നരേനും മീര ജാസ്മിനും വീണ്ടും ഒരുമിക്കുന്നു, ചിത്രീകരണം ഉടന്‍

എം. പത്മകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ മീര ജാസ്മിനും നരേനും നീണ്ട ഇടവേളക്ക് ശേഷം വീണ്ടും ഒരുമിക്കുന്നു. ശക്തമായ കഥാപാത്രമാണ് പത്മകുമാറിന്റെ ചിത്രത്തില്‍ മീരയെ കാത്തിരിക്കുന്നത്.
ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ ഉടന്‍ പ്രഖ്യാപിക്കും. രഞ്ജിത് മണമ്പ്രക്കാട്ട് ആണ് നിര്‍മാണം. ബ്ലൂ മൗണ്ട് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ രഞ്ജിത്ത് മണമ്പ്രക്കാട്ട് , എം പത്മകുമാര്‍. ശ്രീറാം മണമ്പ്രക്കാട്ട് എന്നിവരാണ് ഈ ചിത്രം നിര്‍മിക്കുന്നത്.
ഏപ്രില്‍ മൂന്ന് തിങ്കളാഴ്ച ചിത്രത്തിന്റെ ചിത്രീകരണം കൊച്ചിയില്‍ ആരംഭിക്കും. എം. പത്മകുമാറിന്റെ ജോസഫിലൂടെ സംഗീത സംവിധായകനായി ചുവടുവച്ച രഞ്ജിന്‍ രാജാണ് സംഗീതം.
സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ചിത്രമായ അച്ചുവിന്റെ അമ്മയില്‍ അച്ചു,  ഇജോ എന്നീ കഥാപാത്രങ്ങളായി തിളങ്ങിയവരാണ് മീര ജാസ്മിനും നരേനും. പിന്നീട് മിന്നാമിന്നിക്കൂട്ടം, ഒരേ കടല്‍ എന്നീ ചിത്രങ്ങളിലും ഒരുമിച്ചിട്ടുണ്ട്.
സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത മകള്‍ എന്ന ചിത്രത്തില്‍ ജയറാമിന്റെ നായികയായി അഭിനയിച്ചാണ് മീര ജാസ്മിന്റെ രണ്ടാം വരവ്. സത്യന്‍ അന്തിക്കാടും മീരയും ഒരുമിക്കുന്ന അഞ്ചാമത്തെ ചിത്രം കൂടിയായിരുന്നു അത്.
2002 ലാണ് നരേന്‍ സിനിമയില്‍ എത്തുന്നത്. പ്രേക്ഷകരുടെ ഇടയില്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നത് സത്യന്‍ അന്തിക്കാടിന്റെ അച്ചുവിന്റെ അമ്മ എന്ന ചിത്രത്തിലൂടെയാണ്. കമല്‍ ഹാസന്‍ ചിത്രമായ വിക്രത്തിലും ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. അദൃശ്യമാണ് മലയാളത്തില്‍ അവസാനമായി റിലീസിനെത്തിയ നരേന്റെ ചിത്രം.

 

Latest News