Sorry, you need to enable JavaScript to visit this website.

പ്രവാസികളുടെ കഷണ്ടിയും കുടവയറും നരയും മുതലെടുത്തുള്ള തട്ടിപ്പ് ജിദ്ദയിലും അബഹയിലും

ജിദ്ദ- കഷണ്ടിക്കാരെയും കുടവയറുള്ളവരെയും മുടിനരച്ചവരെയും സൗഹൃദം നടിച്ചു പണം തട്ടുന്ന സംഘം സൗദിയില്‍ എല്ലാ ഭാഗങ്ങളിലുമുണ്ടെന്ന് റിപ്പോര്‍ട്ട്. ജിദ്ദയിലും അബഹയിലും ജിസാനിലും തട്ടിപ്പിനിരയായവരുണ്ടെന്ന് അനുഭവസ്ഥര്‍ മലയാളം ന്യൂസിനെ ഇറിയിച്ചു. റിയാദ് ബത്ഹയിലെ തട്ടിപ്പിനെ കുറിച്ചുള്ള വാര്‍ത്ത പ്രസിദ്ധീകരിച്ചതിനെ തുടര്‍ന്നാണ് കൂടുതല്‍ പേര്‍ മുന്നോട്ടുവരുന്നത്. പേരുവിവരങ്ങള്‍ പുറത്തുവിടരുതെന്ന നിബന്ധനയോടെയാണ് ആളുകള്‍ തട്ടിപ്പുവിവരങ്ങള്‍ പങ്കുവെക്കുന്നത്.
ജിദ്ദയില്‍ ഷറഫിയയില്‍ നില്‍ക്കുമ്പോള്‍ ഹിന്ദിക്കാരന്‍ വന്ന് മുടിയുടെ നര ഒരു മാസം കൊണ്ട് മാറ്റിത്തരാമെന്നാണ് വാഗ്ദാനം ചെയ്തതെന്ന ഇരകളിലൊരാള്‍ പറഞ്ഞു. പിന്നീട് വാത്തിക്കാ എണ്ണയിലേക്ക് മൂന്ന് വിധം പൊടികള്‍ ഇട്ട ശേഷം 250 റിയാല്‍ ആവശ്യപ്പെടുകയായിരുന്നു. അത്രയും തരില്ലെന്ന് വാശി പിടിച്ചതോടെ 136 റിയാലില്‍ തീരുമാനമായി. എണ്ണ മുറിയില്‍ കൊണ്ടുവന്ന് രണ്ടു തവണ ഉപയോഗിച്ചപ്പോള്‍ ഉറക്കം തൂങ്ങിയായി മാറിയെന്നും പിന്നീട് ഉപയോഗിച്ചില്ലെന്നും അദ്ദേഹം പറയുന്നു. ഇപ്പോള്‍ മുറിയില്‍ എണ്ണക്കുപ്പി തന്നെ നോക്കി ചിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഷണ്ടിക്കാരെയും കുടവയറുള്ളവരെയും മുടിനരച്ചവരെയും സൗഹൃദം നടിച്ചു പണം തട്ടുന്ന വലിയൊരു തട്ടിപ്പ് സംഘമുണ്ടെന്നാണ് സംഭവങ്ങളില്‍നിന്ന് വ്യക്തമാകുന്നത്. അബഹയിൽ ഇത്തരം തട്ടിപ്പുകള്‍ അരങ്ങേറിയതായി സാമൂഹിക പ്രവര്‍ത്തകന്‍ റസാഖ് കിണാശ്ശേരി പറയുന്നു.  
സൗഹൃദം നടിച്ച് ആളുകളുടെ പ്രീതി പിടിച്ചുപറ്റിയ ശേഷമാണ് കുടവയര്‍,നര,മുടി കൊഴിച്ചില്‍,അമിത വണ്ണം തുടങ്ങിയവ മാറ്റാമെന്നു പറഞ്ഞ് മോഹിപ്പിക്കുന്നത്. കണ്ണിനു പ്രശ്‌നമുള്ളവര്‍ക്കും വാഗ്ദാനം നല്‍കുന്നുണ്ട്.  തനിക്കും ഇതുപോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്നും താന്‍ ഉപയോഗിച്ച മരുന്ന് വേണമെങ്കില്‍ ഉപയോഗിച്ച് നോക്കിക്കോളൂ എന്നാണ് പറയുക. ഉത്തരേന്ത്യക്കാര്‍ക്കു പുറമെ, പാക്കിസ്ഥാനികളും ഈ തട്ടിപ്പ് പയറ്റുന്നുണ്ടെന്നാണ് മനസ്സിലാകുന്നത്. മരുന്നിന്റേയും എണ്ണയുടേയും പേരില്‍ തട്ടിപ്പ് നടത്തുന്നവര്‍ കൂടുതല്‍ വിശ്വാസം നേടാന്‍ കുടുംബത്തേയും ഒപ്പം കൂട്ടാറുണ്ടെന്ന് അനുഭവസ്ഥര്‍ പറയുന്നു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News