കാറില്‍ കടത്തുകയായിരുന്ന 52 കിലോഗ്രാം കഞ്ചാവ് പിടികൂടി, രണ്ടു യുവാക്കള്‍ അറസ്റ്റില്‍

കൊല്ലം -  കാറില്‍ കടത്തുകയായിരുന്ന 52 കിലോ കഞ്ചാവ് ചടയമംഗലത്ത് വെച്ച് പിടിച്ചെടുത്തു. കാറിനുള്ളില്‍ വിവിധ അറകളുണ്ടാക്കി അതിനുള്ളിലാണ് കഞ്ചാവ് ഒളിപ്പിച്ചിരുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ചിതറ സ്വദേശി ഫെബിമോന്‍, നെയ്യാറ്റിന്‍കര സ്വദേശി ഷൈന്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊല്ലം റൂറല്‍ പോലീസിന്റ ഡാന്‍സാഫ് ടീമും ചടയമംഗലം പോലീസും ചേര്‍ന്നാണ് കഞ്ചാവ് പിടികൂടിയത്.  ഇന്നലെ രാത്രി 12 മണിയോടുകൂടി നിലമേല്‍ വെച്ചാണ് ഇരുവരും സഞ്ചരിച്ചിരുന്ന കാറില്‍ കടത്തിക്കൊണ്ടു വരികയായിരുന്ന കഞ്ചാവ് പിടിച്ചെടുത്തത്. അറസ്റ്റിലായ ഫെബിമോന്‍ മുന്‍പ് 80 കിലോ കഞ്ചാവുമായി ചാത്തന്നൂര്‍ പോലീസിന്റ പിടിയിലായിട്ടുണ്ട് . ഒറീസ്സയില്‍ നിന്നാണ് കഞ്ചാവ് കടത്തി കൊണ്ടുവന്നതെന്ന് പോലീസ് പറഞ്ഞു. ഒറീസ്സയിലെയും ബംഗാളിലെയും വാഹനങ്ങളുടെ വ്യാജ നമ്പര്‍ പ്ലേറ്റുകളും ഇവരില്‍ നിന്ന് പോലീസ് കണ്ടെടുത്തു.

 

 

 

 

Latest News