ജിദ്ദ-സൗദിയിലേക്ക് ഇന്ത്യയിൽനിന്നുള്ള ഫാമിലി വിസിറ്റ് വിസ സ്റ്റാമ്പ് ചെയ്യുന്നതിന് നിലവിലുള്ള സംവിധാനം തുടരും. ഫാമിലി വിസിറ്റ് വിസ സ്റ്റാമ്പ് ചെയ്യുന്നതിന് സ്വകാര്യ ഏജൻസിയായ വി.എഫ്.എസ്(വിസ ഫെസിലിറ്റേഷൻ സർവീസ്) വഴി സമർപ്പിക്കണമെന്ന വാർത്ത ശരിയല്ലെന്നാണ് ട്രാവൽ ഏജൻസി മേഖലയിൽ പ്രവർത്തിക്കുന്നവർ വ്യക്തമാക്കിയത്. സൗദിയിലേക്കുള്ള ഫാമിലി വിസിറ്റ് വിസ, എംപ്ലോയ്മെന്റ് വിസ എന്നിവ ഒഴികെയുള്ള വിസകളാണ് വി.എഫ്.എസ് വഴി സമർപ്പിക്കേണ്ടത്. അതേസമയം, സൗദിയിലേക്കുള്ള പേഴ്സണൽ വിസിറ്റ് വി.എഫ്.എസ് വഴിയാണ് സമർപ്പിക്കേണ്ടത്. പേഴ്സണൽ വിസിറ്റ് സൗദി പൗരൻമാർ വിദേശികൾക്ക് എടുത്തുകൊടുക്കുന്ന വിസയാണ്. ഫാമിലി വിസിറ്റ് വിസ പേഴ്സണൽ വിസിറ്റിന്റെ പരിധിയിൽ വരുന്നതല്ല. അടുത്ത മാസം നാലു മുതൽ വിസ സ്റ്റാമ്പ് ചെയ്യുന്നതിന് വി.എഫ്.എസ് വഴി സമർപ്പിക്കണമെന്ന് സൗദി കോൺസുലേറ്റും ന്യൂദൽഹിയിലെ സൗദി എംബസിയും ആവശ്യപ്പെട്ടിരുന്നു. ടൂറിസ്റ്റ് വിസ, പേഴ്സണൽ വിസിറ്റ്, റീ എൻട്രി വിസ ദീർഘിപ്പിക്കൽ എന്നിവ ഏപ്രിൽ നാലു മുതൽ വി.എഫ്.എസ് വഴി സമർപ്പിക്കണം എന്നാണ് നിർദ്ദേശം. ആദ്യഘട്ടത്തിൽ ഫാമിലി വിസിറ്റ് ഉൾപ്പെടുന്നില്ല. നിലവിലെ രീതി തന്നെ തുടരും.
കഴിഞ്ഞ കുറേ ദിവസങ്ങളായി സൗദിയിലേക്കുള്ള വിസ സ്റ്റാമ്പ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ആശങ്കകൾ നിലനിന്നിരുന്നു. സ്റ്റാമ്പ് ചെയ്യുന്നതിനായി സമർപ്പിക്കുന്ന പാസ്പോർട്ടുകളിൽ സീൽ പതിപ്പിക്കാത്തതായിരുന്നു ഈ വർഷമുണ്ടായ ആദ്യ പ്രതിസന്ധി. ഇത് നിരവധി പേരുടെ യാത്ര മുടക്കി. പിന്നീട് മുംബൈയിലെ സൗദി കോൺസുലേറ്റിൽനിന്ന് ഓരോ ദിവസവും സ്റ്റാമ്പ് ചെയ്യുന്ന പാസ്പോർട്ടുകളുടെ എണ്ണം കുറച്ചു. മാർച്ച് 20 മുതൽ ഓരോ ഏജന്റിനും ഒരു തവണ സമർപ്പിക്കാവുന്ന പാസ്പോർട്ടുകളുടെ എണ്ണം 45 ആയാണ് കുറച്ചിരുന്നത്. എന്നാൽ പിന്നീട് ഇതും ഒഴിവാക്കി നേരത്തെയുള്ള രീതി തുടർന്നു.
റമദാനും സ്കൂൾ അവധിയും ഒന്നിച്ചെത്തിയതോടെ സൗദി അറേബ്യയിലേക്ക് ഫാമിലി വിസിറ്റ് വിസ അപേക്ഷകരുടെ എണ്ണത്തിൽ വൻ വർധനവാണുള്ളത്. മുൻ വർഷങ്ങളിൽനിന്ന് വ്യത്യസ്തമായി എല്ലാവർക്കും വിസ അനുവദിക്കുന്നതും കുടുംബത്തിൽനിന്നുള്ള കൂടുതൽ പേരെ കൊണ്ടുവരാൻ കഴിയുന്നതും കാരണം വിസ അപേക്ഷകളിൽ വൻതോതിൽ വർധന രേഖപ്പെടുത്തുന്നുണ്ട്.
ആറായിരത്തിലധികം പാസ്പോർട്ടുകളാണ് ദിനംപ്രതി മുംബൈ കോൺസുലേറ്റിലെത്തുന്നത്. തൊഴിൽ വിസയും ഉംറ വിസയും ഇവയിലുൾപ്പെടുമെങ്കിലും ഫാമിലി വിസിറ്റുകളാണ് പ്രധാനമായും ഉളളത്. മാതാപിതാക്കൾ, ഭാര്യ, സഹോദരങ്ങൾ, മാതൃ പിതൃ സഹോദരങ്ങൾ അടക്കം വിവിധ വിഭാഗത്തിൽ പെടുന്ന കുടുംബാംഗങ്ങൾക്ക് വിസ ലഭിക്കുമെന്നതിനാൽ പരമാവധി പേർക്ക് ഒന്നിച്ച് വിസ അപേക്ഷ നൽകുകയാണ്.