസീർ (അബുദാബി). മൊയ്തുട്ടി, ഷംസീർ, അബ്ദുൽ ജലീൽ, അബ്ദുൽ നസീർ എന്നിവർ സഹോദരങ്ങളാണ്. (ചാവക്കാട്ടുനിന്ന് റാഫി വലിയകത്തിന്റെ റിപ്പോർട്ടോടെ)