വേലക്കാരിയെ രക്ഷപ്പെടുത്തി; വിഡിയോയുമായി ഇന്ത്യന്‍ എംബസി

അബുദാബി- ഗള്‍ഫു നാടുകളില്‍ തൊഴിലുടമകളുടെ ചൂഷണത്തിനിരയാകുന്നവര്‍ക്ക് സഹായമെത്തിക്കുന്ന സംഘടനകളും വ്യക്തികളും അതിന്റെ ക്രെഡിറ്റ് നഷ്ടപ്പെടാതിരിക്കാന്‍ വാര്‍ത്തകളും ചിത്രങ്ങളും യഥാസമയം പത്രം ഓഫീസുകളില്‍ എത്തിക്കാറുണ്ട്.
യു.എ.ഇയിലെ ഇന്ത്യന്‍ എംബസി സമൂഹ മാധ്യമങ്ങളില്‍ സജീവമായതിനാല്‍ അതിനുള്ള അവസരം മറ്റാര്‍ക്കും നല്‍കാറില്ല. അവര്‍ തന്നെ വിഡിയോ ഷൂട്ട് ചെയ്ത് ട്വിറ്ററിലും ഫെയ്‌സ്ബുക്കിലും നല്‍കുന്നു.
ജോലിയും ശമ്പളവും ലഭിക്കാതെ അല്‍ഐനില്‍ കുടുങ്ങിയ വീട്ടുജോലിക്കാരി അനിത അറോറയെ  ഇന്ത്യന്‍ എംബസി നല്‍കിയ സേവനങ്ങളും സഹായവും മുഴുവനായും വിശദീകരിപ്പിച്ച ശേഷമാണ് നാട്ടിലേക്ക് കയറ്റി വിട്ടത്.
ടിക്കറ്റ് ലഭിച്ച കാര്യവും നന്ദി പറയാന്‍ വിട്ടുപോയവരേയും  ഓര്‍മിപ്പിക്കുന്നത് ട്വിറ്ററിലും ഫേസ്ബുക്കിലും ഇന്ത്യന്‍ എംബസി പോസ്റ്റ് ചെയ്ത വിഡിയോ ക്ലിപ്പില്‍ കേള്‍ക്കാം.
വിദേശങ്ങളില്‍ ദുരിതങ്ങളിലകപ്പെടുന്ന ഇന്ത്യക്കാരെ സഹായിക്കുന്നതിന് മുന്തിയ പരിഗണനയാണ് നല്‍കുന്നതെന്നു പറഞ്ഞുകൊണ്ടാണ് ഇന്ത്യന്‍ അംബാസഡര്‍ വിഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്.

Latest News