വൈക്കം സത്യഗ്രഹം : സി കെ ആശയ്ക്ക് പരിഗണന ലഭിച്ചില്ലെന്ന വാദം തെറ്റെന്ന് കാനം രാജേന്ദ്രന്‍

തിരുവനന്തപുരം - വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷത്തിന്റെ പരസ്യത്തില്‍ നിന്ന് സി.കെ ആശ എം എല്‍ എയെ ഒഴിവാക്കിയെന്ന സി പി ഐ കോട്ടയം ജില്ലാ  കമ്മിറ്റിയുടെ വാദം പൂര്‍ണ്ണമായും തള്ളി പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സി.കെ.ആശ എം.എല്‍.എയ്ക്ക്  പരിഗണന ലഭിച്ചില്ലെന്ന വാദം തെറ്റണെന്നും പാര്‍ട്ടിക്ക് അത്തരമൊരു പരിഭവമില്ലെന്നും കാനം രാജേന്ദ്രന്‍ വ്യക്തമാക്കി. സി.പി.ഐ കോട്ടയം ജില്ലാ കമ്മറ്റിക്കും അത്തരത്തിലൊരു പരാതിയുള്ളതായി അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷവുമായി ബന്ധപ്പെട്ട പത്രപരസ്യത്തില്‍ സ്ഥലം എം.എല്‍.എയെ തഴഞ്ഞതില്‍ അതൃപ്തി പ്രകടിപ്പിച്ച് സി പി ഐ കോട്ടയം ജില്ലാ കമ്മിറ്റി രംഗത്തെത്തിയിരുന്നു. പി.ആര്‍.ഡി കാണിച്ചത് ഒരുകാരണവശാലും ന്യായീകരിക്കാന്‍ കഴിയില്ലെന്നും ജില്ലാ കമ്മിറ്റി പറഞ്ഞിരുന്നു. അതേസമയം പരസ്യത്തില്‍ നിന്ന് എം എല്‍ എയെ ഒഴിവാക്കിയെന്ന സി പി ഐയുടെ ആരോപണം തളളി സഹകരണ മന്ത്രി വി എന്‍ വാസവനും രംഗത്തെത്തി.  ഇതേക്കുറിച്ച് ഒരു പരാതിയും തന്റെ മുമ്പിലെത്തിയിട്ടില്ല. പരസ്യവുമായി ബന്ധപ്പെട്ട് പി ആര്‍ ഡിക്ക് തെറ്റ് പറ്റിയിട്ടുണ്ടെങ്കില്‍ പരിശോധിക്കുമെന്നും പരിപാടിയുടെ സംഘാടകരില്‍ പ്രധാനിയായ മന്ത്രി വി.എന്‍. വാസവന്‍ പറഞ്ഞു.

 

 

 

Latest News