Sorry, you need to enable JavaScript to visit this website.

സ്‌നേഹാദര സുഗന്ധിയായ സൗഹൃദ സ്മൃതിയിൽ

ഒരു പാശ്ചാത്യ ആരോഗ്യ പ്രവർത്തക എഴുതിയ  വേറിട്ട  ഒരു കുറിപ്പ് അടുത്തിടെ വായിച്ചതോർക്കുന്നു.  തിരക്കേറിയ ഒരു പ്രഭാതത്തിൽ , ഏകദേശം എൺപതിനടുത്ത്  പ്രായമുള്ള ഒരാൾ   തന്റെ തള്ളവിരലിലെ മുറിവിൽ നിന്ന് തുന്നുകൾ നീക്കം ചെയ്യാൻ ഹോസ്പിറ്റലിൽ എത്തിയതാണ്. താൻ തിരക്കിലാണെന്നും ഒരു മണിക്കൂറിനുശേഷം  തനിക്കു  മറ്റൊരു  അപ്പോയിന്റ്‌മെന്റ് ഉണ്ടെന്നും അദ്ദേഹം നേഴ്‌സിനെ അറിയിച്ചു. അയാളുടെ മുറിവ് പരിശോധിച്ച നേഴ്‌സ് ഇത്തിരി സമയമെടുക്കുമെന്ന്  അദ്ദേഹത്തോട് പറഞ്ഞു. അയാൾ ഇടക്കിടെ  വാച്ചിലേക്ക് നോക്കുന്നുണ്ടായിരുന്നു.  പരിശോധനയിൽ മുറിവ്  നന്നായി സുഖപ്പെട്ടതായി കണ്ട നേഴ്‌സ്    ഡോക്ടറുമായി സംസാരിച്ചു. അയാളുടെ  തുന്നുകൾ നീക്കം ചെയ്യാനുള്ള നടപടികൾ തുടങ്ങി.
പരിചരിക്കുന്നതിനിടയിൽ നേഴ്‌സ് അയാളുമായി കുശലാന്വേഷണം നടത്തി.  ഇന്ന് രാവിലെ തന്നെ ഡോക്ടർ അപ്പോയിന്റ്‌മെന്റ് ഉണ്ടോ എന്ന്  അദ്ദേഹത്തോട് തിരക്കി. ഡോക്ടറെ കാണാനല്ല; ഭാര്യയോടൊപ്പം പ്രഭാതഭക്ഷണം കഴിക്കാൻ വൃദ്ധസദനത്തിൽ പോകാനുണ്ടെന്നായിരുന്നു  അയാളുടെ മറുപടി.  തുടർന്ന് നേഴ്‌സ്  അദ്ദേഹത്തിന്റെ ഭാര്യയുടെ  ആരോഗ്യത്തെ കുറിച്ച്  അന്വേഷിച്ചു.
അവൾ അൽഷിമേഴ്സ് രോഗത്തിന്റെ ഇരയാണെന്നും കുറച്ചുകാലമായി അവിടെയുണ്ടായിരുന്നുവെന്നും അദ്ദേഹം  പറഞ്ഞു.


നിങ്ങൾ  അൽപ്പം വൈകിയാൽ ഭാര്യ വിഷമിക്കുമോ എന്നായി നേഴ്‌സ്. താൻ ആരാണെന്ന് അവൾക്ക് ഇപ്പോൾ അറിയില്ലെന്നും അഞ്ച് വർഷമായി തന്നെ ഒട്ടും  തിരിച്ചറിയാറില്ലെന്നും അയാൾ മറുപടി പറഞ്ഞു. ആശ്ചര്യഭരിതയായ  നേഴ്‌സിന് കൗതുകം കൂടി:  'നിങ്ങൾ ആരാണെന്ന് അവർക്കറിയില്ലെങ്കിലും എല്ലാ ദിവസവും രാവിലെ നിങ്ങൾ അവിടെ പോകുമോ?' അദ്ദേഹം ചിരിച്ചുകൊണ്ട്  നേഴ്‌സിന്റെ കൈയിൽ തട്ടി പറഞ്ഞത്രേ: 'അവൾക്ക് എന്നെ അറിയില്ല, പക്ഷേ അവൾ ആരാണെന്ന് എനിക്കറിയാമല്ലോ?'
ആരുടെയും ഹൃദയത്തെ ഒരു വേള  ഉലയ്ക്കുന്നതാണല്ലോ ആ വാക്കുകൾ!
ഈ കുറിപ്പ് ഓർമ്മയിലെത്താനുള്ള കാരണം, വാട്‌സപ്പിൽ അടുത്തിടെ അയച്ച്  കിട്ടിയ ഒരു പത്ര കട്ടിംഗാണ്. വേർപാടിന്റെ ഒന്നാം വർഷം എന്ന തലക്കെട്ടിന് താഴെ  കൊടുത്ത  ഫോട്ടോയിൽ എന്റെ സുഹൃത്തിന്റെ പുഞ്ചിരി തൂകുന്ന മുഖം കണ്ടതിനാലാണ്.


