മക്ക - വിദേശങ്ങളിൽ നിന്ന് വരുന്ന ഉംറ തീർഥാടകർ 60,000 റിയാലിൽ കൂടിയ തുകകളും ആഭരണങ്ങളും സ്വർണ ബിസ്കറ്റുകളും അമൂല്യ കല്ലുകളും മറ്റും കൈവശം വെക്കരുതെന്ന് ഹജ്, ഉംറ മന്ത്രാലയം നിർദേശിച്ചു. ഔദ്യോഗിക ഉറവിടങ്ങളിൽ നിന്നുള്ള ബാങ്കിംഗ് ആപ്പുകൾ മാത്രം ഡൗൺലോഡ് ചെയ്യണം. എ.ടി.എം കാർഡുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ മറ്റുള്ളവർക്കു മുന്നിൽ വെളിപ്പെടുത്തരുത്. അജ്ഞാത ഉറവിടങ്ങളിലേക്ക് പണം അയക്കാനും പാടില്ല.
പണമയക്കുന്നതിനു മുമ്പായി ഇ-ലിങ്കുകൾ ഉറപ്പുവരുത്തണം. അജ്ഞാത എസ്.എം.എസ്സുകളും ലിങ്കുകളും അവഗണിക്കണം. തട്ടിപ്പുകൾക്ക് വിധേയമാവുകയോ തട്ടിപ്പാണെന്ന് സംശയിക്കപ്പെടുകയോ ചെയ്യുന്ന സന്ദർഭങ്ങളിൽ ബാങ്കുകളെയും ബന്ധപ്പെട്ട വകുപ്പുകളെയും വിവരമറിയിക്കണം. തട്ടിപ്പ് എസ്.എം.എസ്സുകൾ 330330 എന്ന നമ്പറിലേക്ക് ഫോർവേർഡ് ചെയ്യണമെന്നും ഹജ്, ഉംറ മന്ത്രാലയം വിദേശ തീർഥാടകരോട് ആവശ്യപ്പെട്ടു.