മാഹിയില്‍ പെട്രോളിന് 14 രൂപ കുറവ്, വന്‍ തിരക്ക്

കണ്ണൂര്‍- കേരളത്തില്‍ ഡീസലിനും പെട്രോളിനും 2 രൂപാ സാമൂഹ്യ സുരക്ഷാ സെസ് നിലവില്‍ വന്നതോടെ ഇന്ധന വിലയിലെ കുറവ് പ്രയോജനപ്പെടുത്താന്‍ മാഹിയിലെ പെട്രോള്‍ പമ്പുകളില്‍ വന്‍ തിരക്ക്. കേരളവുമായി താരതമ്യപ്പെടുത്തുമ്പോള്‍ പെട്രോള്‍ ലിറ്ററിന് 14 രൂപയും ഡീസലിന് ലിറ്ററിന് 13 രൂപയും മാഹിയില്‍ കുറവാണ്. മാഹിയില്‍നിന്ന് കേരളത്തിലേക്കുള്ള ഇന്ധനക്കടത്തും വര്‍ധിച്ചിട്ടുണ്ട്.

ഒരു ലിറ്റര്‍ പെട്രോളിന് മാഹിയില്‍ നല്‍കേണ്ടത് 93 രൂപ 80 പൈസ. മാഹി പിന്നിട്ട് തലശ്ശേരിയില്‍ എത്തിയാല്‍ വില 108 രൂപ 19 പൈസയാകും. അതായത് 14 രൂപ 39 പൈസയുടെ വ്യത്യാസം.
ഡീസലിന് 97 രൂപ 12 പൈസയാണ് കണ്ണൂരിലെ വില. മാഹിയിലാകട്ടെ 83 രൂപ 72 പൈസ. 13 രൂപ 40 പൈസയുടെ വ്യത്യാസം. കാറിന്റെ ഫുള്‍ ടാങ്ക് കപ്പാസിറ്റി 35 ലിറ്റര്‍ ആണെങ്കില്‍ ഒരു തവണ മാഹിയില്‍നിന്ന് പെട്രോള്‍ നിറച്ചാല്‍ 504 രൂപ ലാഭിക്കാം.

125 ലിറ്റര്‍ ടാങ്കുള്ള ചരക്ക് വാഹനമെങ്കില്‍ ഫുള്‍ ടാങ്ക് ഡീസലടിച്ചാല്‍ 1675 രൂപ ലാഭിക്കാം. അതുകൊണ്ട് തന്നെ മാഹിയിലെ പമ്പുകളിലെല്ലാം വന്‍ തിരക്കാണ് ഇപ്പോള്‍. മാഹി വഴി കടന്നു പോകുന്നവരെല്ലാം ഇന്ധനം നിറയ്ക്കാനുള്ള തിരക്കിലാണ്. ചെറിയ അളവില്‍ ഇന്ധനം നിറച്ചാല്‍ പോലും തെറ്റില്ലാത്ത ഒരു തുക ലാഭിക്കാം. 17 പെട്രോള്‍ പമ്പുകളാണ് നിലവില്‍ മാഹിയിലിലുളളത്. പ്രതിദിനം നടക്കുന്നത് വന്‍ കച്ചവടം. ഇതിനിടെ മാഹിയില്‍ നിന്നും ഇന്ധന കടത്തും സജീവമായിട്ടുണ്ട്.

 

Latest News