പി. എസ്.സി വഴി നിയമനം കിട്ടി കുമരനെല്ലൂർ ഗവ: ഹയർ സെക്കണ്ടറിയിൽ അധ്യാപകനായി പ്രവേശിച്ചതിന് ശേഷം 2005ൽ  പാലക്കാട് വെച്ച് നടന്ന ഒരു അധ്യാപക പരിശീലന ശിൽപശാലയിൽ വെച്ചാണ് അവരെ പരിചയപ്പെട്ടത്. ശിൽപശാലയുടെ ഇടവേളകളിലെ  കുശലാന്വേഷണത്തിനിടയിലാണ് അവരുടെ കുടുംബ കഥ അവർ പങ്ക് വെച്ചത്. അധ്യാപികയായിരുന്ന  അമ്മ
അൽഷിമേഴ്‌സ് രോഗം പിടിപെട്ടാണ് മരിച്ചതെന്ന് അവർ ഏറെ വ്യസനത്തോടെയാണ്  പറഞ്ഞത്. എന്റെ പിതാവും സ്മൃതി ഭ്രംശം എന്ന  പ്രസ്തുത രോഗബാധിതനായാണ്  മരണപ്പെട്ടതെന്ന കാര്യം ഞാനും പങ്കുവെച്ചു. സമാന ജീവിതാവസ്ഥയിലൂടെ കടന്ന് പോയ ഒരാളോട് തോന്നുന്ന ഒരു സവിശേഷ ചാരുതയായിരുന്നു ഞങ്ങളുടെ സൗഹൃദത്തിന് പിന്നീടങ്ങോട്ട്.


മറവിരോഗം  അഥവാ അൽഷിമേഴ്‌സ് എന്ന രോഗത്തിന്റെ കാരണങ്ങൾ കൃത്യമായി ഇപ്പോഴും കണ്ടെത്തിയിട്ടില്ല. എങ്കിലും, ജനിതകവും  പാരിസ്ഥിതികവുമായ പല ഘടകങ്ങളും ഈ രോഗത്തിലേക്ക് നയിക്കുന്നുണ്ട്.  
എല്ലാ ഡിമൻഷ്യകളിലെന്നപോലെ, അൽഷിമേഴ്‌സ് രോഗത്തിലും ഒരുപാട് ന്യൂറോണുകൾ നശിക്കുന്നു. ആരോഗ്യമുള്ള ഒരാളുടെ മസ്തിഷ്‌കത്തിൽ ഏകദേശം പതിനായിരം കോടി  ന്യൂറോണുകളും, അവ തമ്മിൽ നൂറു ലക്ഷം കോടി  കണക്ഷനുകളും ഉണ്ട്. സിനാപ്‌സുകൾ എന്നറിയപ്പെടുന്ന ഈ കണക്ഷനുകളിൽക്കൂടിയാണ് ന്യൂറോണുകൾ തമ്മിൽ സംവദിക്കുന്നത്. അൽഷിമേഴ്‌സ് ബാധിക്കുന്നവരിൽ  സിനാപ്‌സുകൾ തമ്മിലുള്ള ആശയവിനിമയം തകരാറിലാവുകയും, ക്രമേണ സിനാപ്‌സുകളും ന്യൂറോണുകളും നശിക്കുകയും ചെയ്യുന്നു. രോഗത്തിന്റെ അവസാന ഘട്ടങ്ങളിൽ, മസ്തിഷ്‌കം ചുരുങ്ങുന്നുവെന്നും ശാസ്ത്രം കണ്ടെത്തിയിട്ടുണ്ട്.
തൽഫലമായി  രോഗിയുടെ നില വഷളാവുകയും ദൈനംദിനകാര്യങ്ങൾ ചെയ്യാനുള്ള കഴിവ് നഷ്ടപ്പെടുകയും ചെയ്യുന്നു. വാക്കുകൾ കൃത്യമായി ഉപയോഗിക്കാൻ പറ്റാത്തതിനാൽ സംസാരിക്കാനുള്ള വൈഷമ്യം , എഴുതാനും വായിക്കാനുമുള്ള പ്രയാസം എന്നിവ വർധിക്കുന്നു.   വീഴ്ചയ്ക്കുള്ള സാധ്യത കൂടുതലായി കാണപ്പെടുന്ന ഈ ഘട്ടത്തിൽ അടുത്ത ബന്ധുക്കളെപ്പോലും തിരിച്ചറിയാൻ ബുദ്ധിമുട്ടുണ്ടാവും. അലഞ്ഞുതിരിഞ്ഞ് നടക്കൽ, പെട്ടെന്ന് ദേഷ്യം വരൽ എന്നിങ്ങനെയുള്ള ലക്ഷണങ്ങൾ ഇത്തരം രോഗികളിൽ  വളരെ പ്രകടമായി കാണാവുന്നതാണ്.
സാഹിത്യത്തേയും പ്രകൃതിയേയും അധ്യാപനത്തേയും ഏറെ സ്‌നേഹിച്ച സഹൃദയയായ ആ സുഹൃത്ത്  പിന്നീട് എഴുതിയ കത്തുകളിൽ അമ്മയുടെ രോഗാവസ്ഥയുടെ ആരംഭത്തെ കുറിച്ചും തുടർന്നുണ്ടായ തികച്ചും അപ്രതീക്ഷിതമായ ദയനീയ അവസ്ഥകളെ  പറ്റിയുമെല്ലാം ഹൃദയ സ്പർശിയായി പങ്ക് വെക്കാറുണ്ടായിരുന്നു.


