ദുബായ് - റമദാനില്‍ 100 കോടി പേര്‍ക്ക് ഭക്ഷണ വിതരണം ചെയ്യുന്ന യു.എ.ഇ പദ്ധതിക്ക് ഒരു കോടി ദിര്‍ഹം സംഭാവന പ്രഖ്യാപിച്ച് ബുര്‍ജീല്‍ ഹോള്‍ഡിങ്സ് സ്ഥാപകനും ചെയര്‍മാനുമായ ഡോ. ഷംഷീര്‍ വയലില്‍. യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം നേതൃത്വം നല്‍കുന്ന 'വണ്‍ ബില്യണ്‍ മീല്‍സ് എന്‍ഡോവ്മെന്റ്' ക്യാംപെയ്‌ന് പിന്തുണയേകിയാണ് സംഭാവന.
വ്യക്തികള്‍, സാമൂഹികസാമ്പത്തിക സ്ഥാപനങ്ങള്‍, ജീവകാരുണ്യ സംഘടനകള്‍ തുടങ്ങിയവയില്‍ നിന്ന് മികച്ച പിന്തുണയാണ് ക്യാംപെയ്‌ന് ലഭിക്കുന്നത്. പദ്ധതിക്കായി അടുത്ത അഞ്ചു വര്‍ഷത്തേക്കാണ് ഡോ. ഷംഷീര്‍ ഒരു കോടി ദിര്‍ഹം ലഭ്യമാക്കുക. നേരത്തെ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലിയും ഒരു കോടി ദിര്‍ഹം സംഭാവന നല്‍കിയിരുന്നു.
ലോകത്തെ ദുര്‍ബല വിഭാഗങ്ങള്‍ക്ക് പിന്തുണയേകി യു.എ.ഇ നേതൃത്വം നല്‍കുന്ന 'വണ്‍ ബില്യന്‍ മീല്‍സ് എന്‍ഡോവ്മെന്റ്' ക്യാംപെയ്‌നെ പിന്തുണക്കുന്നതില്‍ അഭിമാനമുണ്ടെന്ന് ഡോ. ഷംഷീര്‍ പറഞ്ഞു. വണ്‍ ബില്യന്‍ മീല്‍സ് എന്‍ഡോവ്മെന്റ് ക്യാംപെയ്ന്‍ കഴിഞ്ഞ വര്‍ഷത്തെ പദ്ധതിയുടെ തുടര്‍ച്ചയാണ്. 50 രാജ്യങ്ങളിലെ ദുര്‍ബല വിഭാഗങ്ങള്‍ക്കാണ് പദ്ധതിയിലൂടെ കഴിഞ്ഞവര്‍ഷം ഭക്ഷ്യവസ്തുക്കള്‍ ലഭ്യമാക്കിയത്.