റൈസിങ് കശ്മീര്‍ എഡിറ്റര്‍ ശുജാത്ത് ബുഖാരിയെ വെടിവെച്ച് കൊന്നു

ശ്രീനഗര്‍- ജമ്മുകശ്മീരിലെ ദിനപത്രമായ റൈസിങ് കശ്മീര്‍ എഡിറ്ററും കശമീരിലെ സമാധാന ശ്രമങ്ങളില്‍ പങ്കാളിയുമായ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ശുജാത്ത് ബുഖാരിയെ ഭീകരര്‍ വെടിവെച്ചു കൊലപ്പെടുത്തി. വ്യാഴാഴ്ച വൈകുന്നേരം ഒരു ഇഫ്താര്‍ വിരുന്നില്‍ പങ്കെടുക്കാനായി ശ്രീനഗര്‍ ലാല്‍ ചൗക്കിലെ ഓഫീസില്‍ നിന്നു പുറത്തിറങ്ങുന്നതിനിടെയാണ് ശുജാത്തിന് വെടിയേറ്റത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും അവിടെ വച്ച് മരിച്ചു. ശുജാത്തിന്റെ സുരക്ഷാ ഓഫീസര്‍മാരില്‍ ഒരാളും വെടിവയ്പ്പില്‍ കൊല്ലപ്പെട്ടു. പരിക്കേറ്റ മറ്റു രണ്ടു പേരുടെ നില ഗുരുതരമാണ്.

ഓഫീസില്‍ നിന്നിറങ്ങി കാറില്‍ കയറുന്നതിനിടെയാണ് ശുജാത്തിനു നേരെ ആക്രമണമുണ്ടായത്. മോട്ടോര്‍ സൈക്കിളിലെത്തിയ മൂന്ന് ഭീകരരാണ് ആക്രമണത്തിനു പിന്നിലെന്ന് സംസ്ഥാന പോലീസ് മേധാവി എസ് പി വൈദ് പറഞ്ഞു. 2000-ല്‍ ശുജാത്തിനു നേര്‍ക്കു വധശ്രമമുണ്ടായതിനെ തുടര്‍ന്ന് അദ്ദേഹത്തിന് പോലീസ്  സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. സംഭവത്തില്‍ ജമ്മുകശ്മീര്‍ മുഖ്യമന്ത്രിയും കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങും അപലപിച്ചു.

ദി ഹിന്ദു ദിനപത്രത്തിന്റെ മുന്‍ ബ്യൂറോ ചീഫായിരുന്ന ശുജാത്ത നിരവധി അന്താരാഷ്ട്ര മാധ്യമ പുരസ്‌ക്കാരങ്ങളും നേടിയിട്ടുണ്ട്. കശ്മീരിലെ ഏറ്റവും വലിയ സാംസ്‌കാരിക സാഹിത്യ സംഘടനയായ അദബീ മര്‍കസ് കംറാസിന്റെ പ്രസിഡന്റ് കൂടിയായിരുന്നു അദ്ദേഹം.
 

Latest News