പല സിനിമകളും കാണുമ്പോള്‍, ഈ റോള്‍ മറ്റൊരു നടന്‍ അല്ലെങ്കില്‍ നടി ചെയ്തിരുന്നെങ്കില്‍ എന്ന് നാം ചിന്തിക്കാറില്ലേ..ചില റോളുകളില്‍ നമുക്ക് മറ്റൊരാളെ സങ്കല്‍പിക്കാനേ പറ്റില്ല. മറ്റാര് ചെയ്താലും ആ റോള്‍ ഭംഗിയാവില്ല എന്ന് തോന്നും വിധം പെര്‍ഫെക്ട് ആയിരിക്കും ആ നടന്റെ അല്ലെങ്കില്‍ നടിയുടെ അഭിനയം.
സംവിധായകനായി തിളങ്ങിയ ശേഷം നടനായി മാറിയ ജോണി ആന്റണിയോട് അടുത്തിടെ ഒരു അഭിമുഖത്തില്‍ അവതാരകന്‍ ഒരു ചോദ്യം ചോദിച്ചു. സി.ഐ.ഡി മൂസയില്‍ ഒരു വേഷം അഭിനയിക്കാന്‍ സാധിച്ചിരുന്നെങ്കില്‍ ഏത് റോള്‍ തെരഞ്ഞെടുക്കുമായിരുന്നു എന്നാണ് ചോദ്യം. ജോണി ആന്റണി തന്നെ സംവിധാനം ചെയ്ത് 2003 ല്‍ പുറത്തിറങ്ങിയ സി.ഐ.ഡി മൂസ ആളുകളെ കുടുകുടെ ചിരിപ്പിച്ച സിനിമയായിരുന്നു.
ദിലീപ് , ഹരീശ്രീ അശോകന്‍, കൊച്ചിന്‍ ഹനീഫ, ജഗതി, ഒടുവില്‍ ഉണ്ണികൃഷ്ണന്‍, സലിം കുമാര്‍, ഭാവന, സുകുമാരി,ക്യാപ്റ്റന്‍ രാജു തുടങ്ങിയ താരനിര അണിനിരന്ന സി.ഐ.ഡി മൂസ ഗംഭീര വിജയമാണ് നേടിയത്. ഇന്നും ടെലിവിഷന്‍ ചാനലില്‍ സി.ഐ.ഡി മൂസ പ്രദര്‍ശിപ്പിക്കുമ്പോള്‍ ആസ്വദിക്കുന്നവരാണ് ഭൂരിഭാഗം പേരും.
'ആ സിനിമയിലെ കഥാപാത്രങ്ങള്‍ക്ക് സബ്സ്റ്റ്യൂട്ടുകളില്ല. മരണശേഷം മറഡോണയുടെ ജേഴ്‌സി നിലനിര്‍ത്തുന്നത് പോലെയാണത്. ആ കഥാപാത്രങ്ങളെയും അത് ചെയ്തവരെയും അങ്ങനെ തന്നെ നിലനിര്‍ത്തുന്നതാണ് നല്ലത്' എന്നായിരുന്നു ജോണി ആന്റണിയുടെ മറുപടി.
ദിലീപ് അവതരിപ്പിച്ച മൂലംകുഴിയില്‍ സഹദേവന്‍ എന്ന സി.ഐ.ഡി മൂസയും അയാളുടെ ബുദ്ധിമാനായ വളര്‍ത്തുനായ അര്‍ജുനും, ജഗതിയുടെ എസ്.ഐ പിതാംബരനും, ഹരിശ്രീ അശോകന്റെ കള്ളന്‍ കൊച്ചുണ്ണിയുമൊക്കെ മലയാളികള്‍ ഒരിക്കലും മറക്കാത്ത, ഓര്‍ക്കുമ്പോഴൊക്കെ ചിരിക്കുന്ന പ്രിയപ്പെട്ട കഥാപാത്രങ്ങളാണ്.