ദിര്‍ഹം നല്‍കാമെന്ന് പറയും, തുറക്കുമ്പോള്‍ സോപ്പും തുണിയും; ആറ് പേര്‍ പിടിയില്‍

കാസര്‍കോട് - ദിര്‍ഹം മാറ്റി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടിയ ആറ് പേരെ സിറ്റി പോലീസ് അറസ്റ്റ് ചെയ്തു. ഉഡുപ്പി ബ്രഹ്മവാര്‍ കോട്ട പോലീസ് സ്റ്റേഷന്‍ പരിധിയില്‍
ആണ് സംഭവം. ദല്‍ഹി സ്വദേശി മുഹമ്മദ് പൊലാഷ് ഖാന്‍ (42), മുംബൈ സ്വദേശി മുഹമ്മദ് മഹ്താബ് ബിലാല്‍ ഷെയ്ഖ് (43), ദല്‍ഹി സ്വദേശി മുഹമ്മദ് ഫിറോസ് (30), ഹരിയാന സ്വദേശി നൂര്‍ മുഹമ്മദ് (36), ദല്‍ഹി സ്വദേശി മീര്‍സ് ഖാന്‍ (32),  ദല്‍ഹി സ്വദേശി മുഹമ്മദ് ജഹാംഗീര്‍ (60) എന്നിവരാണ് അറസ്റ്റിലായത്.
പ്രതികള്‍ക്കെതിരെ ദല്‍ഹി, ദാവന്‍ഗെരെ, ഹാസന്‍, ചിത്രദുര്‍ഗ, ചിക്കമംഗളൂരു എന്നിവിടങ്ങളിലും കേസെടുത്തിട്ടുണ്ട്. ബ്രഹ്മവാര്‍, കോട്ടയിലെ ഒരു ക്യാബ് ഡ്രൈവറെയും തുണി വ്യാപാരിയെയും പ്രതികള്‍ തങ്ങളുടെ ഇന്ത്യന്‍ രൂപ ദിര്‍ഹവുമായി മാറ്റി നല്‍കാമെന്ന് വാഗ്ദാനം നല്‍കി കബളിപ്പിക്കുകയായിരുന്നു. പണം മോഷ്ടിച്ച ശേഷം ദിര്‍ഹമാണെന്ന് വരുത്തി തീര്‍ത്ത് സോപ്പും തുണിയുമടങ്ങിയ പാക്കറ്റ്  നല്‍കിയിരുന്നു. പ്രതികളുടെ പക്കല്‍നിന്ന്  32 നമ്പറുകളുള്ള 100 ദിര്‍ഹം നോട്ടുകള്‍, 19 മൊബൈല്‍ ഫോണുകള്‍, 6,29,000 രൂപയുടെ ഇന്ത്യന്‍ പണം, മൂന്ന് ബൈക്കുകള്‍, 30 സിം കാര്‍ഡുകള്‍ എന്നിവ പിടിച്ചെടുത്തു.

 

 

Latest News