കഥകളിയിൽ സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം നേടിയ അവർ മികച്ച ഒരു കലാ ആസ്വാദകയും വായനക്കാരിയും കൂടി ആയിരുന്നു. അമ്മയില്ലാത്ത വീട്ടിലെ അച്ഛന്റെ ഏകാന്തതയെ കുറിച്ചും ഒറ്റപ്പെടലിനെ കുറിച്ചും അവർ എഴുതിയിരുന്നു.  ഇന്റർനെറ്റ് പ്രചാരത്തിലായി കൊണ്ടിരുന്ന ആ കാലത്ത് അച്ഛന്റെ  ഒഴിവ് വേളകളിലെ വിരസതയകറ്റാൻ വീട്ടിലൊരു ഡെസ്‌ക്ടോപ്പ് സംവിധാനിച്ചതിനെ കുറിച്ചും തുടങ്ങി തന്മാത്ര എന്ന സിനിമയിലെ പ്രമേയം അവരുടെ ജീവിതവുമായി എത്രമാത്രം ബന്ധപ്പെട്ടിരിക്കുന്നുവെന്നുമെല്ലാം  അവർ വിശദമായി ഹൃദ്യമായ ഭാഷയിൽ അറിയിക്കുമായിരുന്നു.
ഇതിനിടയിൽ സൗദി കിംഗ് അബ്ദുൾ അസീസ് യൂണിവേഴ്‌സിറ്റിയിൽ അധ്യാപകനാവാൻ  അവസരം  ലഭിച്ച എനിക്ക് അവരുമായി പതിവ് പോലെ  വിനിമയം നടത്താൻ കഴിഞ്ഞിരുന്നില്ല.
വല്ലപ്പോഴും വിശേഷ സന്ദർഭങ്ങളിൽ അയക്കുന്ന ഇ മെയിലുകളിൽ ഞങ്ങളുടെ വിനിമയം സ്വാഭാവികമായും ഒതുങ്ങി. പിന്നീട് അവധിക്ക് ഒരിക്കൽ നാട്ടിലെത്തിയപ്പോഴാണ് അവരുടെ റിസർച്ച് ഗൈഡായിരുന്ന എന്റെ  സുഹൃത്ത് ഡോ. പ്രേം കുമാറാണ്  അവർ അൽഷിമേഴ്‌സ്  രോഗം പിടിപെട്ട് സർവീസിൽനിന്നും വിടുതലെടുത്ത് കഴിയുന്ന കാര്യം എന്നോട് പങ്ക് വെച്ചത്. അവരുടെ അടുത്ത സുഹൃത്തുക്കളെ വിളിച്ച് കാര്യം തിരക്കിയപ്പോൾ  രോഗം ഏറെ മൂർഛിച്ച അവസ്ഥയിലാണെന്നും അവർ തമ്മിൽ പോലും കോണ്ടാക്ട് ഇല്ലാത്തത് ഏറെ നാളായെന്നും മനസ്സിലാക്കാൻ കഴിഞ്ഞു.


അമ്മയെ പോലെ അവരും  ആ ഭീകരരോഗത്തിന് കീഴ്പ്പടുമെന്ന് അവർ ആശങ്കപ്പെടാറുള്ളത് ഓർത്ത് പോയി.
എന്നാലും അമ്പത് വയസ്സ് പോലും തികയാത്ത ഒരു പ്രായത്തിൽ അത്തരത്തിൽ ഒരു രോഗത്തിന്റെ പിടിയിലമർന്ന് അവർ ഇത്ര വേഗത്തിൽ കുടുംബത്തേയും കൂട്ട് കാരേയും ദുഃഖത്തിലാഴ്ത്തി കടന്ന് പോവുമെന്ന് ആരും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. പതിനഞ്ച് വർഷത്തെ പ്രവാസം അവസാനിപ്പിച്ച്   നാട്ടിലെത്തി  ഞാൻ   സർക്കാർ  സർവീസിൽ പുനഃപ്രവേശിച്ചതിൽ ഒരു പക്ഷേ ഏറ്റവും കൂടുതൽ സന്തോഷിക്കുന്ന എന്റെ  സൗഹൃദങ്ങളിൽ ഒരാൾ അവരായിരിക്കുമായിരുന്നു. മികച്ച അധ്യാപികയും സഹൃദയയും സംഗീതതൽപരയുമായിരുന്ന   അവരുമായി അടുത്തിടപഴകിയവർക്കെല്ലാം  അവർ സമ്മാനിച്ചത് അത്രമേൽസ്‌നേഹാദരസുഗന്ധിയായ ഒത്തിരി നല്ല ഓർമകളായിരുന്നല്ലോ.

Latest News