വര്‍ഗീയ സംഘര്‍ഷമുണ്ടായ ബിഹാറിലെ സസാരാമില്‍ നിരോധനാജ്ഞ, അമിത് ഷായുടെ പരിപാടി റദ്ദാക്കി

പട്‌ന- വര്‍ഗീയ സംഘര്‍ഷത്തിനു പിന്നാലെ നിരോധനാജ്ഞ പ്രഖ്യാപിച്ച ബിഹാറിലെ സസാരാമില്‍ നാളെ നടക്കാനിരുന്ന കേന്ദ്ര ആഭന്ത്രരമന്ത്രി അമിത്ഷായുടെ പരിപാടി റദ്ദാക്കി. ബിഹാര്‍ സര്‍ക്കാര്‍ പ്രദേശത്ത് 144 പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് പരിപാടി റദ്ദാക്കിയതെന്ന് ബി.ജെ.പി നേതാക്കള്‍ പറഞ്ഞു.  ദ്വിദിന സന്ദര്‍ശനത്തിനെത്തുന്ന കേന്ദ്ര ആഭ്യന്തര മന്ത്രി നാളെ സസാരാമില്‍ പൊതു റാലിയെ അഭിസംബോധന ചെയ്യേണ്ടതായിരുന്നു. രണ്ട് ദിവസത്തെ ബീഹാര്‍ സന്ദര്‍ശനത്തിനായി അമിത് ഷാ ശനിയാഴ്ച വൈകീട്ട് പട്‌ന വിമാനത്താവളത്തില്‍ എത്തും. സസാരം പരിപാടി റദ്ദാക്കിയതായി ബിഹാര്‍ ബിജെപി അധ്യക്ഷന്‍ സാമ്രാട്ട് ചൗധരി പറഞ്ഞു.
ബിഹാര്‍ സര്‍ക്കാര്‍ 144 ഏര്‍പ്പെടുത്തിയാല്‍ തങ്ങള്‍ എങ്ങനെ പരിപാടി നടത്തുമെന്ന്  ചൗധരി ചോദിച്ചു.
ക്രമസമാധാന നില സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ ജാഗ്രത പുലര്‍ത്തുകയാണെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ പറഞ്ഞു. കേന്ദ്രത്തില്‍ നിന്നുള്ള മന്ത്രിമാര്‍ വരുമ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ അതിന്റെ എല്ലാ ഉത്തരവാദിത്തങ്ങളും നിറവേറ്റാറുണ്ട്- അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ഭരണകക്ഷിയായ ജെഡിയു ബിജെപിയുമായുള്ള ബന്ധം വിച്ഛേദിച്ചതിന് ശേഷം അമിത് ഷായുടെ നാലാമത്തെ സംസ്ഥാന സന്ദര്‍ശനമാണിത്.
കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ബഹുതല സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും വ്യോമ നിരീക്ഷണത്തിനായി ഡ്രോണുകള്‍ വിന്യസിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഞായറാഴ്ച വൈകിട്ടാണ് അമിത് ഷാ ന്യൂദല്‍ഹിയിലേക്ക് മടങ്ങുക.
അതേസമയം, രാമനവമി ആഘോഷത്തിനിടെ  സസാരം, ബിഹാര്‍ ശരീഫ് പട്ടണങ്ങളില്‍ നടന്ന വര്‍ഗീയ കലാപങ്ങളുമായി ബന്ധപ്പെട്ട് 45 പേരെ അറസ്റ്റ് ചെയ്തു. മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സംഘര്‍ഷ ബാധിത പ്രദേശങ്ങളില്‍ ജാഗ്രതയോടെ ക്യാമ്പ് ചെയ്യുന്നുണ്ട്. രണ്ട് സ്ഥലങ്ങളിലും സാധാരണ നില പുനഃസ്ഥാപിച്ചതായി സംസ്ഥാന പോലീസ് ആസ്ഥാനം അറിയിച്ചു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News